|    Jan 22 Sun, 2017 3:53 pm
FLASH NEWS

പട്ടികവര്‍ഗക്കാര്‍ക്ക് പുരപ്പുറ സൗരോര്‍ജപദ്ധതി; കേന്ദ്രം സൗജന്യ സഹായം നല്‍കും

Published : 22nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: വീടുകള്‍ക്കു മുകളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിന് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കേന്ദ്രം സൗജന്യ സഹായം നല്‍കുമെന്ന് വൈദ്യുതി, കല്‍ക്കരി, പുനരുപയോഗ ഊര്‍ജം, ഖനികള്‍ എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചതായി സംസ്ഥാന വൈദ്യുതി-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള കേന്ദ്രസഹായമായ പദ്ധതി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ചെലവിന്റെ 30 ശതമാനം എന്നത് 45 ശതമാനമായെങ്കിലും വര്‍ധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു. നിലവില്‍ പുരപ്പുറ സൗരോര്‍ജപദ്ധതികള്‍ക്കു നല്‍കുന്ന കേന്ദ്രസഹായം സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ളവര്‍ക്കു മാത്രമേ ഉപയോഗപ്പെടുത്താന്‍ കഴിയുന്നുള്ളൂ. കേരളത്തിലെ അര്‍ഹരായ എല്ലാവര്‍ക്കും ഈ സഹായം എത്തിക്കുന്നതിനുള്ള ബൃഹദ് പദ്ധതി സംസ്ഥാനം രൂപപ്പെടുത്തിവരുകയാണ്. ഇതിനായി അധിക സഹായം കേന്ദ്ര സബ്‌സിഡിയായോ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് വഴിയോ ലഭ്യമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.
സംസ്ഥാന വൈദ്യുതി ബോ ര്‍ഡുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് രൂപംകൊടുത്ത ഉദയ് (ഉജ്ജ്വല്‍ ഡിസ്‌കോം അഷുറന്‍സ് യോജന) പദ്ധതിയില്‍ കേരളത്തെയും പങ്കാളിയാക്കാമെന്ന് കേന്ദ്രം അറിയിച്ചു. മാടക്കത്തറ-അരീക്കോട്, കക്കയം-നല്ലളം എന്നീ പ്രസാരണലൈനുകളുടെ ശേഷി പുതുമയാര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് വര്‍ധിപ്പിക്കുന്നതിന് പിഎസ്ഡിഎഫ് വ്യവസ്ഥകളനുസരിച്ച് ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചു.
നിലവില്‍ കേന്ദ്രസര്‍ക്കാര്‍ 25 മെഗാവാട്ടില്‍ താഴെ ശേഷിയുള്ള പദ്ധതികള്‍ക്കു മാത്രമേ പുനരുപയോഗ ഊര്‍ജമെന്ന പരിഗണന നല്‍കുന്നുള്ളൂ. സാമ്പത്തികസഹായം അനുവദിക്കുന്നതിന് വൈദ്യുതി ബോര്‍ഡ് നിര്‍ബന്ധമായും വാങ്ങേണ്ട പുനരുപയോഗ ഊര്‍ജത്തിന്റെ അളവിലും 25 മെഗാവാട്ടില്‍ ഏറെ ശേഷിയുള്ള നിലയങ്ങള്‍ക്കു പരിഗണന ലഭിക്കുന്നില്ല. ജലവൈദ്യുതി ഏറ്റവും മികച്ച ഹരിത ഊര്‍ജമാണെന്ന് യുഎന്നിന്റെ കീഴിലുള്ള ഐപിസിസി (ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്) കണക്കാക്കുന്നതുകൂടി പരിഗണിച്ച് എല്ലാ ജലവൈദ്യുതപദ്ധതികള്‍ക്കും പുനരുപയോഗ ഊര്‍ജമെന്ന നിലയ്ക്കുള്ള പ്രോല്‍സാഹനം ലഭ്യമാക്കണമെന്നും കേരളം അഭ്യര്‍ഥിച്ചു.
കേരളത്തിലെ ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളിലെ ഹരിതോര്‍ജ സാധ്യതകള്‍ (കാറ്റ്, സൗരോര്‍ജം) പരമാവധി ഉപയോഗപ്പെടുത്താന്‍ പ്രസാരണശൃംഖലയുടെ അപര്യാപ്തത വലിയ തടസ്സമാണ്. ഇതു മറികടക്കാന്‍ ഏകദേശം 2,500 കോടി രൂപ വരുന്ന ഒരു ഹരിത ഇടനാഴി പദ്ധതിക്ക് കേരളം രൂപം നല്‍കിയിട്ടുണ്ട്. ഈ പദ്ധതിക്ക് പുനരുപയോഗ ഊര്‍ജമന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള ധനസഹായങ്ങള്‍ ലഭ്യമാക്കണമെന്നും അഭ്യര്‍ഥിച്ചു.
കേരളത്തിലെ താപനിലയങ്ങള്‍ പ്രകൃതിവാതകത്തിലേക്കു മാറുന്നതിനും പുതിയ വാതകനിലയങ്ങള്‍ തുടങ്ങുന്നതിനുമുള്ള പ്രധാന തടസ്സം ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തിന്റെ ഭീമമായ നിരക്കാണ്. എന്നാല്‍, അന്തര്‍ദേശീയതലത്തി ല്‍ ഇപ്പോള്‍ പ്രകൃതിവാതകത്തിന്റെ നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ ദീര്‍ഘകാലത്തേക്ക് ഏകദേശം യൂനിറ്റിന് അഞ്ചു ഡോളറിന് പ്രകൃതിവാതകം ലഭ്യമാക്കാന്‍ പര്യാപ്തമായ അന്താരാഷ്ട്ര ഉടമ്പടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ശ്രദ്ധചെലുത്തണമെന്നും അഭ്യര്‍ഥിച്ചു.
കേരളത്തില്‍ 2017 മാര്‍ച്ചിനകം എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ഏകദേശം 1,500 ആദിവാസി മേഖലകളില്‍ വൈദ്യുതീകരണം നടത്താന്‍ ആവശ്യമായ തുക കേന്ദ്രപദ്ധതിയായ ഡിഡിയുജിജെവൈയില്‍ ഉള്‍പ്പെടുത്തി അനുവദിക്കണമെന്നും കേരളം അഭ്യര്‍ഥിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക