|    Oct 17 Wed, 2018 6:36 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പട്ടികവര്‍ഗ പ്രമോട്ടര്‍മാരുടെ നിയമനം : ഹൈക്കോടതി വിധി ലംഘിക്കപ്പെട്ടതായി ആരോപണം

Published : 26th September 2017 | Posted By: fsq

 

കോട്ടയം: പട്ടികവര്‍ഗ പ്രമോട്ടര്‍ നിയമനത്തില്‍ ഹൈക്കോടതി വിധി ലംഘിക്കപ്പെട്ടതായി ആരോപണം. നിലവില്‍ പ്രമോട്ടര്‍മാരായി കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തവരെ പിരിച്ചുവിടാനുള്ള പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ നിന്നു സമ്പാദിച്ച അനുകൂല സ്‌റ്റേ മുഖവിലയ്‌ക്കെടുക്കാതെ പുതിയ നിയമനം നടത്തിയെന്ന് പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ 1,250 എസ്ടി പ്രമോട്ടേഴ്‌സ് ആന്റ് ഹെല്‍ത്ത് പ്രമോട്ടേഴ്‌സാണ് ജോലി ചെയ്യു ന്നത്. കരാര്‍ അടിസ്ഥാനത്തില്‍ 2014ല്‍ മൂന്നു വര്‍ഷത്തേക്ക് നിയമിച്ചവരുടെ കാലാവധി ഒക്ടോബറിലാണ് അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍, കാലാവധി പൂര്‍ത്തിയാവുന്നതിനു മുമ്പ് ഇന്റര്‍വ്യൂ നടത്തി പുതിയ നിയമന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയായിരുന്നു.  മുന്‍കാലങ്ങളില്‍ പരിചയസമ്പന്നരായ പ്രമോട്ടര്‍മാരെ നിലനിര്‍ത്തിക്കൊണ്ടാണ് നിയമനം നടത്തിയിരുന്നത്. അതേസമയം, പുതിയ സര്‍ക്കാര്‍ വന്ന ശേഷം രാഷ്ട്രീയ ശുപാര്‍ശ നടത്തിയവരെ മാത്രമാണ് പുതിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് പ്രമോട്ടര്‍മാര്‍ പറയുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ച് തയ്യാറാക്കിയ ലിസ്റ്റിനെതിരേ കോട്ടയം ജില്ലയിലെ 12 പ്രമോട്ടര്‍മാര്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പിരിച്ചുവിടലിന് സ്റ്റേ അനുവദിച്ചു.  വിധിയുടെ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയെങ്കിലും പുതിയ ലിസ്റ്റ് പ്രകാരമുള്ളവര്‍ക്ക് നിയമനം നല്‍കിയതായാണ് കാണാന്‍ കഴിഞ്ഞത്. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ ഇതു സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. തങ്ങള്‍ക്ക് ജോലി പുനഃസ്ഥാപിച്ചുകിട്ടുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്ന്  മേരി ജോണ്‍, കെ ബിനോ, സി കെ സിന്ധു, സിനി ചന്ദ്രബോസ് എന്നിവര്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss