|    Dec 19 Wed, 2018 1:30 am
FLASH NEWS

പട്ടാമ്പിയില്‍ കാര്‍ പാര്‍ക്കിങ് സ്ഥലം ബൈക്കുകള്‍ കൈയടക്കുന്നു

Published : 23rd May 2018 | Posted By: kasim kzm

പട്ടാമ്പി: നഗരത്തില്‍ നിര്‍ത്തിയിടാന്‍ സ്ഥമില്ലാത്തതു സ്വകാര്യ വാഹനങ്ങളുമായി ടൗണിലെത്തുന്നവരെ വലയ്ക്കുന്നു. മേലെ പട്ടാമ്പി മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള പ്രധാന റോഡരികിലാണു പാര്‍ക്കിങ് സൗകര്യം ഇല്ലാത്തത്. മേലെ പട്ടാമ്പി മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡരികില്‍ കൂടുതല്‍ ഭാഗങ്ങളും ഓട്ടോകള്‍ക്ക് അനുവദിച്ച സ്ഥലമാണ്.
പെട്ടി ഓട്ടോകള്‍ക്കും ടാക്‌സി കാറുകള്‍ക്കും  നിര്‍ത്തിയിടാന്‍ സ്ഥലം നല്‍കിയിരിക്കുന്നതും റോഡരുകില്‍തന്നെ. അവര്‍ക്ക് അനുവദിച്ച സ്ഥലത്തു മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ ഡ്രൈവര്‍മാര്‍ അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങള്‍ക്കു മുമ്പില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതു വ്യാപാരികളും തടയും.
മേലെ പട്ടാമ്പിയില്‍ ഫെഡറല്‍ ബാങ്കിന് എതിര്‍ വശത്തു റോഡരുകില്‍ സ്വകാര്യ കാറുകള്‍ക്കു നിര്‍ത്തിയിടാന്‍ സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും ഇവിടെ എപ്പോഴും ബൈക്കുകള്‍ കൊണ്ടു നിറഞ്ഞിരിക്കും. കാറുകള്‍ക്ക് അനുവദിച്ച സ്ഥലത്തു ബൈക്കുകള്‍ നിര്‍ത്തിയിടുന്നതിനാല്‍  കാറുമായെത്തുന്നവര്‍ നിര്‍ത്തിയിടാന്‍ സ്ഥലം കിട്ടാതെ വലയുന്നതു മേലെ പട്ടാമ്പിയില്‍ സ്ഥിര സംഭവമാണ്. കാര്‍ നിര്‍ത്തിയിടാനുള്ള സ്ഥലത്തു ചിലര്‍ കാര്‍ രാവിലെ നിര്‍ത്തി സ്ഥലം വിട്ടു വൈകുന്നേരങ്ങളില്‍ വന്ന് എടുക്കുന്നതും വന്നു പോകുന്ന കാറുകള്‍ നിര്‍ത്തിയിടുന്നതിനു തടസ്സമാണ്. ബസ് സ്റ്റാന്‍ഡ് ഭാഗത്തു കാറുമായെത്തുന്നവര്‍ക്കു നിര്‍ത്തിയിടാന്‍ സ്ഥലം ഇല്ല.
ചെറിയ കാര്യങ്ങള്‍ക്കു വരുന്നവര്‍ വരെ റെയില്‍വേ പാര്‍ക്കിങ് സ്ഥലത്തു പണം നല്‍കി പാര്‍ക്കുചെയ്യണം. റെയില്‍വേ പാര്‍ക്കിങ് സ്ഥലത്തു നിന്നു ടൗണിലേക്ക് ഏറെ ദൂരം നടക്കണം. ടൗണില്‍ ട്രാഫിക് പോലിസ് സ്റ്റേഷന്‍ ഉണ്ടെങ്കിലും കാറുകള്‍ നിര്‍ത്തേണ്ട സ്ഥലത്തു ബൈക്കുകള്‍ നിര്‍ത്തുന്നതിനും മറ്റ് അനധികൃത പാര്‍ക്കിങ്ങുകള്‍ക്കും എതിരെ നടപടി ഉണ്ടാകുന്നില്ല.
ബസ് സ്റ്റാന്‍ഡ് പരിസരത്തു ബൈക്കുകള്‍ക്കു കൂടി നിര്‍ത്തിയിടാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇവിടേക്കു കാറുമായി എത്തുന്നവര്‍ അര കിലോമിറ്റര്‍ മുന്നോട്ടു പോയി പള്ളിപ്പുറം റോഡില്‍ നിര്‍ത്തിയിടുകയാണു പതിവ്. പഴയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് സ്ഥലം ഒഴിഞ്ഞു കിടക്കുന്നതിനാല്‍ ബൈക്കുകള്‍ താല്‍ക്കാലികമായി അവിടെയാണു നിര്‍ത്തിയിടുന്നത്.
കാറുകളും ഇവിടെ നിര്‍ത്തിയിടാറുണ്ടെങ്കിലും നിര്‍ത്തിയിടുന്ന കാറുകള്‍ക്കു പുറകില്‍ ബൈക്കുകള്‍ നിര്‍ത്തിയിടുന്നതു കാരണം കാര്‍ എടുത്തുപോരാന്‍ എളുപ്പമല്ല.
ബസ് സ്റ്റാന്‍ഡ് മുതല്‍ മേലെ പട്ടാമ്പി വരെ സ്വകാര്യ ബസുകള്‍ക്കു നിര്‍ത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും പ്രത്യേക സ്ഥലങ്ങള്‍ അനുദിച്ചിട്ടുണ്ടെങ്കിലും ബസ്സുകള്‍ യാത്രക്കാര്‍ കൈ കാണിക്കുന്നിടത്തെല്ലാം നിര്‍ത്തുന്നതും ടൗണില്‍ ഗതാഗതക്കുരുക്കിനു കാരണമാകാറുണ്ട്. ആവശ്യത്തിനു വീതിയില്ലാത്ത റോഡരുകില്‍ ഓട്ടോകളും, ടാക്‌സികളും നിര്‍ത്തിയിടുന്നതും ടൗണിലെ തിരക്കിനു കാരണമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss