|    Aug 18 Fri, 2017 6:53 am
FLASH NEWS

പട്ടികവര്‍ഗ മേഖലയില്‍ കാര്‍ഷികവികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ പദ്ധതികള്‍

Published : 6th August 2017 | Posted By: fsq

 

കാസര്‍കോട്്: ജില്ലയിലെ പട്ടികവര്‍ഗ മേഖലയില്‍ വാഴക്കൃഷി ഉപജീവനമായി സ്വീകരിച്ച കര്‍ഷകര്‍ക്ക് കൃഷി വ്യാപിപ്പിക്കുന്നതിന് പ്രോല്‍സാഹന ധനസഹായം മൂന്നു കോളനികള്‍ക്ക് അനുവദിക്കും. ബെള്ളൂര്‍-കജെ കോളനിയില്‍ ഒരു ഗുണഭോക്താവിനും ബേഡഡുക്ക-അമ്പിലാടി കോളനിയില്‍ ഒമ്പത് പേര്‍ക്കും പിലിക്കോട്-ഒറോട്ടിച്ചാല്‍ കോളനിയില്‍ രണ്ടു പേര്‍ക്കും ധനസഹായം നല്‍കും. ഒരു വാഴയ്ക്ക് 50 രൂപ പരമാവധി ധനസഹായം അനുവദിക്കുന്നതാണ് പദ്ധതി. കോടോം-ബേളൂര്‍ പഞ്ചായത്തിലെ വേങ്ങച്ചേരി കോളനിയില്‍ ചേന, ചേമ്പ്, കപ്പ, വാഴ എന്നിവ കൃഷി ചെയ്യുന്നതിന് 10,000 രൂപ നിരക്കില്‍ 16 പേര്‍ക്ക് 1,60,000 രൂപ നല്‍കും. ജില്ലയില്‍ വിവിധഭാഗങ്ങളില്‍ സമ്മിശ്രകൃഷി ചെയ്യുന്ന പട്ടികജാതി കുടുംബങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് ധനസഹായം നല്‍കും. ഒരേക്കറില്‍ കൃഷി ചെയ്ത 15 സംഘങ്ങള്‍ക്ക് 30,000 രൂപ വീതവും ഒരേക്കറില്‍ കൃഷി ചെയ്ത ഒരു സംഘത്തിന് 20,000 രൂപയും അര ഏക്കറില്‍ കൃഷി ചെയ്ത രണ്ടു വ്യക്തികള്‍ക്ക് 10,000 രൂപ വീതവും നല്‍കും. നെല്‍കൃഷി ചെയ്ത്  ഉപജീവനം നടത്തുന്ന പട്ടികവര്‍ഗ വ്യക്തികളില്‍ ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ധനസഹായം നല്‍കും. കാസര്‍കോട് ട്രൈബല്‍ ഓഫിസ് പരിധിയില്‍ 15ഉം എന്‍മകജെയില്‍ എട്ടും നീലേശ്വരത്ത് രണ്ടും കര്‍ഷകര്‍ക്കാണ് ധനസഹായം ലഭിക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക