|    Nov 19 Mon, 2018 11:16 am
FLASH NEWS

പട്ടാമ്പി ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സില്‍ ദുരിതം

Published : 10th September 2018 | Posted By: kasim kzm

പട്ടാമ്പി: ദിനംപ്രതി ആയിരങ്ങള്‍ വന്നു പോവുന്ന പട്ടാമ്പി പുതിയ ബസ് സ്റ്റാന്റില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തത് ദുരിതമാവുന്നു. സ്റ്റാന്റില്‍ രണ്ട് കെട്ടിടങ്ങളിലുമായി 60തോളം വാടകമുറികളുണ്ട്. ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് പ്രാഥമിക കര്‍മം നിറവേറ്റാനുള്ള ശുചിമുറികള്‍ പോലുമില്ല. രാവിലെ 9 മുതല്‍ വൈകീട്ട് 6വരെ ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ജീവനക്കാരുണ്ട്. കംഫാര്‍ട്ട് സ്‌റ്റേഷന്‍ ഉണ്ടെങ്കിലും വൃത്തിഹീനമായി കിടക്കുന്നതിനാല്‍ ആരും ഉപയോഗിക്കാറില്ല. പ്രത്യേകിച്ച് സ്ത്രീകള്‍. 1997 മാര്‍ച്ച് 31നാണ് പട്ടാമ്പിയില്‍ പുതിയ ബസ്റ്റാന്റിനോടൊപ്പം ആദ്യ കെട്ടിടം നിര്‍മിച്ച് ഉദ്ഘാടനം ചെയ്യുന്നത്. അന്ന് കെട്ടിടത്തിന് മുകളില്‍ ഒരു ശുചി മുറി ഉണ്ടായിരുന്നെങ്കിലും പിന്നീടത് ഉപയോഗശൂന്യമായി. കെട്ടിടത്തില്‍ താഴെ 14 പീടിക മുറികളും ഒന്നാം നിലയില്‍ 15 മുറികളുമാണുള്ളത്. നേരത്തെ ഇവിടെ കെഎസ്എഫ്ഇ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നെങ്കിലും കെട്ടിട പരിമിതി മനസിലാക്കി സ്ഥാപനം ഇവിടെ നിന്നും മാറ്റി. കാലോചിതമായ നവീകരണം പോലും നടക്കുന്നില്ല. നഗരസഭാ അധികൃതര്‍ വാടക പിരിക്കുന്നതല്ലാതെ തിരിഞ്ഞു നോക്കാറില്ലെന്ന് കട ഉടമകളും പറയുന്നു. ഒരു മുറിക്ക് ജിഎസ്ടി ഉള്‍പ്പെടെ ഏകദേശം 25,000 രൂപയാണ് വാടക. നഗരസഭ വിളിച്ചു ചേര്‍ത്തുന്ന യോഗങ്ങളില്‍ കട ഉടമകള്‍ തങ്ങളുടെ ദുരിത ജീവിതം അവതരിപ്പിക്കാറുണ്ടെങ്കിലും ഭരണ സമിതി അതൊന്നും ചെവികൊള്ളാറില്ല. രണ്ടാം കെട്ടിടം രണ്ടുഘട്ടമായാണ് ഉദ്ഘാടനം ചെയ്തത്. 2011ആഗസ്തിലും 2013 മെയ് 9നും. 29 വാടകമുറികളില്‍ കോണി മുറി ഉള്‍പ്പെടെ 17 മുറികളാണ് ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്നത്. ഇവിടെയും നിരവധി സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. ഇവിടെയും ശുചി മുറികളില്ല. ഇതുകാരണം നേരത്തെ ലേലത്തിലെടുത്ത പലരും അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ മുറികള്‍ കാലിയാക്കി. ബസ് സ്റ്റാന്റിനെയും കെട്ടിടങ്ങളെയും കാറവ പശുവായി മാത്രം കാണുകയാണ് നഗരസഭ ഭരണ സമിതിയെന്ന് കടയുടമകള്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളും അവര്‍ ഏര്‍പ്പെടുത്തി നല്‍കുന്നുണ്ട്. നഗരസഭക്ക് കീഴില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട ഒരു നടപടിയും സ്വീകരിക്കാതെയാണ് നഗരസഭ ഇവിടെ കെട്ടിടം നിര്‍മിച്ചത്. രണ്ടു വര്‍ഷം മുമ്പ് പഴയ കെട്ടിടത്തിന്റെ സണ്‍സൈഡ് അടര്‍ന്നു വീണിരുന്നു. തൊട്ടടുത്തു തന്നെ ഉണ്ടായിരുന്ന പഴയ ബസ്റ്റാന്റിനെ ഇല്ലാതാക്കാനും ഇപ്പോഴുള്ള ബസ്റ്റാന്റിന് സമീപം ഭൂമി വാങ്ങിക്കൂട്ടിയവര്‍ക്ക് വന്‍വില ലഭിക്കാന്‍ നടത്തിയ തട്ടിപ്പാണ് ഇപ്പോഴത്തെ െ്രെപവറ്റ് ബസ്റ്റാന്റ് എന്നുള്ള അഭിപ്രായങ്ങള്‍ അക്കാലത്തു തന്നെ ചിലര്‍ ഉയര്‍ത്തിയിരുന്നു. ഈ ആരോപണത്തെ സാധൂകരിക്കുന്നതാണ് കെട്ടിടങ്ങളുടെ സ്ഥിതിയും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss