|    Feb 26 Sun, 2017 2:02 pm
FLASH NEWS

പട്ടിത്തറയില്‍ വേനലിന് മുമ്പ് കുടിവെള്ളത്തിന് നെട്ടോട്ടം

Published : 24th October 2016 | Posted By: SMR

ആനക്കര: പട്ടിത്തറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. വേനല്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ പട്ടിത്തറ പഞ്ചായത്തിലെ കക്കാട്ടിരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍  കുടിവെള്ളം കിട്ടാക്കനിയാവുന്നു .ഹെല്‍ത്ത് സെന്റര്‍ മുതല്‍ സ്‌കൂള്‍ വരെയും ദുബായ് റോഡിലും ഉള്ള പ്രദേശങ്ങളിലുമാണ് ജലക്ഷാമം നേരിടുന്നത്. പൈപ്പ് ലൈന്‍ വഴിയുള്ള ജല വിതരണം ആഴ്ചയില്‍ ഒരിക്കലോ മറ്റോ ആണ് നടക്കുന്നത്. പലഭാഗങ്ങളിലും  പൈപ്പ് പൊട്ടി വെള്ളം പാഴായി പോവുകയാണ്. ഈ പ്രദേശത്തുള്ള വീടുകളിലെ കിണറുകളും കുഴല്‍ കിണറുകളും എല്ലാം വെള്ളം വറ്റിയ നിലയിലായി. കക്കാട്ടിരി മദ്‌റസ മുതല്‍ സ്‌കൂള്‍ വരെയുള്ള 50ലധികം വീടുകള്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നു. ഇതിനെ തരണം ചെയ്യാന്‍ അധികാരികള്‍ നടപടികള്‍ കൈകൊള്ളുന്നില്ല. നിലവില്‍ ഈ ഭാഗങ്ങളില്‍ കോളനികളിലേക്ക് വേണ്ടി രണ്ടു ചെറുകിട കുടിവെള്ള പദ്ധതിക ള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മദ്‌റസക്ക് സമീപത്തു പുതിയ കുഴല്‍ കിണര്‍ സ്ഥാപിച്ചു കഴിഞ്ഞു. ഈ മൂന്നു കുടിവെള്ള പദ്ധതികളില്‍ നിന്നുമായി ഇതിന്റെ പരിസരത്തു താമസിക്കുന്നവര്‍ക്ക് കുടി വെള്ളം ലഭ്യമാക്കുന്ന തരത്തില്‍  കണക്ഷന്‍ നല്‍കാന്‍ തയ്യാറായാല്‍ ഈ  പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലെയും ജല ക്ഷാമത്തിന് പൂര്‍ണമായും പരിഹാരം കാണാന്‍ കഴിയും. നിലവിലെ കുഴല്‍ കിണറുകളില്‍ യഥേഷ്ടം വെള്ളം ഉള്ളതിനാല്‍ ഒരു പ്രയാസവും കൂടാതെ കുടിവെള്ള ക്ഷാമം പരിഹരിക്കാവുന്നതാണ്. കക്കാട്ടിരി സെന്ററില്‍ ഉള്ള കൊലോര്‍ക്കുന്നു പദ്ധതിയില്‍ നിന്ന് ദുബായ് റോഡിലേക്കും വേണാട്ടുകുന്നു പദ്ധതിയില്‍ നിന്നും അതിന്റെ പരിസരത്തുള്ള വീടുകളിലേക്കും കോളനി പടിയിലും പുതുതായി മദ്‌റസയ്ക്ക് മുന്നില്‍ സ്ഥാപിക്കുന്ന കുടിവെള്ള പദ്ധതിയില്‍ നിന്നും സ്‌കൂള്‍ വരെയുള്ള ഭാഗങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്കും വെള്ളം വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കുകയാണെങ്കില്‍ ഈ പ്രദേശത്തെ ആളുകള്‍ക്ക് അത് വലിയ ആശ്വാസമായി തീരും. ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തയ്യാറാവണം  നിലവിലെ  കുടിവെള്ള പദ്ധതികളില്‍ നിന്നുള്ള ജല വിതരണവും കാര്യക്ഷമമല്ല എന്നാണു പ്രദേശ വാസികളുടെ പരാതി. ഓപറേറ്റര്‍മാരുടെ ഇഷ്ടത്തിനനുസരിച്ചാണ് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നത്  ഇത് മൂലം വീട്ടമ്മമാര്‍ക്ക് വെള്ളം ശേഖരിക്കാന്‍ കഴിയാറില്ലെന്നും ഇവരുടെ ഔദാര്യത്തിനു കാത്ത് നില്‍ക്കേണ്ട ഗതികേടാണെന്നും ഇവര്‍ പറയുന്നു.  പമ്പ് ഓപറേറ്റര്‍മാര്‍ക്ക് അത് പ്രവര്‍ത്തിക്കുന്നതിന് കൃത്യമായ ശമ്പളം അനുവദിക്കുന്നുണ്ട്. ജല വിതരണം കാര്യക്ഷമമാക്കാനും ജലലഭ്യത ഉറപ്പു വരുത്താനും അതാതു വാര്‍ഡിലെ മെംബര്‍മാര്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം വരുന്ന  ഗ്രാമ സഭകളില്‍ ശക്തമായി പ്രതിഷേധിക്കുമെന്നു നാട്ടുകാര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day