|    Aug 20 Sun, 2017 9:03 pm
FLASH NEWS

പട്ടാമ്പി താലൂക്ക് ഓഫിസ് നിലവില്‍ വന്നിട്ട് നാല് വര്‍ഷം; താലൂക്ക് വ്യവസായ ഓഫിസ് ഇപ്പോഴും ഒറ്റപ്പാലത്ത്

Published : 7th August 2017 | Posted By: fsq

 

സികെ ശശിപച്ചാട്ടിരി

ആനക്കര: പട്ടാമ്പി താലൂക്ക് ഓഫിസ് നിലവില്‍ വന്ന് നാല്  വര്‍ഷം കഴിഞ്ഞിട്ടും താലൂക്ക്  വ്യവസായ ഓഫിസ് പ്രവര്‍ത്തിക്കുന്നത് ഒറ്റപ്പാലത്ത് തന്നെ. 2013-14 വര്‍ഷത്തെ ബജറ്റല്‍ പട്ടാമ്പിയില്‍ താലൂക്ക് വ്യവസായ ഓഫിസ് ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ വച്ചിരുന്നു. എന്നാല്‍  സര്‍ക്കാരിന് കൂടുതല്‍ ബാധ്യത ഉണ്ടാക്കാതെ നിലവിലുള്ള ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കാന്‍ തീരുമാനം എടുത്തിരുന്നു. ആദ്യം സ്ഥലം ലഭിച്ചപ്പോള്‍ ഇനി ഓഫിസുകള്‍ അനുവദിക്കുന്നില്ല എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്നാല്‍, പട്ടാമ്പി താലൂക്ക് ഓഫിസ് രൂപീകരണ സമയത്ത് അനുവദിച്ച ഭൂരിപക്ഷം താലൂക്കുകളിലും ഇതിനകം വ്യവസായ ഓഫിസുകള്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പട്ടാമ്പിയോട് മാത്രം സര്‍ക്കാര്‍ മുഖം തിരിക്കുന്ന നടപാടിയാണ് ഉണ്ടായത്. വ്യവസായ സ്ഥാപനം ആരംഭിക്കുന്നതിന് മുമ്പായി എടുക്കേണ്ട  താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വ്യവാസായ വകുപ്പിനെ സമീപിക്കണം. നവസംരഭകര്‍ക്ക്  ധനസഹായം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പിഎംഇജിപി, സ്റ്റാന്റ് യുപി ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ എന്നീ പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ ഇഎസ്എസ്,ടിഎഫ്ആര്‍ എന്നിവയും താലൂക്ക് വ്യവസായ ഓഫിസുകളെയാണ് ആശ്രയിക്കേണ്ടത്. എന്നാല്‍, ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍പ്പെട്ട ആനക്കര, കപ്പൂര്‍, പട്ടിത്തറ, ചാലിശ്ശേരി, പളളിപ്പുറം, തിരുവേഗപ്പുറ അടക്കമുള്ള ഭാഗങ്ങളില്‍ നിന്നുള്ള ചെറുകിട വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവര്‍ 30 മുതല്‍ 50 വരെ കിലോമീറ്ററുകള്‍ താണ്ടി ഇപ്പോഴും ഒറ്റപ്പാലത്ത് പോവണം. പട്ടാമ്പി താലൂക്ക് ഓഫിസ് നിലവില്‍ വന്നപ്പോള്‍ ബന്ധപ്പെട്ട എല്ലാ ഓഫിസുകളും പട്ടാമ്പിയിലേക്ക് മാറ്റുമെന്ന് പറഞ്ഞിരുന്നെങ്കിലും വ്യവസായ വകുപ്പ് മാത്രം  പട്ടാമ്പിയിലേക്ക് മാറ്റാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പട്ടാമ്പി,തൃത്താല എംഎല്‍എമാരായ മുഹമ്മദ് മുഹ്‌സിന്‍, വിടി ബല്‍റാം ഇക്കാര്യത്തില്‍ മുന്നോട്ട് വരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക