|    Jul 19 Thu, 2018 3:29 pm
FLASH NEWS

പട്ടികവര്‍ഗ സങ്കേതങ്ങളുടെ വികസനം: കിര്‍ത്താഡ്‌സ് റിപോര്‍ട്ട് സമര്‍പ്പിച്ചു

Published : 14th September 2017 | Posted By: fsq

 

കോഴിക്കോട്: ജില്ലയിലെ തിരഞ്ഞെടുത്ത പട്ടികവര്‍ഗ സങ്കേതങ്ങളുടെ വികസനം സംബന്ധിച്ച് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ പഠന റിപോര്‍ട്ട് കിര്‍ടാഡ്‌സ് സമര്‍പ്പിച്ചു. പാത്തിപ്പാറ, ചെമ്പുകടവ്, ചിപ്പിലിത്തോട് പണിയന്‍/കാട്ടുനായ്ക്ക സങ്കേതം, മേലെ പൊന്നങ്കയം, കോട്ടകുന്ന്, മുത്തപ്പന്‍ പുഴ, കുറവുക്കണ്ടി, നൂറാംതോട്, നാക്കിലംപാട്, ഓടപ്പൊയില്‍, കോലിക്കുന്ന്, കാക്കണഞ്ചേരി എന്നിവയെക്കുറിച്ചാണ് കിര്‍ത്താഡ്‌സ് പഠനം നടത്തിയത്. ജില്ലയിലെ സങ്കേതങ്ങളില്‍ പണിയന്‍ സമുദായക്കാരാണ് ഭൂരിപക്ഷം. ചിപ്പിലിത്തോട്, മുത്തപ്പന്‍ പുഴ സങ്കേതങ്ങളില്‍ പ്രത്യേക ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്കര്‍ സമുദായക്കാരുമുണ്ട്. 12 സങ്കേതങ്ങളിലെയും വീടുകള്‍, അങ്കണവാടികള്‍, ആചാരങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍, പിന്നാക്കാവസ്ഥയുടെ സാമൂഹികവും സാംസ്‌കാരികവുമായ കാരണങ്ങള്‍, അത് തരണം ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ റിപോര്‍ട്ടിലുണ്ട്. അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് പണിയ ഭാഷയില്‍ പരിജ്ഞാനം കുറവായതു മൂലം ആശയവിനിമയത്തിലുള്ള വിടവ് കുട്ടികളെ അങ്കണവാടികളില്‍നിന്ന് അകറ്റുന്നുണ്ട്. അതിനാല്‍ പണിയ ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന വര്‍ക്കറെ നിയമിക്കുകയോ അല്ലെങ്കില്‍ വര്‍ക്കറെ സഹായിക്കാന്‍ സങ്കേതത്തിലെ വനിതയെ നിയമിക്കുകയോ ചെയ്യണമെന്ന് റിപോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. പണിയ ഭാഷയിലുള്ള കഥകളും പാട്ടുകളും പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമാവേണ്ടതുണ്ട്. വിദ്യാര്‍ഥികളില്‍ സ്‌കൂളില്‍നിന്നുള്ള കൊഴിഞ്ഞുപോക്കുണ്ട്. അരിവാള്‍ രോഗം, ക്ഷയരോഗം എന്നിവ  ചില കോളനികളില്‍ പ്രധാന ആരോഗ്യ പ്രശ്‌നമാണ്. കോളനികളിലെ മദ്യാസക്തി പ്രധാന സാമൂഹിക പ്രശ്‌നമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. പണിയന്‍ സമുദായത്തിന്റെ നഷ്ടപ്പെടുന്ന കൂട്ടായ്മയും ഒത്തൊരുമയും തിരികെ കൊണ്ടുവരേണ്ടതുണ്ട്. സങ്കേതത്തിലെ മുതിര്‍ന്നവരെ ഉള്‍പ്പെടുത്തി നാട്ടുകൂട്ടം രൂപീകരിക്കാനും നിര്‍ദേശിക്കുന്നു. എഡിഎം ടി ജനില്‍കുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം റിപ്പോര്‍ട്ട് സംബന്ധിച്ച് ചര്‍ച്ച നടത്തി. ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസര്‍ ബി രാജീവ് കുമാര്‍,  കിര്‍ടാഡ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് കുമാര്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍ ടി പി സാറാമ്മ, കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി എം സുബൈര്‍, ഡെപ്യൂട്ടി ഡിപിഒ ഡോ. സാബു വര്‍ഗീസ്, കിര്‍ടാഡ്‌സിലെ പി വിഷ്ണുപ്രിയ, വി പി രശ്മിപ്രഭ, സന്ധ്യ ശേഖര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss