|    Oct 16 Tue, 2018 3:18 pm
FLASH NEWS

പട്ടയഭൂമി കൈയേറി നിര്‍മാണം

Published : 28th January 2017 | Posted By: fsq

 

അടിമാലി: കരാറുകാരന്റെ ബന്ധുവിന്റെ റോഡുപുറമ്പോക്കിലെ കല്‍ക്കെട്ട് സംരക്ഷിക്കാന്‍, സര്‍വീസിലിരിക്കെ മരണമടഞ്ഞ പട്ടാളക്കാരന്റെ വിധവയുടെ പട്ടയഭൂമി കൈയേറി  നിര്‍മാണം. ഇതോടൊപ്പം കരാറുകാരുടെ നേതൃത്വത്തില്‍ അസഭ്യവര്‍ഷവും വധഭീഷണിയും മുഴക്കിയതായി ജില്ലാ പോലിസ് മേധാവി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി ഒന്നര മാസം പിന്നിട്ടശേഷവും നടപടിയില്ലെന്ന് ആരോപിച്ച് വീട്ടമ്മ രംഗത്തെത്തി. ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാര്‍ മേജറായിരിക്കെ മരണമടഞ്ഞ കൊന്നത്തടി മുക്കുടം പൂവത്തേല്‍ ബേബി തോമസിന്റെ ഭാര്യ ബീനയാണ് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. പൊതുമരാമത്തിന്റെ നേതൃത്വത്തില്‍ ഒന്നേകാല്‍ കോടി രൂപയോളം ചെലവഴിച്ചാണ് മുക്കുടം-നെടിയാനിത്തണ്ട്-കളരിക്കുന്ന്-കമ്പിളികണ്ടം റോഡിലെ ഇംപ്രൂവ്‌മെന്റ് ജോലികള്‍ നടക്കുന്നത്. നീണ്ടപാറ സ്വദേശിയായ കെ.സി. സാജു എന്ന കരാറുകാരനോടൊപ്പം പങ്കുകാരനായ പ്രദേശവാസി ജോളി ജോസ് അടക്കമുള്ളവരാണ് ജോലികള്‍ ചെയ്യുന്നത്. വീതി വര്‍ദ്ധിപ്പിച്ചുള്ള റോഡ് നിര്‍മ്മാണത്തിനു മുന്‍പ് സര്‍വേ നടപടികള്‍ ചെയ്യാതെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി സാമ്പത്തിക നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യമെന്നു കാണിച്ച് പ്രദേശ വാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാന വിജിലന്‍സ് മേധാവി അടക്കമുള്ളവര്‍ക്ക് പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു. തനിച്ചു താമസിക്കുന്ന വീടിന്റെ മുന്‍ഭാഗത്തെ മതില്‍ ഉള്‍പ്പെട്ട ഭാഗവും ചേര്‍ന്നുള്ള ഫില്ലിംങ് സൈഡ് ഭൂമിയും റോഡ് സര്‍വേയില്‍ ഉള്‍പ്പെട്ടതാണെന്ന് തെറ്റിധരിപ്പിച്ച് പട്ടയഭൂമിയില്‍ വന്‍ കല്‍ക്കെട്ട് നിര്‍മ്മാണം ആരംഭിക്കുകയായിരുന്നുവെന്ന് ബീന പറഞ്ഞു. കരാര്‍ പങ്കുകാരന്റെ അടുത്ത ബന്ധു തന്റെ ഭൂമിയുടെ സമാന്തരമായി റോഡ് സര്‍വേ ഭൂമിയില്‍ അതിക്രമിച്ച് നിര്‍മ്മിച്ചിരിക്കുന്ന മതിലും ഭൂമിയും സംരക്ഷിക്കുന്നതിനാണ് തന്റെ പട്ടയഭൂമിയില്‍ കയ്യേറ്റം നടത്തിയിട്ടുള്ളത്. കല്‍ക്കെട്ട് നിര്‍മ്മിച്ച ശേഷം തന്റെ വീടിന്റെ മുന്‍ഭാഗം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് കരാറുകാര്‍ ആളുകളെ കൂട്ടി സംഘമായി തന്നെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായുള്ള സംഭവത്തില്‍ കഴിഞ്ഞ മാസം 14ന് ബീന, ജില്ലാ പോലീസ് മേധാവിയടക്കം പരാതി നല്‍കിയിരുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരുന്നത്. ഇതിലും നടപടി ഉണ്ടാകാതിരുന്നതോടെ സംസ്ഥാന വനിതാ കമ്മീഷനും പരാതി നല്‍കി കാത്തിരിക്കുകയാണ് ബീന. ബലമായി തന്റെ വീടിന്റെ ഭാഗമായ മതില്‍ പൊളിയ്ക്കാനെത്തിയത് കോടതിയുടെ സഹായത്തോടെയാണ് തടയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ജില്ലാ കലക്ടറുടെ ഉത്തരവ് അനുസരിച്ച് താലൂക്ക് സര്‍വേയര്‍ നടത്തിയ അളവില്‍ ബീനയുടെ പട്ടയഭൂമി കയ്യേറി റോഡ് കല്‍ക്കെട്ട് നിര്‍മ്മിച്ചിട്ടുള്ളതായും എതിര്‍വശത്തുള്ള മതില്‍ റോഡിലേയ്ക്ക് ഇറങ്ങിയാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നും റവന്യൂ അധികൃതര്‍ കണ്ടെത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss