|    Jan 24 Tue, 2017 10:49 am
FLASH NEWS

പട്ടികവര്‍ഗ കുടുംബങ്ങളുടെ നിലനില്‍പ് സമരം 286 ദിവസം പിന്നിട്ടു; പരിഹാരം വിദൂരത്ത്

Published : 17th October 2016 | Posted By: Abbasali tf

വൈക്കം: താലൂക്ക് ഓഫിസിനുമുന്നില്‍ 13ല്‍പരം പട്ടികവര്‍ഗ കുടുംബങ്ങള്‍ നടത്തുന്ന നിലനില്‍പുസമരം 286 ദിവസം പിന്നിടുമ്പോള്‍ പരിഹാരമാര്‍ഗങ്ങള്‍ ഇപ്പോഴും വിദൂരതയില്‍. യുഡിഎഫ് ഭരണകാലത്താണ് ഇവര്‍ സമരം ആരംഭിക്കുന്നത്. ഇക്കാലയളവില്‍ പ്രശ്‌നം പരിഹരിക്കാന്‍ സിപിഐ ഉള്‍പ്പെടെയുള്ളവര്‍ മുന്നിട്ടിറങ്ങിയെങ്കിലും യുഡിഎഫ് ഭരണം മാറി എല്‍ഡിഎഫ് അധികാരത്തില്‍ വന്നിട്ടും ഒന്നും നടക്കാത്ത അവസ്ഥയാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, ബിജെപിയുടെ ഒട്ടനവധി പ്രമുഖ നേതാക്കളുമെല്ലാം സമരപന്തലിലെത്തി ഇവരുടെ കാര്യങ്ങള്‍ ആരാഞ്ഞിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് അറിയിപ്പുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഒന്നിനും വ്യക്തതയില്ലെന്ന് സമരസമിതി ചെയര്‍മാന്‍ അറ്റുചാലില്‍ കുഞ്ഞിക്കുട്ടനും കണ്‍വീനര്‍ പി കെ വേണുവും പറയുന്നു. സിപിഎമ്മും കോണ്‍ഗ്രസ്സും വിഷയത്തില്‍ ഇടപെടാത്തതില്‍ പരിഭവത്തിലാണ് സമരക്കാ ര്‍. ഉള്ളാടന്‍, കാട്ടുനായിക്കന്‍, മലവേടന്‍ വിഭാഗങ്ങളില്‍പെട്ട 13 കുടുംബങ്ങളാണ് ഇവിടെ സമരം നടത്തുന്നത്. ഒരുതുണ്ട് ഭൂമിപോലും ഇവര്‍ക്കില്ല. താലൂക്ക് ഓഫിസിനു മുന്നില്‍ താല്‍ക്കാലിക കുടില്‍ കെട്ടിയാണ് ഇവര്‍ സമരം നടത്തുന്നത്. മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും ഒരേക്കര്‍ ഭൂമി പതിച്ചു നല്‍കുക, എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തൊഴില്‍ നല്‍കുക, വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുക, ഭൂമി കിട്ടാതിരിക്കാന്‍ കാലതാമസം വരുത്തിയ മുന്‍ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. 100ല്‍ അധികം വരുന്ന ഇവരുടെ കുടുംബാംഗങ്ങള്‍ ഓരോ ദിവസവും സമരപന്തലില്‍ അന്തിയുറങ്ങിയാണ് തങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പോരാടുന്നത്. അഷ്ടമിക്കുമുമ്പ് ഇവരുടെ പ്രശ്‌നം പരിഹരിക്കാന്‍ എംപിയും എംഎല്‍.എയുമെല്ലാം സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന്് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സി കെ ആശ എംഎല്‍എ ഇവരുടെ പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാരിനുമുന്നില്‍ ബോധിപ്പിച്ചതായാണ് അറിയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക