|    Oct 24 Wed, 2018 4:39 am
FLASH NEWS

പട്ടയം കവല പുറമ്പോക്ക് ഒഴിപ്പിക്കല്‍; പഴിചാരി ഭരണ-പ്രതിപക്ഷം

Published : 26th September 2017 | Posted By: fsq

 

തൊടുപുഴ: പട്ടയംകവലയിലെ പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സിലില്‍ ഭരണപ്രതിപക്ഷ വാഗ്വാദം. ഒഴിപ്പിക്കല്‍ വിവാദം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ആളിക്കത്തി. ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് അരങ്ങേറിയത്. ഇതിനിടെ, അജണ്ട ചര്‍ച്ചയ്‌ക്കെടുക്കാന്‍ താമസിച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌ക്കരിച്ചു. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ പോയതിനാല്‍ നഗരസഭാ സെക്രട്ടറി കൗണ്‍സിലില്‍ എത്തിയിരുന്നില്ല. അതേസമയം, ഒക്ടോബര്‍ ഒന്‍പതിനകം പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിച്ച് റിപോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.റോഡ് പുറമ്പോക്കില്‍ താമസിക്കുന്ന പുതുപ്പാടിയില്‍ സൈനബ അബ്ദുള്‍ ഖാദറിനെയും കുടുംബത്തെയും ഹൈക്കോടതി നിര്‍ദേശ പ്രകാരം ഒഴിപ്പിക്കാനെത്തിയ മുനിസിപ്പല്‍ ഉദ്യോഗസ്ഥരെ വാര്‍ഡു കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ റഷീദ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്‌തെന്ന ആക്ഷേപവുമായി ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നതോടെയാണ് യോഗം ബഹളത്തില്‍ മുങ്ങിയത്. ചെയര്‍പേഴ്‌സന്റെ അറിവോടെയാണ് കൈയേറ്റം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥരെ അയച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വ്യാജ പ്രചരണം നടത്തുകയാണെന്ന് ഭരണപക്ഷത്തെ എ എം ഹാരിദ് കുറ്റപ്പെടുത്തി. പുറമ്പോക്കു ഭൂമിയില്‍ താമസിക്കുന്ന സൈനബയെയും കുടുംബത്തെയും പുനരധിവസിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. സ്വന്തമായി വീട് കണ്ടെത്തുന്നതുവരെ വാടക വീട് എടുത്ത് ഇവരെ താമസിപ്പിക്കാനായിരുന്നു തീരുമാനം. വാര്‍ഡു കൗണ്‍സിലര്‍ കെകെആര്‍ റഷീദിനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം നഗരസഭാ സെക്രട്ടറി ലാഘവത്തോടെ കണ്ടതാണ് കോടതി അലക്ഷ്യ നടപടികളിലേയ്ക്ക് എത്താന്‍ കാരണമായത്. കൗണ്‍സില്‍ യോഗത്തില്‍ വിഷയത്തെക്കുറിച്ച് സെക്രട്ടറി ഗൗരവമായി അറിയിച്ചിട്ടില്ല. യുഡിഎഫിനെതിരെ രാഷ്ട്രീയ ആയുധം ആക്കാനുള്ള നീക്കമാണ് നടക്കുന്നത്. കൗണ്‍സില്‍ യോഗത്തെ തെറ്റിദ്ധരിപ്പിച്ച സെക്രട്ടറി മാപ്പു പറയണമെന്നും എ എം ഹാരിദ് ആവശ്യപ്പെട്ടു. എന്നാല്‍ വാടക കെട്ടിടം കണ്ടെത്താന്‍ 15 ഓളം വീടുകള്‍ കണ്ടെന്നും മുനിസിപ്പാലിക്ക് വാടകയ്ക്കു തരാന്‍ ആരും തയ്യാറായില്ലെന്നും വാര്‍ഡു കൗണ്‍സിലര്‍ റഷീദ് വ്യക്തമാക്കി. വാര്‍ഡു കൗണ്‍സിലറായ തന്നെ അറിയിക്കാതെയാണ് ഉദ്യോഗസ്ഥര്‍ അവിടെ എത്തിയതെന്നും ആളുകളെ സംയമനം പാലിപ്പിക്കാന്‍ മാത്രമാണ് താന്‍ സംഭവത്തില്‍ ഇടപെട്ടതെന്നും റഷീദ് പറഞ്ഞു. എതാനം ദിവസം മുന്‍പ് ഉദ്യോഗസ്ഥരെ അപമാനിച്ചെന്ന് ആരോപിച്ച് അകാരണമായി തന്നെ മാപ്പു പറയിപ്പിച്ചെന്നും റഷീദാണ് ഇതിനു മുന്‍കൈയെടുത്തതെന്നും പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസഥരെ കൈയേറ്റം ചെയ്ത റഷീദ് മാപ്പുപറയാതെ കൗണ്‍സില്‍ യോഗം മുന്നോട്ടു പോകാന്‍ പാടില്ലെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍ അനില്‍കുമാറും രംഗത്തെത്തിയതോടെ ചര്‍ച്ച രൂക്ഷമായ വാഗ്‌പോരിലേയ്ക്കു മാറി. ഭരണ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം റഷീദ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മാപ്പു പറയില്ലെന്നും കൗണ്‍സിലര്‍ റഷീദും നിലപാട് സ്വീകരിച്ചു. പുറമ്പോക്ക് കൈയേറി താമസിക്കുന്ന സ്ഥലത്ത് അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവരെ ഇവിടെ നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി 2012ലാണ് കേസ് കൊടുത്തതെന്ന് കൗണ്‍സിലര്‍ രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു. 2014ല്‍ കോടതി വിധി വരികയും 2015 ല്‍ ഇവരെ പുനരധിവസിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിക്കുകയും ചെയ്തു. ഇക്കാലയളവ് ഭരിച്ചിരുന്നത് യുഡിഎഫ് ഭരണസമിതിയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ വാര്‍ഡു കൗണ്‍സിലറെയും ഉദ്യോഗസ്ഥരെയും ബലിയാടാക്കുന്നത് ശരിയായ നടപടിയല്ല. സ്വന്തം വാര്‍ഡിലെ വിഷയത്തില്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ റഷീദ് ഇടപെടുക മാത്രമാണ് ചെയ്‌തെന്നും രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു. ഒക്ടോബര്‍ ഒമ്പതിനകം പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ തുടര്‍നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതോടെ ബഹളം അവസാനിക്കുകയായിരുന്നു. മുണ്ടേക്കല്ലില്‍ എംവിഐപി വിഭാഗം നഗരസഭയ്ക്കു വിട്ടുനല്‍കിയ ക്വാര്‍ട്ടേഴ്‌സില്‍ സൈനബയെ താമസിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം. ശേഷം, കുന്നത്ത് സ്വകാര്യ വ്യക്തി കൈയേറിയ മൂന്ന് സെന്റ് സ്ഥലം വീണ്ടെടുത്ത് സര്‍ക്കാര്‍ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ചു നല്‍കും. പുറമ്പോക്ക് ഭൂമി നഗരസഭ ഏറ്റെടുക്കും. വെങ്ങല്ലൂര്‍ നീരാളി ഫിഷ് മാര്‍ക്കറ്റിലെ ഉടമ-തൊഴിലാളി പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചു. ഇക്കാര്യം ഉന്നയിച്ച് കൗണ്‍സിലര്‍ എം കെ ഷാഹുല്‍ ഹമീദ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലാണ് യോഗം തീരുമാനമെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss