|    Oct 15 Mon, 2018 2:38 pm
FLASH NEWS

പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ഭവനവായ്പാ സഹായം വര്‍ധിപ്പിച്ചു

Published : 11th January 2017 | Posted By: fsq

 

തിരുവനന്തപുരം: നഗരസഭാ പരിധിയിലെ പട്ടികജാതി വിഭാഗങ്ങള്‍ക്കു ഭൂമിക്കും വീടു നിര്‍മിക്കുന്നതിനുമുള്ള ധനസഹായ പരിധി നഗരസഭ ഉയര്‍ത്തി. നഗരസഭയുടെ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ഭൂമിവാങ്ങല്‍ പദ്ധതി വഴി ഒന്നര സെന്റ് ഭൂമി നല്‍കുന്നതു മൂന്നു സെന്റായി ഉയര്‍ത്താന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനായി ഒരോ ഗുണഭോക്താവിനും ആറുലക്ഷം രൂപ നല്‍കും. മൂന്നുലക്ഷം രൂപയ്ക്ക് ഒന്നര സെന്റ് ഭൂമി നല്‍കുന്ന പദ്ധതി പ്രായോഗികമല്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണിത്. പട്ടികജാതിക്കാര്‍ക്കു ഭവന നവീകരണത്തിനായി രണ്ടു ഗഡുക്കളായി 25,000 രൂപ നല്‍കിയിരുന്നത് 50,000 രൂപയാക്കി ഉയര്‍ത്തി. പഴയ പദ്ധതി പ്രകാരമുള്ള തുക കൈപ്പറ്റാന്‍ ഗുണഭോക്താക്കള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നു ചെലവാകാതെ അവശേഷിച്ച തുകയായ 87,87,500 രൂപയില്‍ നിന്ന് ഒന്നാം ഗഡു അനുവദിച്ചവര്‍ക്ക് രണ്ടാം ഗഡു നല്‍കുന്നതിനായി 3,00,000 മാറ്റിവച്ച ശേഷം ബാക്കി തുക പുതിയ പദ്ധതി പ്രകാരം 50,000 രൂപ നിരക്കില്‍ വിതരണം ചെയ്യാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. നഗരസഭയുടെ അധീനതയിലുള്ള കിഴക്കേക്കോട്ട ബസ് സ്റ്റാന്റിലെ ശൗചാലയം സ്ഥിതി ചെയ്യുന്ന സ്ഥലം കെഎസ്ആര്‍ടിസിക്ക് വിട്ടുനല്‍കാന്‍ കഴിയില്ലെന്നു ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ അറിയിക്കാന്‍ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അനുയോജ്യമായ സ്ഥലം കെഎസ്ആര്‍ടിസി നല്‍കിയാല്‍ ശൗചാലയം അങ്ങോട്ടു മാറ്റിസ്ഥാപിക്കാന്‍ തയ്യാറാണെന്നും മേയര്‍ അറിയിച്ചു. നഗസഭാ വാര്‍ഡ് കേന്ദ്രങ്ങള്‍ക്ക് ഫര്‍ണീച്ചര്‍ ലഭ്യമാക്കല്‍ പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായ ആര്‍ട്ട്‌കോയില്‍ നിന്നു പര്‍ച്ചേസ് കമ്മിറ്റി ശുപാര്‍ശ ചെയ്ത വിഷയങ്ങളും കൗണ്‍സിലിന്റെ അംഗീകാരമായി. നഗരസഭയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പതു നഴ്‌സറി സ്‌കൂളുകളിലെ കുട്ടികള്‍ക്കു നഗരസഭയുടെ തനതു ഫണ്ടില്‍ നിന്നു തുക വകയിരുത്തി രണ്ടു ജോടി യൂനിഫോം വീതം വിതരണം ചെയ്യുന്നതിനു തീരുമാനമായിട്ടുണ്ട്. ഒപ്പം നഗരസഭയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സറി സ്‌കൂളുകള്‍ക്കു യൂനിഫോം, ഭക്ഷണം എന്നിവ നല്‍കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനു ഹെല്‍ത്ത് ഓഫിസറെ ചുമതപ്പെടുത്തുകയും ചെയ്തു.   മൃഗശാലയുടെ കിഴക്കേ ഗേറ്റിന് സമീപം നഗരസഭ നീക്കം ചെയ്ത സ്വകാര്യവ്യക്തി നടത്തിയിരുന്ന ബങ്ക് പുനസ്ഥാപിക്കാനാവില്ല, പകരം എന്‍യു എല്‍എം പദ്ധതി പ്രകാരം കച്ചവടസൗകര്യം ഒരുക്കിനല്‍കാന്‍ തീരുമാനിച്ചു. ബങ്ക് നീക്കം ചെയ്തതിനെ തുടര്‍ന്നു കച്ചവടക്കാരന്‍ നല്‍കിയ അപ്പീലിലില്‍ നഗരസഭ ഉചിതമായ തീരുമാനമെടുക്കണമെന്ന് എല്‍എസ്ജിഡി ട്രൈബ്യൂണല്‍ അറിയിച്ചിരുന്നു. കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ ഇത്തരം ബങ്കുകള്‍ നിരോധിച്ചിട്ടുണ്ടെന്നും എന്നാല്‍ പല ബങ്കുകളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവയ്‌ക്കെതിരേ നടപടി വേണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി യാക്കൂബ് എന്നയാളുടെ എട്ടോളം ബങ്കുകള്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഇവ നീക്കം ചെയ്യാന്‍ നഗരസഭ കൂട്ടാക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നു. തുടര്‍ന്നു യാക്കൂബിന്റെ ബങ്കുകള്‍ ഒഴിപ്പിക്കുന്നതിനു മേയര്‍, ഹെല്‍ത്ത് ഓഫിസറെ ചുമതലപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss