|    Jan 18 Wed, 2017 12:49 am
FLASH NEWS

പട്ടടയില്‍ മായാത്ത കഥാപാത്രങ്ങള്‍ ശില്‍പ്പങ്ങളാവുന്നു

Published : 7th May 2016 | Posted By: SMR

കോഴിക്കോട്: എഴുത്തുകാരന്‍ താളുകളില്‍ കോറിയിട്ട ചിത്രങ്ങള്‍ വായനക്കാരുടെ മുമ്പില്‍ ജീവസുറ്റ കഥാപാത്രങ്ങളാവുന്നു. കോഴിക്കോട് കോര്‍പറേഷന്‍ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി എസ് കെ പൊറ്റെക്കാട് സാംസ്‌കാരിക നിലയത്തില്‍ എസ്‌കെയുടെ വിഖ്യാതകൃതികളിലെ കഥാപാത്രങ്ങളെ ശില്‍പ്പരൂപത്തില്‍ പുനസൃഷ്ടിച്ച് ശില്‍പ്പോദ്യാനം നിര്‍മിക്കുകയാണ്’ശി ല്‍പ്പി കെ സുധീഷ്. എ സ് കെ യുടെ വിഖ്യാത കഥാപാത്ര ങ്ങളായ ഓമഞ്ചിയും (ഒരു തെരുവിന്റെ കഥ), ഇക്കോരനും (നാടന്‍ പ്രേമം) മാളുവും( ഒരു ദേശത്തിന്റെ കഥ) പെയിന്റര്‍ കുഞ്ഞാപ്പുവുമാണ് ശില്‍പ്പങ്ങളിലൂടെ കഥപറയുന്നത്. ശില്‍പ്പോദ്യാനം നിര്‍മിക്കുന്നതിനായി ഓമഞ്ചിയെയും ഇക്കോരനെയും മാളുവിനെയും പെയിന്റര്‍ കുഞ്ഞാപ്പുവിനെയും തിരഞ്ഞെടുത്തതിനുകാരണം ശില്‍പ്പി വ്യക്തമാക്കുന്നു.
നാടന്‍പ്രേമത്തിലെ ശക്തരായ കഥാപാത്രങ്ങളാണ് മാളുവും ഇക്കോരനും. ഒരു ദലിത് യുവതി. ആത്മാഭിമാനമുള്ള സ്ത്രീ. നാട്ടിന്‍പുറത്താണെങ്കിലും നിലപാടുകള്‍കൊണ്ട് ശക്തയായ കഥാപാത്രമാണ് മാളു.
പ്രണയത്താല്‍ വഞ്ചിക്കപ്പെട്ട മാളു പുഴയില്‍ ചാടി ജീവന്‍കളയാന്‍ ഒരുങ്ങുമ്പോള്‍ പ്രതീക്ഷയുടെ വെട്ടവുമായി എത്തുന്ന ഇക്കോരന്‍. നാടന്‍പാട്ടുകളിലൂടെ ഒരുഗ്രാമത്തിലുള്ളവരോട് സംസാരിക്കുന്നവന്‍. ഓമഞ്ചി. ഒരു തെരുവിന്റെ കഥയിലെ കഥാപാത്രം. കോഴിക്കോട്ട് വന്ന് ആ നാട്ടുകാരനായ വ്യക്തി. ഒരു ഗവേഷകന്‍ കൂടിയാണ് അദ്ദേഹമെന്ന് തോന്നും. ജൈവവളത്തെയും ജൈവപച്ചക്കറിയെയും കുറിച്ച് ആദ്യം സംസാരിച്ചതും ഇദ്ദേഹമായിരിക്കും. ഓമഞ്ചി അന്നത്തെ ന്യൂ ജനറേഷനാണെന്ന് ശില്‍പ്പി സുധീഷ് പറയുന്നു. മനുഷ്യസഹജമായ തമാശകള്‍കൊണ്ട് ഓമഞ്ചി എന്ന കഥാപാത്രത്തെ മറക്കാന്‍ സാധിക്കില്ല.
തടിച്ച് വെളുത്ത് സ്വല്‍പ്പം പൊക്കമുള്ള നാല്‍പ്പത്തിയെട്ടുകാരന്‍, പലേടത്തും ദുര്‍മേദസ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയുമുള്ള പ്ലാത്തടിപലെയായിട്ടുണ്ട്. ചീനച്ചട്ടിവലിപ്പത്തിലുള്ളൊരു കൂറ്റന്‍ കുമ്പയും ഇടതുകാലില്‍ ഇരുനാഴി വണ്ണത്തിലുള്ളൊരു മന്തും. മുട്ടു കവിഞ്ഞു കിടക്കുന്നൊരു വരയന്‍ ഷര്‍ട്ടും അകത്തും പുറത്തുമായി ആറേഴു കീശകള്‍ തുന്നിപിടിപ്പിച്ച ചാണക നിറത്തിലുള്ളൊരു കൂറ്റന്‍കോട്ടും. കുടുക്കിടാറില്ല, കാലടികള്‍ മൂടി നിലത്തിഴയുന്ന മുഷിഞ്ഞൊരു മല്ലുമുണ്ടും ധരിച്ച് , നരച്ച ശീലക്കുട മടക്കി തോക്കുപോലെ ചുമലില്‍ ചെരിച്ചുവച്ച് , ഇടതുകൈയില്‍ വലിയൊരു ചാക്കുസഞ്ചിയും തൂക്കി(ചിലപ്പോള്‍ ഈ സഞ്ചി ചുമലിലെ കുടയുടെ അറ്റത്തും തൂങ്ങിക്കാണാറുണ്ട്.) ഇടയ്ക്കിടെ നാക്കു കുറേശ്ശെ പുറത്തേക്ക് നീട്ടി എന്തോ ചവച്ചു നൊടടിനുണഞ്ഞുകൊണ്ട്. മുഖമുയര്‍ത്തി സദാ നാലുപാടും നോക്കി അലസതയുടെ നീങ്ങുന്ന ഓമഞ്ചി തെരുവില്‍ വൈകുന്നേരത്തെ ഒരു വിനോദ കാഴ്ച. എസ് കെ പൊറ്റെക്കാട് ഓമഞ്ചിയെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്.
പെയിന്റര്‍ കുഞ്ഞാപ്പുവിനെ പരിചയപ്പെടുത്തുന്നത്. തനി കോഴിക്കോട്ടുകാരന്റെ പ്രതീകമായാണ്. ജീവിക്കാന്‍ വേണ്ടി എന്തു വേഷവും കെട്ടുന്ന നാട്ടുകാരന്‍. ഇതാണ് ഒരു ദേശത്തിന്റെ കഥയിലെ ഈ കഥാപാത്രം. പെയിന്റ് ഇറ്റ് വീഴുന്ന ബ്രഷും പിടിച്ച് കുഞ്ഞാപ്പുവും ഇവിടെ ഇരിക്കുന്നുണ്ട് ആരെയൊക്കയോ കാത്ത്. കഥപറയാന്‍, നാടിന്റെ വിശേഷങ്ങറിയാന്‍.തിരഞ്ഞെടുപ്പിന് ശേഷം ശില്‍പ്പോദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക