|    Nov 18 Sun, 2018 3:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പട്ടേലിന്റെ പ്രതിമ നിര്‍മാണം തികഞ്ഞ ധൂര്‍ത്ത്: എസ്ഡിപിഐ

Published : 2nd November 2018 | Posted By: kasim kzm

ബില്‍വാര: നിരക്ഷരരും പട്ടിണിക്കാരുമായ കോടിക്കണക്കിനു ജനങ്ങളുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്തു ജനങ്ങളുടെ നികുതിപ്പണമായ 3000 കോടി രൂപ ചെലവിട്ട് ഒരു പ്രതിമ നിര്‍മിച്ച നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ നടപടി തികഞ്ഞ ധൂര്‍ത്താണെന്നു സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി. രാജസ്ഥാനിലെ ബില്‍വാരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫൈസി.
തികഞ്ഞ വിഭാഗീയതയും അസഹിഷ്ണുതയും നടമാടുന്ന രാജ്യത്ത് ഐക്യത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തതു തന്നെ വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു. നിലനില്‍പ് പരുങ്ങലിലായ അവസരത്തില്‍ അതിജീവനത്തിനായാണ് തങ്ങളെ എന്നും എതിര്‍ത്തിട്ടുള്ള സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ നിര്‍മിക്കാന്‍ സംഘപരിവാരം തീരുമാനം കൈക്കൊണ്ടത്. സ്വാതന്ത്യസമരത്തില്‍ പോലും ഒരു സംഭാവനയും നല്‍കാനാവാത്തവര്‍ പട്ടേലിന്റെ പൈതൃകം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് ലജ്ജാകരമാണ്. പ്രതിമയുടെ നിര്‍മാണം പൂര്‍ണമായും ദുര്‍വ്യയമാണ്. രാജ്യത്ത് കോടിക്കണക്കിന് ജനങ്ങള്‍ പാതയോരത്താണ് അന്തിയുറങ്ങുന്നത്. വിശപ്പടക്കാന്‍ ആഹാരമോ ചികില്‍സയ്ക്ക് പണമോ ഇല്ലാത്തവര്‍. ദാരിദ്ര്യം കാരണം സ്‌കൂളിന്റെ പടിപോലും കാണാനാവാത്ത കുട്ടികള്‍. ഇത്തരമൊരു സാഹചര്യത്തിലാണ് 3000 ഏക്കര്‍ സ്ഥലം ഗോത്രവര്‍ഗക്കാരില്‍ നിന്നു തട്ടിയെടുത്ത് കുത്തകകള്‍ക്ക് പ്രതിമ നിര്‍മിക്കാന്‍ നല്‍കിയത്.
രാജ്യത്ത് വിദ്വേഷവും അനൈക്യവും അസഹിഷ്ണുതയും വര്‍ധിക്കുകയാണ്. മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ജനങ്ങള്‍ ധ്രുവീകരിക്കപ്പെടുകയാണ്. നമ്മുടെ പൂര്‍വികരില്‍ തികഞ്ഞ ഐക്യമുണ്ടായിരുന്നു. ഇത്തരത്തില്‍ ഐക്യത്തിനായി പരിശ്രമിക്കുന്നവരെ ഇന്ന് എല്ലാ മേഖലയിലും ചവിട്ടിത്താഴ്ത്തുകയും അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുകയുമാണ്. ഈ പ്രതിമയിലെവിടെയാണ് ഐക്യമെന്നും ഫൈസി ചോദിച്ചു.
3000 കോടി രൂപ ആരോഗ്യമേഖല, വിദ്യാഭ്യാസം, ദാരിദ്ര നിര്‍മാര്‍ജനം, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ തുടങ്ങിയ മേഖലകളില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഫലം മികച്ചതാവുമായിരുന്നു. ആയിരക്കണക്കിന് കര്‍ഷകരുടെയും പട്ടാളക്കാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാമായിരുന്നു. ഇതാണ് പട്ടേലിന് നല്‍കാമായിരുന്ന ഏറ്റവും വലിയ ആദരം. പ്രളയം മൂലം കനത്ത നഷ്ടം സംഭവിച്ച കേരളത്തിന് കേവലം 600 കോടി രൂപ മാത്രം നല്‍കിയ മോദി സര്‍ക്കാരാണു പ്രതിമയ്ക്കായി 3000 കോടി രൂപ ചെലവിട്ടത്. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് ഇതിനുള്ള കാരണമെന്നും ഫൈസി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss