|    Apr 22 Sun, 2018 12:39 pm
FLASH NEWS

പട്ടികവര്‍ഗ സഹകരണ സംഘം: വ്യാജ പ്രചാരണത്തിലൂടെ സംഘം പിടിച്ചെടുക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന്

Published : 18th July 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ സഹകരണ സംഘത്തെ തകര്‍ക്കാനും പിടിച്ചെടുക്കാനും സിപിഎം വ്യാജ പ്രചാരണം അഴിച്ചുവിടുകയാണെന്ന് സംഘം ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മായം ചേര്‍ത്ത തേനാണ് വില്‍പന നടത്തുന്നതെന്ന് കള്ളപ്രചരണം അഴിച്ചുവിട്ട് ജനങ്ങളില്‍ തെറ്റിധാരണ പരത്തുകയാണ് ചെയ്യുന്നത്.
350 ലക്ഷം രൂപയോളം ആസ്തിയുള്ള സംഘത്തിന്റെ ഭരണം ഏതുവിധേനയും പിടിച്ചെടുക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഇതിന്റെ പത്തുശതമാനം പോലും ആസ്തിയുള്ള ഒരു പട്ടികവര്‍ഗ സഹകരണ സംഘവും കേരളത്തിലില്ല. കഴിഞ്ഞ 35 വര്‍ഷമായി കോണ്‍ഗ്രസ് ഭരണസമിതിയാണ് സംഘം ഭരിക്കുന്നത്. 1500 മെംബര്‍മാരുണ്ട്. മെംബ ര്‍മാരില്‍ നിന്നാണ് സംഘം തേ ന്‍ സംഭരിക്കുന്നത്. തേന്‍ വിലയുടെ 80 ശതമാനം തുകയും സംഭരിക്കുന്ന ആദിവാസികള്‍ക്കു തന്നെയാണ് നല്‍കുന്നത്. കഴിഞ്ഞ മാസം സംഘത്തില്‍ പരിശോധന നടത്തിയ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ വില്‍പനക്ക് വച്ച തേനല്ല പരിശോധനക്കായി കൊണ്ടുപോയത്. ഗോഡൗണി ല്‍ നിന്നാണ് തേന്‍ ശേഖരിച്ചത്.
ഗോഡൗണില്‍ 500 ലിറ്റര്‍ ബാരലുകളില്‍ നിറച്ചുവച്ചതും മെഴുക്, പൂമ്പൊടി, മറ്റു മാലിന്യങ്ങളും അടിഞ്ഞ് മുകളില്‍ പതിഞ്ഞു ഒരു ആവരണമായി പൊന്തിവന്നത് ഇളക്കി എടുത്താണ് കോഴിക്കോട് ലാബിലേക്ക് പരിശോധനയ്ക്ക് കൊണ്ടുപോയത്. അതുകൊണ്ടാണ് പരിശോധന സമയത്ത് തേനില്‍ മാലിന്യങ്ങള്‍ കാണാന്‍ കഴിഞ്ഞത്. നാലുഘട്ടമായി അരിച്ച് വൃത്തിയാക്കിയാണ് ഷോറൂമില്‍ തേന്‍ വില്‍പനക്കായി വയ്ക്കുന്നത്. വില്‍പനക്ക് വയ്ക്കുന്ന തേന്‍ പരിശോധനക്ക് എടുക്കണമായിരുന്നു. അസംസ്‌കൃത തേന്‍ സൂക്ഷിച്ചു വച്ചാല്‍ മൂന്ന് ശതമാനം മാലിന്യം അടിഞ്ഞുകൊണ്ടേയിരിക്കും എന്ന് വിദഗ്ധ എംഎഫ്പി കമ്മിറ്റി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
കളര്‍ കണ്ടു എന്ന് റിപോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിറങ്ങള്‍ വേര്‍തിരിച്ച് തരണമെന്നും അസംസ്‌കൃതമായ വന്‍തേന്‍, ചെറുതേന്‍, പുറ്റുതേന്‍ എന്നിവയുടെ ഘടകങ്ങള്‍, നിറം, രുചി, മണം എന്നിവയുടെ ചാര്‍ട്ട് അനുവദിച്ചുതരണമെന്നും ജില്ലാ ഭക്ഷ്യ സുരക്ഷ ഓഫിസറോട് വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു. ചാര്‍ട്ട് ലഭിക്കുന്നതുവരെ ചെറുതേനിന്റെ സംഭരണവും വിപണനവും സംഘം നിര്‍ത്തിവച്ചിരിക്കുകയാണ്.
സംഘം പ്രസിഡന്റ് എ കെ ഗംഗാധരന്‍, മുന്‍ പ്രസിഡന്റ് എ കരിമ്പന്‍, ഡയറക്ടര്‍മാരായ എം കൃഷ്ണന്‍, ഒ എ രാമകൃഷ്ണന്‍, രതീഷ് രാമ്പള്ളി, വി എം പുഷ്പ, കെ ജാനു, കെ മാതന്‍, ഓണററി സെക്രട്ടറി കെ എസ് നമ്പി, മുന്‍ സെക്രട്ടറി പി എം ജോര്‍ജ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss