|    Nov 18 Sun, 2018 7:30 am
FLASH NEWS

പട്ടികജാതി-വര്‍ഗ കമ്മീഷന്‍ അംബേദ്കര്‍ കോളനിയില്‍ തെളിവെടുപ്പ് നടത്തി

Published : 24th June 2017 | Posted By: fsq

 

പാലക്കാട്: സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മീഷന്‍ അംബേദ്ക്കര്‍ കോളനിയില്‍ തെളിവെടുപ്പ് നടത്തി.അംബേദ്ക്കര്‍ കോളനി നിവാസികളുടെ ജീവിത സാഹചര്യം കമ്മീഷന് ബോധ്യമായെന്നും അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് ഡോ. പിഎന്‍ വിജയകുമാര്‍ കോളനി സന്ദര്‍ശനത്തിന് ശേഷം പറഞ്ഞു. കോളനിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും ജാതീയ വേര്‍തിരിവുണ്ടെന്നുമുള്ള പരാതിയെ തുടര്‍ന്നായിരുന്നു കമ്മീഷന്റെ  തെളിവെടുപ്പ്.   പുതിയ വീടുകള്‍, ശുചിമുറികള്‍, പൊതുശ്മശാനം, ഭക്ഷ്യ പൊതുവിതരണ കേന്ദ്രം എന്നിവ കോളനിയില്‍ അത്യാവശ്യമാണെന്നും ഇതിന്റെ അഭാവത്തിലുള്ള കോളനിനിവാസികളുടെ ജീവിത സാഹചര്യം കാണിച്ച് കമ്മീഷന്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കും.  സംസ്ഥാനത്തെ മാതൃക കോളനിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ഗോവിന്ദാപുരം മുതലമട അംബേദ്കര്‍ കോളനിയെ സംസ്ഥാനത്തെ മാതൃകാ കോളനിയാക്കാനുളള  നിര്‍ദേശങ്ങള്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പട്ടികജാതി-വര്‍ഗ കമ്മീഷന്‍ അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, അഡ്വ. കെ കെ മനോജ് എന്നിവരോടൊപ്പം ചെയര്‍മാന്‍ പരാതിക ള്‍ നേരിട്ട് സ്വീകരിച്ചു. കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ച്  തൊഴില്‍, താമസം, വിദ്യാഭ്യാസം, ആരോഗ്യ പ്രശ്‌നങ്ങള്‍  ചോദിച്ചറിഞ്ഞു. വിദഗ്ധ ചികില്‍സയ്ക്ക് നിലവില്‍ കോളനി നിവാസികള്‍ തമിഴ്—നാട്ടിലെ പൊള്ളാച്ചിയിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. പാലക്കാട് നഗരത്തിലുള്ള  ഗവ. പട്ടികജാതി മെഡിക്കല്‍ കോളജിന്റെ സൗകര്യങ്ങള്‍  ഉപയോഗപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ ഡിഎംഒ സ്വീകരിക്കണം. കുടിവെള്ള വിതരണം ശാസ്ത്രീയമായ രീതിയില്‍ അല്ല നടന്നു വരുന്നത്്്. കോളനിയിലെ 200 കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്ക് നവീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ടാങ്കിന് പുറകിലായി കാട് പിടിച്ച് കിടക്കുന്ന പട്ടികജാതി വകുപ്പിന്റെ കെട്ടിടം നവീകരിക്കണം. ചക്ലിയര്‍ സമുദായാംഗങ്ങള്‍ കൂടുതലുള്ള കോളനിയില്‍ പട്ടികജാതി വികസനഫണ്ട് ഉപയോഗപ്പെടുത്തി ധനസഹായം നല്‍കണം. ജാതീയ വിവേചനമുണ്ടെന്ന പരാതി പരിശോധിച്ച കമ്മീഷന്‍ കോളനിവാസികള്‍ നല്‍കിയ തെളിവുകള്‍ സ്വീകരിച്ചു. പട്ടികജാതി പീഡന നിരോധന നിയമം നിലവിലുള്ള രാജ്യത്ത് ജാതിയുടെയും സമ്പത്തിന്റേയും പേരില്‍ വിവേചനം കാണിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കും. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജാതീയ വേര്‍തിരുകള്‍ ഒട്ടുംതന്നെയില്ലാത്ത കേരളത്തില്‍ ഇത്തരം പരാതികള്‍ ഉയര്‍ന്നുവന്നാല്‍ കമ്മീഷന്റെ ഇടപെടല്‍ ഉണ്ടാവുമെന്നും ഇതിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു. വീട് നിര്‍മിച്ച് നല്‍കാമെന്ന പേരില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി പരിശോധിച്ച് 10 ദിവസത്തിനകം നടപടിയെടുക്കുമെന്നും കമ്മീഷന്‍ പരാതിക്കാര്‍ക്ക് ഉറപ്പ് നല്‍കി. കോളനിയില്‍ റേഷന്‍ കടയോടൊപ്പം കണ്‍സ്യുമര്‍ ഫെഡിന്റെ വിതരണകേന്ദ്രം തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷനെ അനുഗമിച്ച ജില്ലാ കലക്ടര്‍ പിമേരിക്കുട്ടിയും പൊതുശ്മശാനം നിര്‍മിക്കുമെന്ന് മുതലമട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധയും ഉറപ്പ് നല്‍കി. കൊല്ലങ്കോട് ബ്ലോക്ക് —പഞ്ചായത്ത്  പ്രസിഡന്റ് ശാരദ മുരളീധരന്‍, ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാര്‍, സബ് കലക്റ്റര്‍ അഫ്സാന പര്‍വീന്‍, എ.ഡി.എം എസ് വിജയന്‍, ആലത്തൂര്‍ ഡിവൈഎസ്പി മുഹമ്മദ് കാസിം, വിവിധ വകുപ്പ് മേധാവികള്‍ കമ്മീഷനെ സന്ദര്‍ശനത്തില്‍ അനുഗമിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss