|    Oct 16 Tue, 2018 8:56 am
FLASH NEWS

പട്ടുപുടവയും താലിയും നടയ്ക്കുവയ്ക്കാന്‍ തിരുവൈരാണിക്കുളത്ത് ഭക്തജന തിരക്ക്

Published : 19th January 2017 | Posted By: fsq

 

കാലടി: കണ്ണുകളില്‍ പ്രാര്‍ത്ഥനയുടെ ഈര്‍പവും കൈകളില്‍ ആത്മസമര്‍പണത്തിന്റെ പട്ടുപുടവയും താലിയുമായി തിരുവൈരാണിക്കുളത്ത് മംഗല്യസാഫല്യം തേടി ഇതിനകം എത്തിയതു ഭക്തലക്ഷങ്ങള്‍. മംഗല്യവരദായനിയായ ശ്രീപാര്‍വതി ദേവിയുടെ നടതുറന്നാല്‍ ദര്‍ശനത്തിന് എത്തുന്നതില്‍ ഏറെയും മംഗല്യസൗഭാഗ്യവും നെടുമംഗല്യവും ഇഷ്ടസന്താനലബ്ധിയും തേടുന്ന സ്ത്രീ ജനങ്ങളാണ്. മക്കളുടെ മനസ്സിലെ ദു:ഖങ്ങളും കാമനകളും അറിയുന്ന അമ്മയാണ് അവര്‍ക്കു ദേവി. സതീ വിയോഗത്തോടെ വൈരാഗിയായി തീര്‍ന്ന പരമേശ്വരനെ അചഞ്ചലമായ ഉപാസനകൊണ്ടു പതിയായി നേടിയെടുത്ത പാര്‍വതിദേവിയാണ് ഇവിടത്തെ പ്രതിഷ്ഠാ സങ്കല്‍പം. പതീസമേതം ദീര്‍ഘസുമംഗലിയായി വാണരുളുന്ന പാ ര്‍വതിദേവി പ്രസാദിച്ചാല്‍ മനം പോലെ മംഗല്യം ലഭിക്കുമെന്ന വിശ്വാസം ഭക്തരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുകയാണ്. വിവാഹത്തിന്റെ പ്രതീകങ്ങളായ പട്ടുപുടവയും താലിയും വാല്‍ക്കണ്ണാടിയുമെല്ലാം ദേവിയുടെ തിരുനടയില്‍ സമര്‍പിച്ച്, തങ്ങളുടെ മംഗല്യ കാമനകള്‍ക്ക് സായൂജ്യം തേടുകയാണ് ഭക്തജനങ്ങള്‍. അഷ്ടമംഗല്യങ്ങളില്‍പെട്ട പുടവയും വാല്‍ക്കണ്ണാടിയും മംഗളകരമായ എല്ലാ കര്‍മങ്ങള്‍ക്കും ഒഴിച്ചുകൂടാത്തതാണ്. ദേവഗണങ്ങള്‍ക്കു പ്രിയമായ ഇവ സമര്‍പിക്കുന്നതിലൂടെ അഷ്‌ടൈശ്വര്യങ്ങളും പ്രാപ്തമാവുമെന്നും വിശ്വസിക്കപ്പെടുന്നു. പുടവയും താലിയും സമര്‍പിച്ചതിനുശേഷം വിവാഹം നടന്നവര്‍ തുടര്‍ന്ന് ദീര്‍ഘമംഗല്യത്തിനും ദാമ്പത്യസൗഖ്യത്തിനുമായി ഇണപ്പുടവ സമര്‍പിക്കുന്നതിനു കുടുംബസമേതം ക്ഷേത്രത്തില്‍ എത്തുന്നുണ്ട്. ഇതോടൊപ്പം ഇഷ്ട സന്താനലബ്ധിക്കായി പിള്ളതൊട്ടില്‍ കാണിക്ക വയ്ക്കുന്നവരും ശാരീരിക ക്ലേശങ്ങളകറ്റാന്‍ രൂപങ്ങള്‍ അര്‍പിക്കുന്നവരും അനവധിയാണ്. മനസിനിണങ്ങിയ ജീവിത പങ്കാളിയെ തേടുന്ന യുവതികള്‍, മക്കളുടെ മംഗല്യസൗഭാഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനെത്തിയ മാതാപിതാക്കള്‍, ബന്ധുമിത്രാദികള്‍ക്കുവേണ്ടി വഴിപാടു നേരാനെത്തിയവര്‍ തുടങ്ങി തിരുനടയില്‍ എത്തിയ എല്ലാ കൈകളിലും മനസിലും ദേവിക്കു സമര്‍പിക്കാന്‍ കാണിക്കകളും പ്രാര്‍ത്ഥനകളും ഏറെയുണ്ട്. വരിയില്‍ തന്നെ പട്ടുപുടവയും താലിയും വാല്‍ക്കണ്ണാടി, തൊട്ടില്‍ തുടങ്ങിയ കാണിക്ക വിഭവങ്ങളും വാങ്ങാനുള്ള സൗകര്യം ക്ഷേത്രട്രസ്റ്റ് ഏര്‍പെടുത്തിയിട്ടുണ്ട്. ദേവിക്കു സമര്‍പിച്ച പട്ടുപുടവ പിന്നീടു ലേലത്തി ല്‍ നല്‍കുകയാണു പതിവ്. വിശിഷ്ടമെന്നു വിശ്വസിക്കപ്പെടുന്ന പട്ടുപുടവകള്‍ ലേലത്തില്‍ വാങ്ങാനും വന്‍തിരക്കാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss