|    Nov 19 Mon, 2018 12:51 pm
FLASH NEWS
Home   >  Kerala   >  

പട്ടിക ഗോത്രവിഭാഗത്തില്‍പ്പെട്ട 74 പേര്‍ക്ക് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി

Published : 3rd July 2018 | Posted By: sruthi srt

തിരുവനന്തപുരം:പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 74 പേര്‍ക്ക് സേനയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ നിയമന ഉത്തരവ് ലഭിച്ചു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമന ഉത്തരവ് കൈമാറി. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖാന്തിരം വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വനത്തിനകത്തും വനാതിര്‍ത്തിയിലുമുള്ള പട്ടികവര്‍ഗ്ഗ ഗോത്ര വിഭാഗങ്ങളിലെ  74 പേരെയാണ് ആദ്യഘട്ടത്തില്‍  സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേയ്ക്ക് തിരഞ്ഞെടുത്തത്.  അട്ടപ്പാടി കടുകുമണ്ണ ഊരില്‍ മര്‍ദനമേറ്റ് മരണമടഞ്ഞ ആദിവാസി യുവാവ് മധുവിന്റെ സഹോദരി ഉള്‍പ്പെടെ 22 വനിതകള്‍ക്കും 52  പുരുഷന്‍മാര്‍ക്കുമാണ് ഈ നിയമനത്തിലൂടെ ഇപ്രകാരം ചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത്. വയനാട് ജില്ല മുഴുവനായും പാലക്കാട് ജില്ലയിലെ അട്ടപ്പാടി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, അരീക്കോട് ബ്ലോക്കുകളെയുമാണ് സ്‌പെഷ്യല്‍ ഡ്രൈവില്‍  ഉള്‍പ്പെടുത്തിയത്.

നാടിന്റെയും പോലീസിന്റെയും ചരിത്രത്തില്‍ ഇതൊരു സവിശേഷമുഹൂര്‍ത്തമാണെന്ന് ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ദുര്‍ബലരോടൊപ്പമാണ് എന്നതിന്റെ മകുടോദാഹരണമാണ് ഈ നടപടി. സമഗ്രവികസനം, സാമൂഹികനീതി എന്നതാണ് ഈ സര്‍ക്കാര്‍ പിന്തുടരുന്ന അടിസ്ഥാന മുദ്രാവാക്യം. സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചയും സര്‍വതോമുഖമായ വികസനവും ഉറപ്പാക്കുമ്പോള്‍ത്തന്നെ അതിന്റെ ഗുണഫലങ്ങള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പട്ടികവിഭാഗങ്ങള്‍ക്ക് വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്കുന്നതിനപ്പുറം അവര്‍ക്ക് ഭൂമി, വീട്, ഉയര്‍ന്ന വിദ്യാഭ്യാസ സൗകര്യങ്ങള്‍, തൊഴില്‍ എന്നിവ ഉറപ്പാക്കുന്നതിലൂടെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ സമീപനമെന്ന് ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തിയ പിന്നാക്ക- പട്ടികവിഭാഗ ക്ഷേമ, സാംസ്‌കാരിക, നിയമ വകുപ്പു മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.  വി എസ് ശിവകുമാര്‍ എം എല്‍ എ തിരുവപനന്തപുരം സിറ്റി മേയര്‍ അഡ്വ. വി.കെ.പ്രശാന്ത്,  സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഐജി. മനോജ് എബ്രഹാം, എ.പി.ബറ്റാലിയന്‍ ഡി.ഐ.ജി. ഷെഫീന്‍ അഹമ്മദ് പങ്കെടുത്തു. നിയമനം ലഭിച്ചവരുടെ കുടുംബാംഗങ്ങളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss