|    Sep 20 Thu, 2018 2:02 pm
FLASH NEWS

പട്ടാളപ്പുഴുവിനെതുരത്താന്‍ വിദഗ്ധ സംഘമെത്തി

Published : 11th January 2017 | Posted By: fsq

 

തിരുവല്ല: അപ്പര്‍കുട്ടനാട്ടില്‍ കര്‍ഷകര്‍ക്ക്് പേടിസ്വപ്‌നമായ പട്ടാളപ്പുഴുവിനെ തുരത്താന്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ധര്‍ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. സര്‍വകലാശാലയുടെ കീഴിലുള്ള മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ അസി. പ്രഫസര്‍ ഡോ.ഷഹനാസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധനക്കെത്തിയത്.കുറ്റൂര്‍,കവിയൂര്‍,പെരിങ്ങര എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.മഴയില്ലാതായതും ആനുപാതികമായ ജലസേചന സൗകര്യങ്ങള്‍ ഒരുക്കാഞ്ഞതുമായാണ് പട്ടാളപുഴു വ്യാപിക്കാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷത്തെക്കാള്‍ മഴകുറവാണ് ഇത്തവണ ലഭിച്ചത്.കഴിഞ്ഞ ഡിസംബറില്‍ 110 മില്ലീമീറ്റര്‍ മഴലഭിച്ചിടത്ത് ഇത്തവണ 34 മില്ലീമീറ്റര്‍ മാത്രമാണ് ലഭ്യമായത്.എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഡോ.ഷഹനാസ്്് പറഞ്ഞു.നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമായി ഏക്കര്‍കണക്കിന് പാടശേഖരത്ത് പട്ടാളപുഴു ഇറങ്ങികഴിഞ്ഞു. കുറ്റൂരില്‍ 50 ഏക്കറിലെയും മീന്തലവയലില്‍ 60 ഏക്കറിലെയും പെരിങ്ങര ശങ്കരപാടത്തെയും കൃഷി രണ്ടു ദിവസത്തിനുള്ളില്‍ ഇവ തിന്നുതീര്‍ത്തിരുന്നു.പാടത്ത് വെള്ളം ഇല്ലാത്തതാണു പട്ടാളപ്പുഴു പെരുകാന്‍ കാരണം.  റൈസ് സ്വാമിങ് കാറ്റര്‍പില്ലര്‍ എന്നറിയപ്പെടുന്ന പുഴുക്കള്‍ മണ്ണിനടിയില്‍ മുട്ടയിട്ടു വളരുന്നവയാണ്. യുദ്ധസമയത്ത് പട്ടാളക്കാരുടെ ആക്രമണം പോലെയാണ് ഇവയുടെ രീതി. ഒരുപ്രദേശം മുഴുവന്‍ നിമിഷനേരം കൊണ്ട് ഇല്ലാതാക്കും. സ്ലൂബെന്‍ഡാമൈസ് എന്ന കെമിക്കല്‍ പുഴുവിനെ തുരത്താന്‍ ഇപ്പോള്‍ തളിച്ച് തുടങ്ങി.പുഴു ബാധിച്ച പാടങ്ങളില്‍ വെള്ളം ധാരാളമായി എത്തിക്കുക എന്നത് പുഴുവിനെ പ്രതിരോധിക്കാന്‍ അത്യാവശ്യമാണ്. പാടങ്ങളിലെ നെല്ലിനു മാത്രമല്ല സമീപമുള്ള വീടുകള്‍ക്കും ഇവ ഉപദ്രവകാരിയായി മാറുകയാണ്. കിണറ്റിലെ വെള്ളം പോലും ഉപയോഗിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. വേട്ടകുളം ഉടയന്‍കാവില്‍ ഗോപാലന്റെ വീടും മുറ്റവും രണ്ടു ദിവസമായി പുഴുക്കള്‍ നിറഞ്ഞുകിടക്കുകയാണ്. കൃഷിക്ക് ഉണ്ടാവുന്ന അടിയന്തര സാഹചര്യം നേരിടാന്‍ കൃഷിവകുപ്പിന്റെയും കാര്‍ഷിക സര്‍വകലാശാലയുടെയും നേതൃത്വത്തില്‍ ജില്ലയില്‍ മള്‍ട്ടിഡിസിപ്ലിനറി ഡയഗ്‌നോസ്റ്റിക് ടീം നിലവിലുണ്ടെങ്കിലും 50,000 രൂപ മാത്രമാണ് ഇവര്‍ക്കു ചെലവഴിക്കാന്‍ കഴിയുന്നത്.കൂടുതല്‍ ഫണ്ട് ഡയറക്ടറേറ്റില്‍ നിന്ന് അനുവദിച്ചാല്‍ മാത്രമേ അടിയന്തര സാഹചര്യത്തെ നേരിടാന്‍ കഴിയൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss