|    Nov 18 Sun, 2018 3:18 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പട്ടികജാതിക്കാരനായ ഉദ്യോഗാര്‍ഥിക്ക് നിറവും സൗന്ദര്യവുമില്ലെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വം

Published : 10th November 2018 | Posted By: kasim kzm

അരീക്കോട്: സിപിഎം നിയന്ത്രണത്തിലുള്ള ഊര്‍ങ്ങാട്ടിരി സഹകരണ ബാങ്കിനു കീഴില്‍ ഉദ്യോഗാര്‍ഥി നിയമനത്തിന് ജാതീയമായ വിലക്ക്. പട്ടികജാതി ഉദ്യോഗാര്‍ഥി കറുത്തവനും വ്യക്തിത്വമില്ലാത്തവനുമാണെന്നും ഇത്തരക്കാരെ ബാങ്ക് ജീവനക്കാരായി നിയമിക്കരുതെന്നുമാണ് പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. വെറ്റിലപ്പാറ ലോക്കല്‍ കമ്മറ്റി നേതൃചര്‍ച്ചയിലാണ് വിവാദപരമാര്‍ശം.
വംശീയതയ്ക്കും ജാതീയതയ്ക്കും എതിരേ നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന സിപിഎമ്മില്‍ നിന്നുള്ള നേതൃചര്‍ച്ചയില്‍ ഉയര്‍ന്ന വംശീയ ആക്ഷേപമാണ് പികെഎസ്, ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള യുവജന വിഭാഗത്തില്‍ പ്രതിഷേധത്തിന് കാരണമായത്. ഊര്‍ങ്ങാട്ടിരി സഹകരണബാങ്കില്‍ വോട്ടവകാശമുള്ള 6264 അംഗങ്ങളില്‍ ഭൂരിപക്ഷം പട്ടികജാതിക്കാരാണ്. ഒരു കുടുംബത്തില്‍ നിന്ന് തന്നെ മൂന്നിലേറെ അംഗങ്ങളെ ചേര്‍ത്താണ് വോട്ടവകാശ അംഗങ്ങളാക്കിയത്. എന്നാല്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ച് വര്‍ഷങ്ങളായിട്ടും പട്ടികജാതി ഉദ്യോഗാര്‍ഥിയെ നിയമിക്കാത്തത് പാര്‍ട്ടിക്കുള്ളിലെ വംശീയ മനോഭാവംമൂലമാണെന്നാണ് പട്ടികജാതിക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം. സംവരണ സീറ്റില്‍ പോലും എസ്‌സി ഉദ്യോഗാര്‍ഥിയില്ല. നിലവില്‍ ഇതുവരെയുള്ള ഒഴിവുകളില്‍ സ്വന്തം ബന്ധുക്കളെയും നിയമിക്കുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. 9 വര്‍ഷക്കള്‍ക്കു മുമ്പ് നടന്ന നിയമനം ഇത്തരത്തിലായത് വിവാദമായിരുന്നു. ഒഴിവ് ക്ഷണിച്ചുള്ള അപേക്ഷ പത്രപരസ്യം കോഴിക്കോട് ജില്ലയിലെ എഡിഷനില്‍ നല്‍കുകയും ബന്ധുക്കളുടെ അപേക്ഷ പരിഗണിക്കുകയുമായിരുന്നു. ഗള്‍ഫിലുള്ള ബന്ധുക്കളെ ക്ഷണിച്ചുവരുത്തി നിയമനം നടത്തിയത് ഏറെ വിവാദമുയര്‍ത്തിയിരുന്നു.
അടുത്തിടെ നടത്തിയ മൂന്ന് നിയമനമാണ് പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്. സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കഴിവുള്ള ചെറുപ്പക്കാരുടെ അപേക്ഷ പരിഗണിക്കാതെ നിയമനം നടത്തുന്നതിന് മാത്രമായി പാര്‍ട്ടിയില്‍ സജീവമല്ലാത്ത ഒരാളെ യുവജന വിഭാഗത്തിന്റെ നേതാവാക്കി മാറ്റിയത് പാര്‍ട്ടിക്കുള്ളിലെ ചിലരാണെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ലോക്കല്‍ കമ്മിറ്റിയില്‍ പോലും ചര്‍ച്ചചെയ്യാതെ നേതൃസ്ഥാനത്ത് നിയമിച്ചത് ബാങ്ക് ഒഴിവിലേക്ക് മാറ്റുന്നതിനു വേണ്ടിയായിരുന്നുവെന്നാണു പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.
എട്ടാംക്ലാസ് യോഗ്യതയുള്ള പ്യൂണ്‍ തസ്തികയില്‍ സാമ്പത്തികമായി ആസ്തിയുള്ളവരും കുടുംബത്തില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരുമായ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരെ നിയമിച്ചതിനു പിന്നില്‍ പാര്‍ട്ടി നേതൃത്വമാണെന്ന് പികെഎസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. വംശീയാധിക്ഷേപം വിവാദമായതോടെ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss