|    Apr 26 Wed, 2017 11:35 am
FLASH NEWS

പട്ടശ്ശേരി ഗ്രാമത്തിന്റെ ആദരവ് ഏറ്റുവാങ്ങി രതീഷ് യാത്രയായി

Published : 27th October 2016 | Posted By: SMR

വൈക്കം: പട്ടശ്ശേരി ഗ്രാമത്തിന്റെ മുഴുവന്‍ ആദരവും ഏറ്റുവാങ്ങി സിആര്‍പിഎഫ് ജവാന്‍ രതീഷ് യാത്രയായി. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ്് സിആര്‍പിഎഫില്‍ ജോലി കിട്ടി രതീഷ് പോവുമ്പോള്‍ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും ആ ചുമലിലായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന പിതാവിനും കാന്‍സര്‍ രോഗിയായ സഹോദരിക്കും നിത്യവൃത്തിക്ക് രതീഷായിരുന്നു ആശ്രയം. രാജ്യത്തെ അതിരുകവിഞ്ഞു സ്‌നേഹിച്ച രതീഷ് തനിക്കു പിറന്ന പെണ്‍കുട്ടിക്കും ആ സ്‌നേഹ വാല്‍സല്യം നല്‍കാന്‍ മറന്നില്ല. കുട്ടിക്ക് നല്‍കിയ പേര് കാഷ്മീര എന്നായിരുന്നു. ഓണത്തോടനുബന്ധിച്ചായിരുന്നു കുട്ടിയുടെ ഇരുപത്തിയെട്ട് കെട്ട്. മലേറിയയും മഞ്ഞപ്പിത്തവും ബാധിച്ചപ്പോഴും ഒരിക്കലും തങ്ങളുടെ പ്രിയപ്പെട്ട രതീഷിന്റെ ജീവന്‍ കവര്‍ന്നെടുക്കപ്പെടുമെന്ന് ആരും കരുതിയിരുന്നില്ല. ചാലപ്പറമ്പ് വിവേകാനന്ദ സ്‌കൂളിലെ അധ്യാപികയായ ഭാര്യ ഗ്രീഷ്മയോട് ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലെത്തുമെന്ന് മരണം സംഭവിക്കുന്നതിനുമുമ്പ് രതീഷ് അറിയിച്ചിരുന്നു.നെടുമ്പാശ്ശേരിയിലെത്തിച്ച രതീഷിന്റെ മൃതദേഹം ആദ്യം മാതൃവിദ്യാലയമായ ആശ്രമം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആയിരങ്ങളാണ് പ്രിയപ്പെട്ടവനെ കാണാന്‍ അക്ഷരമുറ്റത്തേക്ക് ഒഴുകിയെത്തിയത്. നഗരസഭാ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ എ സി മണിയമ്മ, കെപിസിസി എക്‌സി. അംഗം മോഹന്‍ ഡി ബാബു ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി. തുടര്‍ന്ന് വീട്ടുമുറ്റത്തെത്തിച്ച രതീഷിന്റെ ചേതനയറ്റ ശരീരം അവസാനമായി ഒരുനോക്കു കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് സെബാസ്റ്റ്യന്‍, അംഗങ്ങളായ സെബാസ്റ്റ്യന്‍ ആന്റണി, ടി അനില്‍കുമാര്‍, തുടങ്ങിയവരും എത്തിയിരുന്നു. തുടര്‍ന്ന് പൂര്‍ണ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day