|    Jul 22 Sun, 2018 8:22 pm
FLASH NEWS

പട്ടികജാതി കുടുംബങ്ങളുടെ ഭൂമി കൈയേറി റോഡിന്റെ വീതി കൂട്ടുന്നു

Published : 26th September 2017 | Posted By: fsq

 

മാള: പട്ടികജാതി കുടുംബങ്ങളുടെ ഭൂമി കൈയ്യേറി റോഡിന്റെ വീതി കൂട്ടിയതിന് പിന്നാലെ വീണ്ടും വീതി കൂട്ടാനായി ശ്രമം. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കൈനാട്ടുതറ പട്ടികജാതി കോളനിയിലെ കുടുംബങ്ങളുടെ ഭൂമിക്ക് സംരക്ഷണ ഭിത്തി കെട്ടുന്നതിന്റെ മറവിലാണ് ഭൂമി കൈയ്യേറ്റം നടക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡംഗവുമായ എന്‍ ഡി പോള്‍സന്റേയും കോണ്‍ട്രാക്ടര്‍ ജോസിന്റേയും നേതൃത്വത്തിലാണ് ഭൂമി കൈയ്യേറ്റം നടക്കുന്നതെന്നാണ് കോളനി നിവാസികള്‍ പറയുന്നത്. ജില്ലാ പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കോളനിക്ക് സംരക്ഷണ ഭിത്തി കെട്ടുന്നതടക്കമുള്ള പ്രവൃത്തികള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി കൈനാട്ടുതറ പരേതനായ കണ്ടംകോരന്റെ ഭാര്യ കുറുംബയുടെ ഭൂമിയാണ് കൂടുതലായി റോഡിന് വേണ്ടി കൈയ്യേറിയിരിക്കുന്നത്. ഭൂമിയുടെ മൂന്ന് ഭാഗവും റോഡിന്റെ വീതി കൂട്ടാനായി കൈയ്യേറിയിട്ടുണ്ട്. ഇവരുടെ കൂടാതെ സഹോദരനായ കൈനാട്ടുതറ വേലായുധന്റേയും മറ്റ് രണ്ട് കുടുംബങ്ങളുടേയും സ്ഥലവും കൈയ്യേറിയിട്ടുണ്ട്. കുറുംബയുടെ കുടിവെള്ള കിണറും ശുചിമുറിയും തകര്‍ന്ന നിലയിലാണ്. ചുറ്റും പൊട്ടല്‍ വീണ കിണറിലെ ജലം ഉപയോഗശൂന്യമായിരിക്കയാണ്.  ആഗസ്റ്റ് 13 നാണ് സംരക്ഷണ ഭിത്തി കെട്ടാനുള്ള നടപടികള്‍ തുടങ്ങിയത്. വാര്‍ഡംഗത്തിന്റെ സാന്നിദ്ധ്യത്തില്‍ വീട്ടുകാരുടെ സമ്മതത്തോടെ സംരക്ഷണ ഭിത്തി കെട്ടാനുള്ള കുറ്റിയടിച്ചു. ഇതിന് ശേഷം ഇക്കഴിഞ്ഞ 11ാം തിയ്യതി വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ പരിസരവാസികള്‍ ഒപ്പിട്ട റോഡ് വീതി കൂട്ടണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള മാസ് പെറ്റീഷന്‍ ഗ്രാമപഞ്ചായത്തില്‍ നല്‍കി. ഇതേതുടര്‍ന്ന് നേരത്തെ ഇട്ടിരുന്ന കുറ്റികള്‍ വാര്‍ഡംഗം ഊരി കളയുകയും റോഡിന്റെ വീതി കൂട്ടാനായി കൂടുതല്‍ സ്ഥലം വിട്ട് നല്‍കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെടുകയും കുറ്റികള്‍ മാറ്റിയടിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വീട്ടുകാരുടെ സമ്മതമില്ലാതെ ജെ സി ബി ഉപയോഗിച്ച് കൂടുതലായി സ്ഥലം കവര്‍ന്നെടുത്തു കൊണ്ടിരിക്കുന്നത്. 27 കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കൈനാട്ടുതറ വേലായുധന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി. അതേസമയം നടവഴിക്ക് നാല് മീറ്റര്‍ വീതിയുണ്ടായിരുന്നെന്നും വീട്ടുകാരുടെ സമ്മതത്തോടെയാണ് കുറ്റിയടിച്ചതെന്നും വാര്‍ഡംഗവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എന്‍ ഡി പോള്‍സണ്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss