|    Oct 18 Thu, 2018 2:38 pm
FLASH NEWS

പട്ടികജാതി-വര്‍ഗ കോളനികള്‍ പരാധീനതകളുടെ നടുവില്‍

Published : 30th August 2016 | Posted By: SMR

വെഞ്ഞാറമൂട്: നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതായി അവകാശപ്പെടുമ്പോഴും പട്ടികജാതി-വര്‍ഗ കോളനികള്‍ പരാധീനതകളുടേയും പരിമിതികളുടേയും നടുവില്‍. നെല്ലനാട് പഞ്ചായത്ത് പരിധിയിലുള്ള പട്ടികജാതി-വര്‍ഗ കോളനിയിലാണ് ഈ സ്ഥിതി വിശേഷം ഇപ്പോഴും നിലനില്‍ക്കുന്നത്.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പട്ടികജാതി-വിഭാഗക്കാര്‍ കൂട്ടമായി താമസിക്കുന്നുണ്ടെങ്കിലും കാരിഞ്ചിക്കുഴി, കാന്തലക്കോണം, മുളവെട്ട് പറമ്പ്, ഭഗവതിക്കോണം, കാവറക്കോണം, വഞ്ചിയൂര്‍, മൈലക്കുഴി, പരമേശ്വരം, ചെറുകോട്ടുകോണം, ചെമ്പിട്ടവിള, തോട്ടുംപുറം, പനാര്‍കോണം, പരപ്പാറമുകള്‍, മരിയം മേരിക്കോണം, ഗണപതിയാങ്കാട്, നീര്‍മാലില്‍, വെട്ടുവിള, വയ്യേറ്റ്, ദീപാനഗര്‍, മുരൂര്‍ക്കോണം, പള്ളിവിള, മുണ്ടൂര്‍ക്കോണം, കാവറ, മണ്ഡപക്കുന്ന്, തുടങ്ങിയ സ്ഥലങ്ങളിലുള്ളവരെ മാത്രമാണ് കോളനികളായി അംഗീകരിച്ചിട്ടുള്ളത്. ഇവയെല്ലാം തന്നെ കുടികിടപ്പവകാശം നടപ്പാക്കുമെന്ന് മുന്‍കൂട്ടി അറിവുലഭിച്ച ഭൂ ഉടമകള്‍ ആട്ടിയിറക്കിയതോടെ റവന്യൂ പുറമ്പോക്കുകളില്‍ കൂടില്‍കെട്ടി താമസിക്കുകയും പിന്നീട് കോളനികളായി രൂപപ്പെടുകയും ചെയ്തപ്പോള്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ കോളനികളാണ്.
ജനായത്ത സര്‍ക്കാരുകള്‍ ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനെന്ന പേരില്‍ ഇവര്‍ക്കുവേണ്ടി കോടികള്‍ ചെലവഴിച്ചെങ്കിലും പഴയ കുടിലുകളുടെ സ്ഥാനത്ത് കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ ഉയര്‍ന്നുവെന്നതല്ലാതെ ഇവരുടെ ജീവിതനിലവാരത്തില്‍ കാര്യമായ മാറ്റമോ സാമൂഹികാംഗീകാരത്തിന് പര്യാപ്തമാവുകയോ ചെയ്യുന്നവയായിരുന്നില്ല.
മുമ്പ് ഇവര്‍ താമസമാരംഭിച്ച പ്രദേശങ്ങളാവട്ടെ ഒറ്റപ്പെട്ടതും സഞ്ചാര സൗകര്യമോ ജലലഭ്യതയോ കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കാനോ കഴിയാത്ത തരത്തിലുള്ള പാറക്കെട്ടുകളോ, പരിമിതികള്‍ മാത്രമുള്ള പ്രദേശങ്ങളോ ആയിരുന്നു. കാലം മാറി നാടാകെ പുരോഗതിയുടെ പടവുകള്‍ കയറി എന്ന് അവകാശപ്പെടുമ്പോഴും ഈ കോളനി പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന പരിമിതികള്‍ കാരണം ഒട്ടുമിക്കയിടങ്ങളിലും കുടിവെള്ളക്ഷാമവും സഞ്ചാരയോഗ്യമായ റോഡിന്റെ അഭാവവും ഓരോ കുടുംബവും ഒന്നിലധികം കുടുംബങ്ങളായി മാറുന്നതിലൂടെ സംജാതമാവുന്ന സ്ഥലപരിമിതിയും ഇപ്പോഴും നിലനില്‍ക്കുന്നു.
കോളനികളില്‍ ഒരാള്‍ മരിച്ചാല്‍സംസ്‌കരിക്കാന്‍ ഇടമില്ലെന്നതാണു മറ്റൊരു തലവേദന. ഇവര്‍ക്ക് ഉപയോഗപ്രദമായ തരത്തില്‍ പൊതുശ്മശാനം നിര്‍മിക്കുമെന്ന വാഗ്ദാനം 15 വര്‍ഷമായി പഞ്ചായത്ത് അധികൃതര്‍ നല്‍കുന്നുണ്ടെങ്കിലും അത് ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. അതിനാല്‍ കോളനികളില്‍ പലരും മരിച്ചപ്പോള്‍ അടുക്കള പൊളിച്ച് സംസ്‌കാരം നടത്തേണ്ട സ്ഥിതിയാണുണ്ടായത്.
ഇതിനൊക്കെ പരിഹാരം കാണേണ്ട രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ഇവയൊന്നും അറിഞ്ഞമട്ട് കാണിക്കാത്തത് കോളനിവാസികളി ല്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss