|    May 23 Tue, 2017 10:53 am
FLASH NEWS

പട്ടേല്‍ സമിതിയില്‍ പൊട്ടിത്തെറി: ഹര്‍ദിക് പട്ടേലിനെതിരേ ഗുരുതര ആരോപണങ്ങളുമായി സഹായികള്‍

Published : 25th August 2016 | Posted By: SMR

അഹ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരത്തിനകത്തെ ഭിന്നിപ്പ് മറനീക്കി പുറത്ത്. പാട്ടീദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി (പിഎഎഎസ്) കണ്‍വീനറായ ഹര്‍ദിക് പട്ടേലിനെതിരേ ഗുരുതര ആരോപണങ്ങളാണ് അടുത്ത സഹായികള്‍ ഉന്നയിച്ചിരിക്കുന്നത്. പട്ടേല്‍ സമരനായകന്‍ ഹര്‍ദിക് പട്ടേല്‍ സമുദായ സമ്പത്ത് വ്യക്തിതാല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും പിഎഎഎസിലെ സഹപ്രവര്‍ത്തകരേക്കാള്‍
അകന്ന ബന്ധുവിന്റെ വാക്കുകളാണ് ഹര്‍ദിക് സ്വീകരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഹര്‍ദിക്കിനൊപ്പം ജയില്‍ശിക്ഷ അനുഭവിച്ച ചിറാഗ് പട്ടേല്‍, കേതന്‍ പട്ടേല്‍ എന്നിവരാണ് ആരോപണത്തിനു പിന്നില്‍. പട്ടേല്‍ സമുദായത്തിന്റെ പിന്നാക്ക സമുദായ പദവി എന്ന സ്വപ്‌നം താങ്കള്‍ പൂര്‍ണമായി തകര്‍ത്തെന്ന് ഉദയ്പൂരില്‍ കഴിയുന്ന ഹര്‍ദികിന് എഴുതിയ കത്തില്‍ ഇരുവരും ആരോപിക്കുന്നു. പിഎഎഎസിന്റെ ആഹ്വാനപ്രകാരം സമുദായം തുറന്ന പിന്തുണയാണു നല്‍കിയത്. എന്നാല്‍, നിങ്ങളുടെ വ്യക്തിതാല്‍പര്യങ്ങളും സ്വാര്‍ഥതയുംമൂലം സമുദായത്തിനു തിരിച്ചടിയാണു നേരിട്ടത്. സമുദായത്തെ ദുരുപയോഗം ചെയ്തു സമ്പത്ത് വാരിക്കൂട്ടുകയായിരുന്നു നിങ്ങളുടെ ഉദ്ദേശ്യമെന്നും കത്തില്‍ ആരോപിക്കുന്നു. ഒമ്പതു മാസത്തെ ജയില്‍ ശിക്ഷ ഉയര്‍ത്തിക്കാട്ടി സമുദായത്തിന്റെ അനുകമ്പ പിടിച്ചുപറ്റാനുള്ള ശ്രമം ചോദ്യംചെയ്യപ്പെടുമെന്നും തങ്ങളും രാജ്യദ്രോഹക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന കാര്യം മറക്കരുതെന്നും കത്തില്‍ ഓര്‍മിപ്പിക്കുന്നു.
ഹര്‍ദിക്കും അകന്ന ബന്ധുവായ വിപുല്‍ കാകയും സമുദായത്തിന്റെ പണം ധൂര്‍ത്തടിച്ച് ബംഗ്ലാവില്‍ ആഡംബരജീവിതമാണു നയിക്കുന്നതെന്നും ആഡംബരക്കാറില്‍ കറങ്ങി ഫണ്ടുകള്‍ ധൂര്‍ത്തടിക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.
അതേസമയം, തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നവര്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുകയാണെന്നും പ്രക്ഷോഭത്തെ ക്ഷയിപ്പിക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്നും ഹര്‍ദിക് പട്ടേല്‍ പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day