|    Jun 19 Tue, 2018 6:54 am

പട്ടികജാതി-ഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത്; 64 കേസുകള്‍ തീര്‍പ്പാക്കി

Published : 7th October 2017 | Posted By: fsq

 

കല്‍പ്പറ്റ: സംസ്ഥാന പട്ടികജാതി-ഗോത്രവര്‍ഗ കമ്മീഷന്റെ രണ്ടുദിവസത്തെ അദാലത്ത് ജില്ലയില്‍ പൂര്‍ത്തിയായപ്പോള്‍ വ്യത്യസ്ത ബഞ്ചുകളിലായി 64 കേസുകള്‍ തീര്‍പ്പാക്കി. 73 കേസുകള്‍ കമ്മീഷന്റെ പരിഗണനയ്ക്ക് വന്നു. കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജഡ്ജി ഡോ. പി എന്‍ വിജയകുമാര്‍, അംഗങ്ങളായ എഴുകോല്‍ നാരായണന്‍, അഡ്വ. കെ കെ മനോജ് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി ലഭിക്കാത്ത പരാതികള്‍, പട്ടയം ലഭിക്കാത്ത പരാതികള്‍, സുഗന്ധഗിരി പ്രൊജക്റ്റ് പോലുള്ളവയില്‍ നിലനില്‍ക്കുന്ന പരാതികള്‍ എന്നിവയാണ് കൂടുതലായും കമ്മീഷനു മുന്നിലെത്തിയത്. ഏഴു കേസുകള്‍ പിന്നീട് വിശദമായി റിപോര്‍ട്ട് തേടിയ ശേഷം പരിഗണിക്കാനായി മാറ്റി. നേരിട്ട് പരാതി നല്‍കാന്‍ പുതുതായി 30 പേരാണ് എത്തിയത്. കേരള പണിയര്‍ സമാജം പ്രസിഡന്റ് ജില്ലയില്‍ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍, പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവ കൂടുതലായി അനുവദിക്കണമെന്നു കമ്മീഷനോട് ആവശ്യപ്പെട്ടു. ജില്ലയില്‍ പുതുതായി മൂന്ന് ഹോസ്റ്റലുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും കെട്ടിട ലഭ്യതയ്ക്ക് അനുസരിച്ച് ഇവ തുടങ്ങാവുന്നതാണെന്നും ജില്ലാ പട്ടികവര്‍ഗ വികസന ഓഫിസര്‍ അറിയിച്ചു. ഇതു പരിഗണിച്ച് കമ്മീഷന്‍ ഹരജി തീര്‍പ്പാക്കി. ലോട്ടറി വില്‍പന ഉപജീവന മാര്‍ഗമാക്കിയ വനിതയെ തദ്ദേശസ്ഥാപന പ്രസിഡന്റ് ആക്ഷേപിച്ചതായുള്ള പരാതിയില്‍ ആര്‍ഡിഒയും ഡിവൈഎസ്പിയും നല്‍കിയ റിപോര്‍ട്ടുകള്‍ തള്ളാനും അപമര്യാദയായി പെരുമാറിയ ആള്‍ക്കെതിരേ സ്വകാര്യ അന്യായം നല്‍കുന്നതിനും കമ്മീഷന്‍ ശുപാര്‍ശ നല്‍കി. അനധികൃത കച്ചവടം എന്ന പേരില്‍ പ്രസിഡന്റ് നേരിട്ട് നടപടി സ്വീകരിച്ചതിനെ കമ്മീഷന്‍ വിമര്‍ശിച്ചു. പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെക്കൊണ്ടായിരുന്നു നടപടി സ്വീകരിക്കേണ്ടിയിരുന്നതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നൂല്‍പ്പുഴയിലെ രാജീവ് ഗാന്ധി മെമ്മോറിയല്‍ വിദ്യാലയത്തില്‍ പഠിച്ചുകൊണ്ടിരുന്ന നാലാംക്ലാസ് വിദ്യാര്‍ഥിനി കൃത്യമായ ചികില്‍സ ലഭിക്കാതെ മരിച്ചുവെന്നു കാണിച്ച് രക്ഷകര്‍ത്താക്കള്‍ നല്‍കിയ പരാതിയും കമ്മീഷന്‍ പരിഗണിച്ചു. 2012ല്‍ നടന്ന സംഭവത്തില്‍ കൃത്യമായ ചികില്‍സാ രേഖകള്‍ കിട്ടാനില്ലെന്നു കമ്മീഷന്‍ വിലയിരുത്തി. സര്‍ക്കാര്‍ അനുമതിയോടെ ഈ കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ജില്ലാ പട്ടികവര്‍ഗ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. പട്ടികജാതി-ഗോത്രവര്‍ഗങ്ങള്‍ക്ക് വീടുകള്‍ നിര്‍മിക്കുന്ന പദ്ധതികളില്‍ വീട്, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ പോലുള്ള സ്ഥാപനങ്ങളെക്കൊണ്ട് നിര്‍മിച്ച് താക്കോല്‍ കൈമാറുന്നതാണ് നല്ലതെന്നാണ് കമ്മീഷന്റെ അഭിപ്രായമെന്നും ഇടനിലക്കാരെ ഒഴിവാക്കണമെന്ന് ശുപാര്‍ശ ചെയ്യുമെന്നും ചെയര്‍മാന്‍ ഡോ. പി എന്‍ വിജയകുമാര്‍ പറഞ്ഞു. കമ്മീഷന്‍ സിറ്റിങില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss