|    Mar 23 Thu, 2017 11:35 pm
FLASH NEWS

പട്ടാമ്പിയില്‍ പിഡബ്ല്യുഡി റോഡ് സെക്ഷന്‍ ഓഫിസ് ഇനിയുമകലെ

Published : 22nd November 2016 | Posted By: SMR

എം വി വീരാവുണ്ണി

പട്ടാമ്പി താലൂക്കിനെ  ആസ്ഥാനമായും നഗരസഭയായും ഉയര്‍ത്തിയിട്ടും പൊതുമരാമത്ത് വകുപ്പിന് റോഡ് സെക്ഷന്‍ ഓഫിസ്  രൂ പീകരിക്കാനായില്ല. പതിനാറ് കിലോമീറ്റര്‍ അകലെയുള്ള ഷൊര്‍ണൂരിലെയും എട്ട് കിലോമീറ്റര്‍ അകലെയുള്ള തൃത്താലയിലെയും കാര്യാലയങ്ങള്‍ക്ക് കീഴിലാണ് പട്ടാമ്പിയിലെ റോഡുകള്‍ ഇപ്പോള്‍ നിലവിലുള്ളത്. ഇതുമൂലം മണ്ഡലത്തിലെ റോഡുകള്‍ക്ക് ഏകോപിച്ചുള്ള അറ്റകുറ്റപ്പണിക്കോ  പുതിയ വികസന പ്രവൃത്തികള്‍ക്കോ സാധിക്കുന്നില്ല.അസംബ്ലി മണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളും ഒരു സെക്ഷന്റെ കീഴില്‍ വരണമെന്ന ആവശ്യം വര്‍ഷങ്ങള്‍ക്കു മുമ്പു മുതല്‍ ഇവിടെ ശക്തമായിരുന്നു.   1965 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പട്ടാമ്പിയില്‍ മല്‍സരിച്ച രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും എല്ലാം നല്‍കിയ വാഗ്ദാനങ്ങളായിരുന്നു പട്ടാമ്പിയില്‍ പിഡബ്ല്യുഡി ഓഫിസ് സ്ഥപിക്കുമെന്ന്. എന്നാല്‍ അര നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇവിടെ സെക്ഷന്‍ ഓഫിസ് യാഥാര്‍ത്ഥ്യമായിട്ടില്ല. 1977 ല്‍ പട്ടാമ്പി മണ്ഡലത്തില്‍ നിന്ന് ചാലിശ്ശേരി, നാഗലശ്ശേരി, തിരുമററക്കോട് പഞ്ചായത്തുകള്‍ തൃത്താല മണ്ഡലത്തിലേക്ക് ചേര്‍ന്നതോടെ സമവാക്യങ്ങള്‍ വീണ്ടുംമാറി. 2010 ല്‍ ഷൊര്‍ണ്ണൂര്‍ നഗരസഭ പട്ടാമ്പിയില്‍ നിന്ന് വേര്‍പെട്ടതോടുകൂടി വീണ്ടും സ്ഥിതി രൂക്ഷമായി. പട്ടാമ്പിയില്‍ ബില്‍ഡിങ്ങ് സെക്ഷന്‍ ഓഫിസ് മാത്രമാണ് അനുവദിക്കപ്പെട്ടത്. അശാസ്ത്രീയമായ ഓഫിസ് വിഭജനമാണ് പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിലെ പൊതുമരാമത്ത് വകുപ്പിന് വിനയായത്. അത്‌കൊണ്ട് പട്ടാമ്പി മണ്ഡലത്തില്‍  റോഡ് സെക്ഷന്‍ ഓഫിസ് ഇല്ലാതായി. പട്ടാമ്പി മണ്ഡലത്തിലെ മേലെപട്ടാമ്പി, ഓങ്ങല്ലൂര്‍, വല്ലപ്പുഴ, കുലുക്കല്ലൂര്‍, കൊപ്പം, വിളയൂര്‍, എന്നിവിടങ്ങളിലെ നൂറുകിലോമീറ്ററിലധികം റോഡുകള്‍ ഇപ്പോള്‍ പി.ഡബ്ല്യു.ഡി ഷൊര്‍ണൂര്‍ സെക്ഷന്റെ കീഴിലാണുള്ളത്. പട്ടാമ്പി നഗരസഭയുടെ പകുതിയിലധികം സ്ഥലങ്ങളും തൃത്താല റോഡ് സെക്ഷന്‍  ഓഫിസിന്റെ കീഴിലുമാണ് നിലവിലുള്ളത്. പട്ടാമ്പി കോളജ് സ്‌റ്റോപ്പ് മുതല്‍ നഗരസഭ ബസ്സ് സ്റ്റാന്റ് വരെയുള്ള രണ്ട് കിമീ റോഡ് രണ്ട് സെക്ഷന്റെ പരിധിയിലാണ്.  അതിനാല്‍  പട്ടാമ്പി മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ്  നിരത്തുകളുടെ ശോചനീയാവസ്ഥ ഇന്നും പരിതാപകരമായ നിലയില്‍ തുടരുകയാണ്.  വര്‍ഷങ്ങളായി പ്രദേശവാസികള്‍ അനുഭവിക്കുന്ന ഈ അവസ്ഥയ്ക്കു പരിഹാരം കാണാന്‍ പട്ടാമ്പി മണ്ഡലത്തിന് മാത്രമായി റോഡ് സെക്ഷന്‍ ഓഫിസ് വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക