|    Jan 22 Sun, 2017 11:16 am
FLASH NEWS

പട്യാല ഹൗസ് കോടതിയിലെ അക്രമം: വീഴ്ച പറ്റിയിട്ടില്ലെന്ന് പോലിസ്

Published : 13th April 2016 | Posted By: SMR

ന്യൂഡല്‍ഹി: പട്യാല ഹൗസ് കോടതിയില്‍ മലയാളികളടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനും നേരെ സംഘപരിവാര അഭിഭാഷകരും അക്രമികളും അഴിച്ചുവിട്ട ആക്രമണത്തില്‍ തങ്ങള്‍ക്കു വീഴ്ച പറ്റിയിട്ടില്ലെന്ന വിധത്തില്‍ ഡല്‍ഹി പോലിസിന്റെ റിപോര്‍ട്ട്. ഇതു സംബന്ധമായി നോട്ടീസ് പുറപ്പെടുവിച്ച കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് (എന്‍എച്ച്ആര്‍സി) ഡല്‍ഹി പോലിസ് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് പോലിസിനു വീഴ്ചപറ്റിയിട്ടില്ലെന്ന തരത്തില്‍ പോലിസ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
കനയ്യകുമാറിനെ ഹാജരാക്കുമ്പോള്‍ പട്യാല ഹൗസ് കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ല. അവര്‍ അവരുടെ ജോലി വളരെ ഭംഗിയായും തൊഴില്‍പരമായ ഔന്നത്യത്തോടെയും നിര്‍വഹിച്ചെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് അഭിഭാഷകരെ അറസ്റ്റ് ചെയ്തു. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.
എന്നാല്‍, പോലിസിനെ കുറ്റവിമുക്തമാക്കുന്ന വിധത്തിലുള്ള ഡല്‍ഹി പോലിസിന്റെ റിപോര്‍ട്ട് ഇതുമായി ബന്ധപ്പെട്ട കേസ് കഴിഞ്ഞ ദിവസം പരിഗണിച്ച സുപ്രിം കോടതി മുഖവിലയ്‌ക്കെടുത്തിട്ടില്ല. പകരം ഫെബ്രുവരി 17ന് കോടതി പരിസരത്തുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കാനായി പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) നിയമിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചു.
ഒരാളും കനയ്യകുമാറിനെ മര്‍ദ്ദിച്ചില്ലെന്ന ഡല്‍ഹി പോലിസിന്റെ അഭിഭാഷകന്‍ അജിത്കുമാര്‍ സിന്‍ഹയുടെ വാദം ജസ്റ്റിസുമാരായ ജെ ചെലമേശ്വറും എ എം സപ്രയും അടങ്ങുന്ന സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് തള്ളി. ഇതാണോ ഡല്‍ഹി പോലിസിന്റെ കാര്യക്ഷമതയെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ചോദിച്ചു. നിങ്ങള്‍ ആക്രമണത്തെ ന്യായീകരിക്കുകയും മര്‍ദ്ദകരെ ഭയക്കുകയുമാണെന്ന് ജ. ചെലമേശ്വര്‍ പറഞ്ഞു. എന്നാല്‍, അഭിഭാഷകരും അവരുടെ വേഷമണിഞ്ഞ ഗുണ്ടകളും ആക്രമണം അഴിച്ചുവിട്ടപ്പോള്‍ പോലിസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നുവെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ആക്രമണത്തിനു നേതൃത്വം കൊടുത്ത വിക്രംസിങ് ചൗഹാന്‍, യശ്പാല്‍സിങ്, ഒ പി ശ ര്‍മ എന്നീ മൂന്ന് അഭിഭാഷകര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിമുറിക്കുള്ളില്‍ വച്ചും കനയ്യയെ മര്‍ദ്ദിച്ചതായി ഹൈക്കോടതി രജിസ്ട്രാറുടെ റിപോര്‍ട്ടിലുണ്ട്. ഇതുസംബന്ധിച്ച് അന്വേഷിച്ച സുപ്രിംകോടതി നിയമിച്ച ആറംഗ അഭിഭാഷക കമ്മീഷനും ഡല്‍ഹി പോലിസിന്റെ നിഷ്‌ക്രിയത്വത്തെക്കുറിച്ചു പറയുന്നുണ്ടെന്നും ചില അഭിഭാഷകര്‍ നിയമലംഘനം നടത്തിയതായി അവരുടെ റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.
സംഭവം സുതാര്യമായും സ്വതന്ത്രമായും അന്വേഷിക്കുന്നതിന് എസ്‌ഐടി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെയാണ് എസ്‌ഐടി രൂപീകരിക്കണമെന്ന ആവശ്യം ന്യായമാണെന്ന് സുപ്രിംകോടതി വിലയിരുത്തിയത്. ഫെബ്രുവരിയില്‍ കനയ്യയെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുന്നതിനിടെ ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞയുടന്‍ സുപ്രിംകോടതി മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോടതി അയച്ചിരുന്നു.
എന്നാല്‍, കോടതി അയച്ച ഈ സംഘത്തിനു നേരെയും അഭിഭാഷകര്‍ ആക്രമണശ്രമം നടത്തുകയും അവരെ കൂവിവിളിക്കുകയും ചെയ്തു. തുടര്‍ന്ന് ഭയവും ഭീതിയും നിറഞ്ഞ അന്തരീക്ഷമാണു കോടതിയിലുള്ളതെന്ന് കമ്മീഷന്‍ സുപ്രിംകോടതിയോടു പറഞ്ഞു. ആക്രമണങ്ങള്‍ തടയാന്‍ പോലിസ് ഇടപെട്ടില്ലെന്നും തങ്ങള്‍ക്കെതിരേ നിന്ദ്യമായ പദങ്ങളുപയോഗിച്ചതായും കമ്മീഷന്‍ കുറ്റപ്പെടുത്തിയിരുന്നു. റിപോര്‍ട്ടിന്റെ കൂടെ കമ്മീഷന്‍ കോടതി സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടങ്ങുന്ന പെന്‍ഡ്രൈവും സംഘം സമര്‍പ്പിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക