|    Mar 18 Sun, 2018 4:04 am
FLASH NEWS

പട്ടയം വാങ്ങിയ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനെതിരേ പ്രതിഷേധം

Published : 2nd November 2016 | Posted By: SMR

പത്തനംതിട്ട:  ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതിയുടെ ഭാഗമായി വാസയോഗ്യമായ സ്ഥലത്ത് പട്ടയം വാങ്ങിയ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനെതിരേ വടശേരിക്കര ഗ്രാമപ്പഞ്ചായത്തിലെ പേഴുംപാറയില്‍ നടക്കുന്ന പ്രതിഷേധം വിവാദമാവുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെ കൈയ്യില്‍ നിന്ന് നേരിട്ട് ഇവര്‍ പട്ടയം വാങ്ങിയതെന്ന് മന്ത്രി തന്നെ പറഞ്ഞ 32 കുടുംബങ്ങളാണ് പേഴുംപാറയില്‍ മറ്റൊരു കബളിപ്പിക്കലിന് കൂടി ജില്ലയില്‍ ഇപ്പോള്‍ ഇരയാവുന്നത്. ഈക്കാര്യം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി അടൂര്‍ പ്രകാശ് ജില്ലാ കലക്ടറേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പമ്പാ ചെറുകിട ജലസേചന പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തതും നാലു പതിറ്റാണ്ടായി തരിശു കിടക്കുന്നതുമായ പേഴുപാറ ജങ്ഷനിലെ ഭുമിയാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നതിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സ്ഥലം അളക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ജനകീയ സമരസമിതിയെന്ന വ്യാജേന ഭുമി കയ്യേറിയവരുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ച് തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചയും അവര്‍ വീണ്ടുമെത്തുമെന്നറിഞ്ഞ് ഇവര്‍ പ്രതിഷേധവുമായി സംഘടിച്ചിരുന്നു. ഇതുമൂലം ഉദ്യോഗസ്ഥര്‍ എത്തിയില്ല. പഞ്ചായത്ത് പ്രസിഡന്റ് മണിയാര്‍ രാധാകൃഷ്ണന്‍ കലക്ടറുമായി ബന്ധപ്പട്ടതിനെ തുടര്‍ന്നാണ് ചര്‍ച്ച നടത്തും വരെ അളന്നുതിരിക്കില്ലെന്ന് ഉറപ്പു ലഭിച്ചത്. ഇതോടെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ സംസ്ഥാനത്ത് തന്നെ ഏറെ വാസയോഗ്യമായ സ്ഥലം ലഭിക്കുകയും അതിന്റെ പട്ടയം വാങ്ങുകയും ചെയ്ത 32          കുടുബങ്ങളുടെ പുനരധിവാസം ഭരണകൂടത്തിന് മുന്നില്‍ ചോദ്യചിഹ്നമാവും. എന്നാല്‍ പ്രദേശത്ത് പിഐപിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന രണ്ടര ഏക്കര്‍ സ്ഥലം സമീപവാസികളും സാമുദായിക സംഘടനകളും കൈയേറിയിരുന്നതായും അളന്നു തിട്ടപ്പെടുത്തുമ്പോള്‍ ഇത് നഷ്ടപ്പെടുമെന്ന തിരിച്ചറിവാണ് ജനകീയ പ്രതിഷേധമെന്ന നിലയില്‍ ഉയരുന്നതെന്നും നാട്ടുകാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനോടൊപ്പം ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ഇവിടെ പട്ടയം വാങ്ങിയ 32 കുടുംബങ്ങള്‍ താമസമാവുന്നതോടെ പ്രദേശം കോളനിയാവുമെന്ന ഭയവും പ്രദേശവാസികളില്‍ ചിലര്‍ പ്രകടിപ്പിക്കുന്നു. ഇത് പ്രദേശത്തെ ഭൂമിയുടെ ക്രയവിക്രയത്തെ സാരമായി ബാധിക്കുമെന്നും സാമൂഹികമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നും ആവലാതിപ്പെടുന്നവരുമുണ്ട്. മൂന്നു വര്‍ഷത്തിന് മുമ്പ് പ്രദേശത്ത് ഭൂമി കൈയ്യേറിയ സമുദായത്തില്‍ നിന്നു ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് 30 സെന്റ് ഭൂമി വീണ്ടെടുത്തിരുന്നു. നാടിന്റെ വികസനത്തിന് പഞ്ചായത്ത് ആവശ്യപ്പെട്ട പിഐപി വക ഭൂമിയെന്ന പ്രചാരണവും ഇവിടെ നടക്കുന്നുണ്ട്. പാവങ്ങള്‍ക്ക് തലചായ്ക്കാനുള്ള ഭവനപദ്ധതികള്‍ പലതും നിര്‍ത്തിയതിനു പുറമെയാണ് കൊട്ടിഘോഷിച്ച് തുടങ്ങിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയും അട്ടിമറിക്കാനുള്ള നീക്കം ജില്ലയില്‍ വ്യാപകമാവുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss