|    Jan 19 Thu, 2017 6:36 pm
FLASH NEWS

പടേനി കാണാന്‍ വിനോദസഞ്ചാരികളെ എത്തിക്കണം: കടമ്മനിട്ട വാസുദേവന്‍ പിള്ള

Published : 1st August 2016 | Posted By: SMR

പത്തനംതിട്ട:  പടേനി കാണുന്നതിനും ആസ്വദിക്കുന്നതിനും വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികളെ ജില്ലയിലെത്തിക്കണമെന്ന് പടേനി ആചാര്യന്‍ പ്രഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച പത്തനംതിട്ടയും പടേനിക്കളരിയും എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഥകളിയോ, തീയാട്ടോ പോലെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോയി അവതരിപ്പിക്കാന്‍ കഴിയുന്ന കലയല്ല പടേനി. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പടേനി നടക്കുന്ന സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടപടിയെടുക്കണം. പടേനിയെ കവച്ചുവയ്ക്കുന്ന മറ്റൊരു കലാരൂപം ഭരതത്തിലില്ല. എട്ടുവര്‍ഷം മുന്‍പ് ഒരു പടേനിക്കളരി സംഘടിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടി. അഞ്ച് പടേനി സംഘത്തെ കിട്ടാന്‍ തന്നെ പാടുപെട്ടു.
എന്നാല്‍, കഴിഞ്ഞ വര്‍ഷം ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ മുന്‍കൈയെടുത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട താഴൂരില്‍ സംഘടിപ്പിച്ച പടേനിക്കളരി വലിയ വിജയമായി. ജില്ലയിലെ വിവിധ കരകളില്‍ നിന്നുള്ള 15 പടേനി സംഘങ്ങള്‍ ഇതില്‍ പങ്കെടുത്തു. ഓരോ കരകളിലെയും പടേനിക്ക് മറ്റുള്ളവയില്‍നിന്നും വ്യത്യസ്തമാക്കുന്ന ഘടകമുണ്ട്. ഇത്തരം വ്യത്യസ്തമായ ഘടകങ്ങള്‍ അവതരിപ്പിക്കുന്നതിനാണ് പടേനിക്കളരിയിലൂടെ അവസരമൊരുക്കിയത്. ഒരു സ്ഥലത്തെ പടേനി കാണാന്‍ പോയാല്‍ അവിടുത്തെ കല മാത്രമേ ആസ്വദിക്കാന്‍ കഴിയുകയുള്ളു.
എന്നാല്‍, പടേനിക്കളരിയില്‍ പങ്കെടുത്തവര്‍ക്ക് പടേനിയെപ്പറ്റി സമഗ്രമായ അറിവ് പകര്‍ന്നു നല്‍കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനായി. ഈ വര്‍ഷവും പടേനിക്കളരി സംഘടിപ്പിക്കാനുള്ള ജില്ലാ കലക്ടര്‍ എസ് ഹരികിഷോറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പ്രഫ. കടമ്മനിട്ട വാസുദേവന്‍പിള്ള പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക