|    Apr 21 Sat, 2018 11:44 am
FLASH NEWS

പടിഞ്ഞാറ് ഭാഗ്യം തേടുന്ന ഹതഭാഗ്യര്‍

Published : 31st August 2015 | Posted By: admin

പശ്ചിമേഷ്യന്‍ കത്ത്/ഡോ. സി കെ അബ്ദുല്ല

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഹംഗേറിയന്‍ അതിര്‍ത്തിക്കടുത്തുവച്ച് ഓസ്ട്രിയന്‍ പോലിസ് പിടികൂടിയ ഫ്രീസര്‍ ട്രക്കില്‍ 70ലധികം അനധികൃത സിറിയന്‍ കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.  ഇറച്ചി കേടാവാതെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ട്രക്കില്‍ യൂറോപ്പിലെ സ്വര്‍ഗം തേടിപ്പോവുന്ന ജീവനുള്ള മനുഷ്യരെ കുത്തിനിറച്ചതായിരുന്നു. തുര്‍ക്കി വഴി ഗ്രീസില്‍ എത്തിയ ഈ ഹതഭാഗ്യരെ ഹംഗറിയുടെ കടുത്ത നിയമങ്ങളില്‍ നിന്നു‘രക്ഷപ്പെടുത്തി’കൊണ്ടുപോവുകയായിരുന്നു സന്മനസ്സുള്ള കള്ളക്കടത്തുകാര്‍. അതേ ദിവസം തന്നെയാണ് ലിബിയന്‍ തുറമുഖനഗരമായ സുവാറയുടെ തീരത്തിനടുത്തുനിന്നു 200ഓളം ശവശരീരങ്ങള്‍ കണ്ടെത്തിയത്. അവരില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് സുവാറ തീരത്തുനിന്നു പുറപ്പെട്ട 400ലധികം പേരടങ്ങുന്ന ബോട്ട് മറിഞ്ഞതാണെന്നു കണക്കാക്കപ്പെടുന്നു. അതിനും രണ്ടു ദിവസം മുമ്പ് ലിബിയയില്‍ നിന്നു യാത്ര തിരിച്ച മറ്റൊരു അനധികൃത ബോട്ട് ജനബാഹുല്യം നിമിത്തം മധ്യധരണ്യാഴിയില്‍ മുങ്ങിത്താഴുന്നതിനു മുമ്പ് യാത്രക്കാരില്‍ പലരെയും ഇറ്റലിയുടെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. അമ്പതു പേര്‍ക്കു മാത്രം യാത്ര ചെയ്യാവുന്ന തടി കൊണ്ട് നിര്‍മിച്ച ആ ബോട്ടില്‍ 350ലധികം ജീവനുള്ള മനുഷ്യരും 55 ശവശരീരങ്ങളുമാണ് കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയത്. 2011ലുണ്ടായ അറബ് ഹേമന്തത്തിനു ശേഷം ആഭ്യന്തര സംഘര്‍ഷങ്ങള്‍ നിറഞ്ഞ നാടുകളില്‍ നിന്നു പടിഞ്ഞാറിലെ അക്കരപ്പച്ച തേടി ഒഴുകുന്നവരുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ്. അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള യു.എന്‍. ഹൈകമ്മീഷന്‍ കണക്കു പ്രകാരം 2015ലെ ആദ്യ അഞ്ചു മാസങ്ങളില്‍ മാത്രം അറബ്, ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ നിന്നു 1,40,000ലധികം ആളുകള്‍ യൂറോപ്യന്‍ നാടുകളിലേക്കു കടല്‍ കടന്നു. അവരില്‍ 2400ലധികം പേര്‍ കടലിന്റെ ആഴത്തിലേക്ക് അനന്തയാത്ര പോയി. ഇസ്രായേലി അധിനിവേശ യുദ്ധങ്ങള്‍ കാരണം തകര്‍ന്ന ഫലസ്തീന്‍, അമേരിക്കന്‍ അധിനിവേശവും തുടര്‍ന്നു വന്ന ആഭ്യന്തര സംഘര്‍ഷങ്ങളും നിമിത്തം തകര്‍ന്ന ഇറാഖ്, ഭരണകൂടങ്ങള്‍ സ്വയം തകര്‍ത്തുകൊണ്ടിരിക്കുന്ന സിറിയ, ഈജിപ്ത്, ലിബിയ, യമന്‍ തുടങ്ങിയ അറബ്‌നാടുകള്‍ക്കു പുറമേ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനു തടസ്സമില്ലാതിരിക്കാന്‍ വേണ്ടി നവകൊളോണിയലിസം നിരന്തരം ആഭ്യന്തര കലാപങ്ങള്‍ സൃഷ്ടിക്കുന്ന ആഫ്രിക്കന്‍ പ്രദേശങ്ങളായ സോമാലിയ, നൈജീരിയ, എത്യോപ്യ, എരിത്രിയ, ഛാഡ് തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമാണ് യൂറോ-അമേരിക്കന്‍ സമൃദ്ധിയുടെ മരുപ്പച്ച സ്വപ്‌നം കണ്ട് ജനലക്ഷങ്ങള്‍ മരണയാത്ര തിരിക്കുന്നത്. 2011 മുതല്‍ സിറിയയില്‍ നിന്നു മാത്രം 40 ലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളായി നാടു വിട്ടുവെന്നാണ് മനുഷ്യാവകാശ ഏജന്‍സികളുടെ കണക്ക്. അമേരിക്കന്‍ അധിനിവേശത്തിനു ശേഷം ഇറാഖിലെ മൂന്നു കോടി ജനങ്ങളുടെ ജീവിതം ദുസ്സഹമായെന്ന രസകരമല്ലാത്ത കണക്ക് പാശ്ചാത്യ ഏജന്‍സികള്‍ പുറത്തുപറയാറില്ല. അയല്‍പക്കത്തുള്ള ദരിദ്രമായ ജോര്‍ദാനിലും നഗരമാലിന്യപ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ സര്‍ക്കാര്‍ താഴെ വീഴാറായ ലബ്‌നാനിലും തുര്‍ക്കിയുടെ അതിര്‍ത്തിപട്ടണങ്ങളിലുമൊന്നും സ്ഥലം ലഭിക്കാത്തവരും, അറബ് ലോകത്തെവിടെയും അടുത്തൊന്നും ഗതി കിട്ടില്ലെന്നും യൂറോപ്പ് തന്നെ രക്ഷയെന്നും തീരുമാനിച്ചവരും അതിസാഹസികമായി കടല്‍ കടന്നു ഭാഗ്യം പരീക്ഷിക്കുകയാണ്. ബോംബുകളും രാസായുധങ്ങളും ഏറ്റു കരിഞ്ഞു മരിക്കുന്നതിനേക്കാള്‍ ഭേദം ഉപ്പുവെള്ളം ആവോളം കുടിച്ചു മരിക്കലാണെന്നു തീരുമാനിക്കേണ്ടിവന്നവര്‍. മനുഷ്യക്കടത്തിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് അല്‍ജസീറ ചാനല്‍ ഈയിടെ പുറത്തുവിട്ടത്. ഈജിപ്തും ലിബിയയുമാണ് അനധികൃത കുടിയേറ്റത്തിന്റെ കള്ളക്കച്ചവട കേന്ദ്രങ്ങള്‍. തലയൊന്നിനു 2000 ഡോളര്‍ എന്ന നിരക്കിലാണ് യൂറോപ്പിന്റെ തീരത്തേക്കുള്ള കള്ളക്കടത്തുകൂലി. ഇരുരാജ്യങ്ങളിലെയും സുരക്ഷാ അധികൃതരുടെ അറിവോടെയാണ് യാത്രാരേഖകള്‍ പോലും കൈവശമില്ലാത്ത ജനങ്ങളെ കടത്തുന്നത്. ഊഴം കാത്ത് രണ്ടു മാസം മുതല്‍ ആറു മാസം വരെ ലിബിയന്‍  തീരത്ത് കാത്തുകെട്ടിക്കിടക്കേണ്ടിവരുന്ന അവര്‍, അര്‍ധരാത്രിക്കു ശേഷമാണ് ഫൈബര്‍ ബോട്ടുകളിലോ തടിവഞ്ചികളിലോ കാലികളെപ്പോലെ കുത്തിക്കയറി പുറപ്പെടുക. ചെറുകപ്പലുകള്‍ ലഭിക്കുന്നവര്‍ അതിഭാഗ്യവാന്മാര്‍. ബോട്ടുകള്‍ കപ്പാസിറ്റിയുടെ പത്തു മടങ്ങു വരെ ആളുകളെ നിറയ്ക്കും. അസൗകര്യങ്ങളുടെ പേരിലോ മറ്റോ പ്രതിഷേധിച്ചാല്‍ കടലിലേക്ക് എടുത്തെറിയും. അങ്ങനെ മൂന്നു പേരെയെങ്കിലും എടുത്തെറിഞ്ഞത് തന്റെ കണ്ണില്‍ കണ്ടത് ഗസയില്‍ നിന്നു പലായനം ചെയ്ത ശുക്‌രി അലൂസി ഓര്‍ക്കുന്നു. കള്ളക്കടത്തുകാര്‍ക്കിടയിലുള്ള പക നിമിത്തം ബോട്ടുകള്‍ ആക്രമണത്തിന് ഇരയാവുന്നതും കുറവല്ലെന്നതിനു ശുക്‌രി അലൂസിയുടെ അനുഭവം സാക്ഷി. ഭാര്യയും രണ്ടു കൊച്ചുകുട്ടികളും സഹിതം റഫാ അതിര്‍ത്തി വഴി പുറപ്പെട്ട അദ്ദേഹം ലിബിയയിലെ സുവാറയില്‍ നിന്നാണ് കയറിക്കൂടിയത്. തടിബോട്ടില്‍ 400നും 500നും ഇടയ്ക്ക് ആളുകളുണ്ടായിരുന്നു. നടുക്കടലില്‍ വച്ച് അവരുടെ ബോട്ട് ആക്രമിക്കപ്പെട്ടു. ആക്രമികള്‍ ഈജിപ്ഷ്യന്‍ നാടന്‍ അറബിയാണ് സംസാരിച്ചിരുന്നതെന്ന് ശുക്‌രി ഓര്‍ക്കുന്നു. നൂറിലധികം കുട്ടികളും അത്രതന്നെ സ്ത്രീകളുമുള്ള ബോട്ട് മറിച്ചിട്ട് അക്രമികള്‍ കടന്നുപോയി. മരണവെപ്രാളത്തിനിടെ നീന്തല്‍ അറിയുന്നവര്‍ ചേര്‍ന്നു മണിക്കൂറുകളെടുത്തു ബോട്ട് നേരെ നിര്‍ത്തിയപ്പോഴേക്കും ഇരുനൂറിലധികം പേര്‍ കടലില്‍ താഴ്ന്നിരുന്നു. ശുക്‌രിയുടെ ഭാര്യയും കുട്ടികളുമടക്കം മുഴുവന്‍ സ്ത്രീകളും കുട്ടികളും മുങ്ങിപ്പോയി. അവിടെയും തീര്‍ന്നില്ല. യന്ത്രത്തകരാറു കാരണം മുന്നോട്ടുനീങ്ങാന്‍ സാധിക്കാതെ നാലു ദിവസം നടുക്കടലില്‍ നില്‍ക്കേണ്ടിവന്നതിനിടയില്‍ രൂക്ഷമായ വിശപ്പും കാറ്റും ഭയവും പ്രതിരോധിക്കാന്‍ കഴിയാതെ ആളുകള്‍ കണ്‍മുമ്പില്‍ മരിച്ചുവീണുകൊണ്ടിരുന്നു. അഞ്ചാം ദിവസം ഇറ്റലിയുടെ കോസ്റ്റ് ഗാര്‍ഡ് ഈ ബോട്ട് കണ്ടെത്തിയപ്പോള്‍ 12 പേര്‍ മാത്രമാണ് ജീവിച്ചിരിപ്പുണ്ടായിരുന്നതെന്നു ശുക്‌രി ഓര്‍ക്കുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് ഈ സംഭവം നടന്നതെങ്കില്‍ റിപോര്‍ട്ട് ചെയ്യപ്പെടാത്ത സമാന സംഭവങ്ങള്‍ ഇതിനകം ഏറെ നടന്നിട്ടുണ്ടാവാമെന്നു കടല്‍ കടക്കുന്നതിനിടെ മരിച്ച ആയിരങ്ങളുടെ കൊട്ടക്കണക്കില്‍ നിന്ന് അനുമാനിക്കേണ്ടിവരും. കൈയില്‍ കിട്ടിയത് പെറുക്കി ജീവനും കൊണ്ട് രക്ഷപ്പെടുന്ന അഭയാര്‍ഥികളെ കൊള്ളയടിച്ചും ചൂഷണം ചെയ്തും കൊഴുക്കുന്നത് പലപ്പോഴും സ്വന്തം നാട്ടുകാര്‍ തന്നെയാണ്. ഉറ്റവര്‍ നഷ്ടപ്പെട്ട് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ കള്ളക്കടത്തുകാരാല്‍ ബലാല്‍സംഗത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങളും ഏറെ. ലിബിയയില്‍ നിന്നു പുറപ്പെടും മുമ്പുതന്നെ ലൈംഗിക ചൂഷണത്തിന് ഇരയാവുന്ന സ്ത്രീകളും കുറവല്ലെന്നാണ് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന സന്നദ്ധ സംഘടനയുടെ റിപോര്‍ട്ട്. തങ്ങളുടെ കൂടെയുണ്ടായിരുന്ന ഏഴു മാസം ഗര്‍ഭിണിയായ സ്ത്രീ കള്ളക്കടത്തുകാരാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതിന്റെ അപമാനം നിമിത്തം സ്വയം കടലില്‍ ചാടിയത് സോമാലിയയില്‍ നിന്നുള്ള ഇസ്മായീല്‍ എന്ന ചെറുപ്പക്കാരന്‍ വിവരിക്കുന്നുണ്ട്. ലിബിയയുടെ വിദൂര കോണിലുള്ള സുവാറ തീരത്തുനിന്നു കടല്‍യാത്രയ്ക്ക് എത്താന്‍ നൂറുകണക്കിനു കിലോമീറ്റര്‍ തുറന്ന ട്രക്കുകളില്‍ മരുഭൂമിയിലൂടെ യാത്ര ചെയ്യണം. കുത്തിനിറച്ച ട്രക്കുകളില്‍ നിന്ന് തിക്കിലും തിരക്കിലും വഴിയില്‍ വീണുപോവുന്നു ചിലര്‍. തങ്ങളുടെ കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ ലോറിയില്‍ നിന്നു മരുഭൂമിയില്‍ വീണപ്പോള്‍ അവരെ എടുക്കാന്‍ വണ്ടി നിര്‍ത്തുക പോലുമുണ്ടായില്ലെന്ന് ഇറ്റലിയിലേക്കു രക്ഷപ്പെട്ട ഗസാ നിവാസി വിവരിക്കുന്നു. ഇറ്റാലിയന്‍ തീരത്ത് എത്തുന്ന അഭയാര്‍ഥികളില്‍ പലരും ഇറ്റാലിയന്‍ പോലിസിന്റെ മര്‍ദ്ദനത്തിനും കൊള്ളയ്ക്കും ചൂഷണങ്ങള്‍ക്കും ഇരയാവുന്നു. പണവും വിലപ്പെട്ട വസ്തുക്കളും കൊള്ളയടിക്കുക, അതേക്കുറിച്ച് ചോദിച്ചാല്‍ മര്‍ദ്ദനത്തിനും വംശീയാധിക്ഷേപങ്ങള്‍ക്കും ഇരയാക്കുക തുടങ്ങിയവയെല്ലാം ഈ ഭാഗ്യപരീക്ഷണത്തിലെ സ്ഥിരം കെട്ടുകാഴ്ചകള്‍. യൂറോപ്യന്‍ തീരങ്ങളില്‍ എത്തിച്ചേര്‍ന്നാല്‍ പിന്നെ ഡബ്ലിന്‍ വിരലടയാളം എന്ന ഊരാക്കുടുക്കില്‍ നിന്നു രക്ഷപ്പെടാനുള്ള വെപ്രാളമാണ്. 1997ല്‍ നിലവില്‍ വന്ന ഡബ്ലിന്‍ കരാര്‍ പ്രകാരം അഭയാര്‍ഥികള്‍ ആദ്യം എത്തിച്ചേരുന്ന യൂറോപ്യന്‍ രാജ്യത്തു വച്ച് ഇലക്ട്രോണിക് ഫിംഗര്‍ പ്രിന്റ് എടുക്കുകയും അവിടെത്തന്നെ അഭയത്തിന് അപേക്ഷ നല്‍കുകയും ചെയ്യണം. താരതമ്യേന ദരിദ്രമായ ഗ്രീസ്, മാസിഡോണിയ, സെര്‍ബിയ എന്നിവിടങ്ങളിലും ഇറ്റലിയിലുമാണ് അഭയാര്‍ഥികള്‍ കടല്‍ വഴിയും കര മാര്‍ഗവും ആദ്യം എത്തിച്ചേരുക. എന്നാല്‍, അധികം പേരും ലക്ഷ്യമിടുന്നത് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ തുടങ്ങിയ സമ്പന്ന രാജ്യങ്ങളാണ്. ഡബ്ലിന്‍ ഫിംഗര്‍പ്രിന്റ് എടുത്താല്‍ അവിടങ്ങളില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. അതിനാല്‍, എത്തിപ്പെട്ട പ്രദേശങ്ങളുടെ അതിര്‍ത്തിവേലികള്‍ വേഗം മറികടക്കാനാണ് അധികം പേരും ശ്രമിക്കുന്നത്. അതാകട്ടെ മനുഷ്യജീവനുകള്‍ വച്ച് യൂറോ നിരക്കില്‍ കള്ളക്കച്ചവടത്തിനുള്ള മറ്റൊരു അനന്തസാധ്യതയും. സിറിയന്‍ അഭയാര്‍ഥികള്‍ക്കു വേണ്ടി തുറന്നിട്ട തുര്‍ക്കിയുടെ അതിര്‍ത്തി വഴി ഈജിയന്‍ കടലിടുക്കു കടന്നു ഗ്രീസില്‍ എത്തുന്നവരുടെ എണ്ണവും കൂടുതലായതിനാല്‍ യൂറോ കള്ളക്കച്ചവടത്തിനു സാധ്യത കൂടുതലുമാണ്.

പടിഞ്ഞാറു കരപറ്റാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികള്‍ പ്രധാനമായും മൂന്നു വിധം അനീതികള്‍ക്കിരയാവുന്നു. അനധികൃത ഏജന്റുമാര്‍ നടത്തുന്ന കണ്ണില്‍ച്ചോരയില്ലാത്ത പിടിച്ചുപറിയാണ് ഒന്നാമത്തേത്. യൂറോപ്യന്‍ നാടുകളിലേക്കു കുടിയേറുന്ന അഭയാര്‍ഥികള്‍ക്ക് എട്ടു വഴികളിലൂടെ യൂറോപ്യന്‍ കര പറ്റാമെങ്കിലും അറബ് അഭയാര്‍ഥികളുടെ നിയമവിരുദ്ധ പലായനത്തിന്റെ ഒഴുക്ക് പ്രധാനമായും രണ്ടു വഴികളിലൂടെയാണ്. ലിബിയന്‍ തുറമുഖമായ സുവാറ വഴിയോ തുര്‍ക്കിയിലെ ബദ്രോം തീരത്തു നിന്നോ ഗ്രീസിന്റെ കോസോ ദ്വീപില്‍ അടിയുകയാണ് അധികം പേരും.
ബദ്രോം തുറമുഖത്തു നിന്ന് അര മണിക്കൂറിനകം എത്തിച്ചേരാവുന്ന കോസോ ദ്വീപിലേക്ക് ടൂറിസ്റ്റുകള്‍ക്കു പോലും പത്ത് യൂറോ കൊടുത്താല്‍ മതി. എന്നാല്‍, നിരാലംബനായ അറബ് അഭയാര്‍ഥിക്ക്  ആയിരം മുതല്‍ രണ്ടായിരം വരെ യൂറോ കൊടുത്ത് ദിവസങ്ങള്‍ കാത്തിരിക്കണം. കാശു വാങ്ങി മുങ്ങുന്ന കേസുകള്‍ നിരവധി. അര്‍ധരാത്രിയില്‍ അഭയാര്‍ഥികളെ ബോട്ടില്‍ കയറ്റി പാറക്കെട്ടുകള്‍ മാത്രമുള്ള സമീപ ദ്വീപില്‍ കൊണ്ടുതള്ളുന്ന ഏജന്റുമാരുമുണ്ട്. ഗ്രീസില്‍ എത്തിയെന്നു സമാധാനിക്കുന്ന പാവങ്ങള്‍ നേരം പുലരുമ്പോള്‍ മാത്രമാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.
കോസോ ദ്വീപില്‍ എത്തുന്ന അഭയാര്‍ഥികള്‍ക്ക് അര്‍ധശ്വാസം വിടാം. ഗ്രീസില്‍ ആറു മാസം വരെ തങ്ങാനും മറ്റു പ്രദേശങ്ങളിലേക്ക് തീവണ്ടി കയറാനും സാധിക്കുന്ന രേഖ അവിടന്നു കിട്ടുമെന്നതാണ് ആശ്വാസം. അഭയാര്‍ഥിയാണെന്നു സാക്ഷ്യപ്പെടുത്തുന്ന രേഖ കിട്ടിയാല്‍ പിന്നെ അഥീനയിലേക്ക് യാത്ര തുടരുന്നു.
തുര്‍ക്കി നഗരമായ ഇസ്താംബൂളിലെത്തി അവിടെ നിന്നു വ്യാജരേഖകള്‍ ചമച്ച് യാത്രയ്ക്കു ശ്രമിക്കുന്നവരുമുണ്ട്. ഇഷ്ടമുള്ള യൂറോപ്യന്‍ നാട്ടില്‍ എത്തിക്കാമെന്നു വാഗ്ദാനം ചെയ്ത് തലയൊന്നിന് 5000 യൂറോ മുതല്‍ 10,000 യൂറോ വരെ തരം പോലെ വാങ്ങി വ്യാജ യാത്രാരേഖകള്‍ ചമച്ചുകൊടുക്കുന്ന ബിസിനസാണ് അവിടെ. അഭയാര്‍ഥികളുടെ വിശ്വാസം പിടിച്ചുപറ്റുന്ന വിധം സ്വന്തം നാട്ടുകാരായ ഏജന്റുമാരാണ് പണം പിടുങ്ങുക. എന്നാല്‍ തുറന്നുകിടക്കുന്ന ഗ്രീസ്, മാസിഡോണിയ, സെര്‍ബിയ അതിര്‍ത്തികള്‍ കടന്നു ഹംഗേറിയന്‍ അതിര്‍ത്തിക്കപ്പുറം കടക്കാന്‍ സാധിക്കില്ലെന്നും അവിടം വരെയെത്താന്‍ ഇത്രയും പണച്ചെലവ് അനാവശ്യമായിരുന്നുവെന്നും പിന്നീട് മാത്രമാണ് അഭയാര്‍ഥികള്‍ അറിയുന്നത്.
കടക്കെണിയില്‍ കുടുങ്ങിയ ഗ്രീസ് അഭയാര്‍ഥികള്‍ക്കു വേണ്ടി കാര്യമായൊന്നും ചെയ്യുന്നില്ലെങ്കിലും മുമ്പോട്ടുള്ള അവരുടെ വഴിമുടക്കുന്നില്ല. അതിനാല്‍ മാസിഡോണിയ, സെര്‍ബിയ, ഹംഗറി, ഓസ്ട്രിയ ഉള്‍ക്കൊള്ളുന്ന ബാള്‍ക്കന്‍ കോറിഡോര്‍ വഴി ധനിക യൂറോപ്യന്‍ നാടുകളിലേക്കു കടക്കാനുള്ള അതിര്‍ത്തികള്‍ തുറന്നിട്ടുകൊടുത്തിരിക്കുകയാണ്.
അതേസമയം, വംശവെറി നിറഞ്ഞ നിലപാടാണ് ഹംഗറിയുടേത്. വലതുപക്ഷ വംശീയ സംഘടനകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള രാജ്യം. അറബ് അഭയാര്‍ഥികളെ കഴിയുന്നത്ര തടയുക മാത്രമല്ല, അകത്തു കടന്നവരെ ഓസ്ട്രിയയിലേക്കു കടക്കാന്‍ സമ്മതിക്കുന്നുമില്ല. അതിനിടെ, തങ്ങളുടെ നിലപാട് സാധൂകരിക്കുന്നതിനുള്ള നാടകങ്ങളും അരങ്ങേറുന്നു. ഈയിടെ തീവണ്ടിയില്‍ വച്ച് കവര്‍ച്ചയ്ക്ക് ഒരുമ്പെട്ട ആയുധധാരിയായ അറബ് അഭയാര്‍ഥിയെ നാടകീയമായി പിടികൂടിയതും തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിനിധി നടത്തിയ പ്രസ്താവനയും ഉദാഹരണം. ”സഞ്ചാരസ്വാതന്ത്ര്യത്തിനു ഞങ്ങള്‍ അനുകൂലമാണ്, പക്ഷേ, കലാഷ്‌നിക്കോവ് പിടിച്ചുകൊണ്ടല്ല” എന്നായിരുന്നു വിവാദ പ്രസ്താവന. ഹംഗറിയുടെ കടുത്ത നടപടികള്‍ മറികടക്കാന്‍ ഏജന്റുമാര്‍ കണ്ടുപിടിച്ച വഴിയാണ് അടച്ചിട്ട ട്രക്കുകളില്‍ അഭയാര്‍ഥികളെ കടത്താനുള്ള ശ്രമം.
സ്വാതന്ത്ര്യവും അഭയവും ഒരു മനുഷ്യനും നിഷേധിക്കരുതെന്നാണ് യൂറോപ്യന്‍ യൂനിയന്റെ പ്രഖ്യാപിത നയം. പക്ഷേ, അതെല്ലാം വെറും കടലാസില്‍. വെള്ളക്കാര്‍ക്കു മാത്രമുള്ളതാണ് സഞ്ചാരസ്വാതന്ത്ര്യവും ഷെന്‍ഗന്‍ കരാറും. ആഗസ്ത് 23ന് ഫിനാന്‍ഷ്യല്‍ ടൈംസ് പത്രത്തില്‍ പോളണ്ടില്‍ അഭയം ലഭിച്ച സഅ്ദ് എന്ന സിറിയന്‍ അഭയാര്‍ഥിയെക്കുറിച്ചുള്ള ഒരു റിപോര്‍ട്ടുണ്ട്. സാഹസികമായി കടല്‍ കടന്നും അതിര്‍ത്തി കാക്കുന്നവരുടെ കണ്ണുവെട്ടിച്ചുമല്ല സഅ്ദും കുടുംബവും വാഴ്‌സയില്‍ എത്തിയത്. മാന്യമായി വിമാനമാര്‍ഗം എത്തി, മോശമല്ലാത്ത വീടും ആരോഗ്യ ഇന്‍ഷുറന്‍സും ഭാഷ പഠിക്കാന്‍ സൗജന്യ സൗകര്യങ്ങളും അയാള്‍ക്കും കുടുംബത്തിനും ലഭിച്ചത് വെറും ഭാഗ്യം കൊണ്ടായിരുന്നില്ല; അവര്‍ സിറിയന്‍ ക്രിസ്ത്യാനികള്‍ ആയതുകൊണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ടിന്റെ ചുരുക്കം. സഭകളുടെ നിര്‍ദേശപ്രകാരം നിശ്ചിത എണ്ണം സിറിയന്‍ ക്രിസ്ത്യാനികളെ ഏറ്റെടുക്കാന്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗങ്ങളായ കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തീരുമാനിച്ചിരുന്നു. അതു പ്രകാരം പോളണ്ട് ഏറ്റെടുക്കാന്‍ തീരുമാനിച്ച 300 ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ഒന്നാണ് സഅ്ദിന്റേത്.
ക്രിസ്ത്യന്‍ കുടുംബങ്ങളെ മാത്രം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും മുസ്‌ലിം അഭയാര്‍ഥികളെ നിരസിക്കുകയും ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് പോളണ്ട് പ്രധാനമന്ത്രി ഈവ കൊപാസി വിശദീകരിക്കുന്നു: ”സിറിയയില്‍ ക്രൂരമായി വേട്ടയാടപ്പെടുന്ന ക്രിസ്ത്യാനികളെ സംരക്ഷിക്കല്‍ പോളണ്ട് പോലുള്ള ക്രിസ്ത്യന്‍ രാഷ്ട്രങ്ങളുടെ ചുമതലയാണ്. എന്നാല്‍, മുസ്‌ലിം അഭയാര്‍ഥികള്‍ പോളണ്ടിന്റെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. അവര്‍ ഇവിടെ വന്നാല്‍ പിന്നെ ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന അവരുടെ സംഘടന പോളണ്ടില്‍ വളരും. ഇസ്‌ലാംമതം സ്വീകരിക്കുന്നവരില്‍ വലിയൊരു വിഭാഗം ക്രിമിനലുകളാണ്!”
മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യമായ പോളണ്ടിന്റെ നയം തന്നെയാണ് അറബ് അഭയാര്‍ഥികളുടെ കാര്യത്തില്‍ തൊട്ടപ്പുറത്തുള്ള ചെക്ക്, സ്ലോവാക്യ റിപബ്ലിക്കുകള്‍ക്കും. കൊച്ചുരാജ്യമായ ചെക്ക് റിപബ്ലിക് 70 സിറിയന്‍ കുടുംബങ്ങള്‍ക്ക് അഭയം നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. പക്ഷേ, അവര്‍ ക്രിസ്തുമതവിശ്വാസികള്‍ ആയിരിക്കണമെന്നാണ് നിബന്ധന. സ്ലോവാക്യയില്‍ അഭയം തേടുന്ന സിറിയക്കാര്‍ മുടങ്ങാതെ ചര്‍ച്ചില്‍ പോകുന്നവരാവണമെന്നാണ് സര്‍ക്കാരിന്റെ മാനദണ്ഡമെന്നു ദൂമ എന്ന ബള്‍ഗേറിയന്‍ പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. 300 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് അഭയം നല്‍കാന്‍ തീരുമാനിച്ച സ്ലോവാക്യ, മുസ്‌ലിംകളെ സ്വീകരിക്കുന്നതിലുള്ള തങ്ങളുടെ നിവൃത്തിയില്ലായ്മ അഭ്യന്തര മന്ത്രാലയ വക്താവ് ഇവാന്‍ നെതീകിന്റെ വാക്കുകളില്‍ വ്യക്തമാണ്: ”എണ്ണൂറു മുസ്‌ലിംകള്‍ക്ക് അഭയം നല്‍കണമെന്നുണ്ട് ഞങ്ങള്‍ക്ക്. പക്ഷേ, സ്ലോവാക്യയില്‍ മുസ്‌ലിം പള്ളികള്‍ ഇല്ല. മുസ്‌ലിംകള്‍ക്ക് സ്ലോവാക്യന്‍ സമൂഹത്തില്‍ ഇഴുകിച്ചേരാന്‍ സാധിക്കില്ല. അഭയം തേടുന്നവരുമായി അഭിമുഖം നടത്തുമ്പോള്‍ അവരുടെ മതകാഴ്ചപ്പാട് ചോദിച്ചറിഞ്ഞു മാത്രമേ ഞങ്ങള്‍ക്ക് തീരുമാനമെടുക്കാനാവൂ.” ഉദാരവാദത്തിന്റെ വിളനിലമാണ് യൂറോപ്പ് എന്ന കാര്യം തല്‍ക്കാലം വിസ്മരിക്കുക.
സ്ലോവാക്യയുടെ ഈ തീരുമാനത്തെക്കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോള്‍, മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം എല്ലാ അംഗരാജ്യങ്ങളിലും നിരോധിക്കപ്പെട്ടതാണ് എന്നായിരുന്നു യൂറോപ്യന്‍ ഹൈകമ്മീഷന്‍ വക്താവ് അന്നിക ബ്രിത്താര്‍ദിന്റെ പ്രതികരണം.
അറബ്-ആഫ്രിക്കന്‍ മേഖലയെ കൊള്ള ചെയ്ത് സമ്പന്നമായ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ഥി വിഷയത്തില്‍ തികഞ്ഞ നിസ്സംഗത പുലര്‍ത്തുകയാണ്. അവിടവിടെ മുഴങ്ങുന്ന ചില പ്രസ്താവനകള്‍ ഒഴിച്ചാല്‍ ബ്രിട്ടന്‍, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങള്‍ അഭയാര്‍ഥിപ്രശ്‌നം പരിഹരിക്കാന്‍ ഒന്നും ചെയ്യുന്നില്ല. ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ മാത്രമാണ് ”ഡബ്ലിന്‍ കരാര്‍ ഭേദഗതി ചെയ്ത് അഭയാര്‍ഥികളുടെ പുനരധിവാസത്തിനു വഴിയൊരുക്കണം” എന്ന പ്രസ്താവനയെങ്കിലും നടത്തിയത്.
യഥാര്‍ഥത്തില്‍ ധനിക യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ധാരാളം മനുഷ്യവിഭവം ആവശ്യമുണ്ട്. കുടിയേറ്റത്തിനു ശ്രമിക്കുന്ന അറബ് അഭയാര്‍ഥികളില്‍ വലിയൊരു വിഭാഗവും അഭ്യസ്തവിദ്യരും തൊഴില്‍ നൈപുണിയുള്ളവരുമാണ്. എന്നാല്‍, അറബ് ലോകത്തെക്കുറിച്ച് പ്രചരിപ്പിച്ച അസത്യങ്ങളും ഇസ്‌ലാമോഫോബിയയും അഭയാര്‍ഥികളെ ഉള്‍ക്കൊള്ളുന്നതിനു മുമ്പില്‍ തടസ്സമാവുന്നു. ചില രാജ്യങ്ങള്‍ അതു തുറന്നുപറയുമ്പോള്‍ മറ്റു ചിലര്‍ ഭരണകൂടത്തിന്റെ ഉച്ചഭാഷിണികളായ അക്കാദമിക വിദഗ്ധരെ ഉപയോഗിച്ചാണ് അതു പ്രകടിപ്പിക്കുന്നത്.
ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയിലെ ധനശാസ്ത്ര പ്രഫസര്‍ പോള്‍ കൊളിയെര്‍ എന്ന ജര്‍മന്‍ വംശജന്‍ ഈയിടെ രചിച്ച എക്‌സഡസ്: ഇമ്മിഗ്രേഷന്‍ ആന്റ് മള്‍ട്ടി കള്‍ചറലിസം എന്ന പുസ്തകം ഒരുദാഹരണം. യൂറോപ്യന്‍ അധികാരികള്‍, പ്രത്യേകിച്ച് ബ്രിട്ടന്‍-അറബ്-ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് അഭയാര്‍ഥികളുടെ ഒഴുക്ക് തടയണമെന്ന് പുസ്തകം ആവശ്യപ്പെടുന്നു. ഈ മേഖലയില്‍ നിന്നു കൂടുതല്‍ പേര്‍ വന്ന് സാംസ്‌കാരിക വൈവിധ്യം കൂടുതലായാല്‍ സാമൂഹിക സഹകരണം നഷ്ടപ്പെടുമെന്നും അതു ബ്രിട്ടന്റെ തനതു പൗരന്മാരുടെ (വെളുത്ത സായിപ്പുമാര്‍) നിലനില്‍പ്പിനെ ചോദ്യം ചെയ്യുമെന്നുമാണ് തെളിവേതുമില്ലാതെ ഇദ്ദേഹം വാദിക്കുന്നത്. വെള്ളക്കാര്‍ക്കിടയില്‍ അറബ് അഭയാര്‍ഥികളെക്കുറിച്ച് അനാവശ്യ ഭയം ജനിപ്പിക്കാന്‍ ഉപകരിക്കുന്ന ഇത്തരം രചനകള്‍ ഓക്‌സ്ഫഡ് പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.
സിറിയക്കാരുടെ സ്വപ്നസ്വര്‍ഗമാണ് ബ്രിട്ടന്‍. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സിറിയയിലെ വരേണ്യവര്‍ഗം ബ്രിട്ടനില്‍ കാലങ്ങളായി തമ്പടിച്ചിട്ടുണ്ട്. എന്നാല്‍, 2011 മുതല്‍ അഭയാര്‍ഥികളായ 40 ലക്ഷം സിറിയക്കാരില്‍ ബ്രിട്ടന്‍ ഇതുവരെ അഭയം നല്‍കിയത് വെറും 90 പേര്‍ക്കു മാത്രമാണെന്ന് പ്രമുഖ ബ്രിട്ടിഷ് മാധ്യമപ്രവര്‍ത്തകന്‍ മഹ്ദി ഹസന്‍ പറയുന്നു. അറബ്-ആഫ്രിക്കന്‍ പ്രദേശത്തു നിന്നുള്ള അഭയാര്‍ഥി ഒഴുക്ക് ലോകത്ത് മുഴുവന്‍ കോളിളക്കം സൃഷ്ടിച്ചിട്ടും അറബ് ലീഗ്, ഒ.ഐ.സി. പോലുള്ള ഔദ്യോഗിക ഏജന്‍സികള്‍ ഇത് എഴുതുവോളം ഇവ്വിഷയകമായി കമാന്നു മിണ്ടിയിട്ടില്ല. പിന്നെ പടിഞ്ഞാറിന്റെ ഇസ്‌ലാമോഫോബിയയെ എന്തിനു കുറ്റം പറയണം?
സിറിയ, ഇറാഖ് പോലുള്ള യുദ്ധഭൂമികളില്‍ നിന്നു പടിഞ്ഞാറിലെ സ്വര്‍ഗം തേടി അറബ് അഭയാര്‍ഥികള്‍ യാത്ര തുടരുമ്പോള്‍, അവര്‍ വിട്ടേച്ചുപോവുന്ന അതേ ഭൂമിയിലേക്കാണ് ആയിരക്കണക്കിനു വിഡ്ഢികളായ യൂറോപ്യന്‍ പൗരന്മാര്‍ സ്വര്‍ഗം ഉപേക്ഷിച്ചു സ്വയംപ്രഖ്യാപിത ഖിലാഫത്തിന്റെ ഭാഗമാവാന്‍ നടത്തുന്ന പ്രതിപലായനം അരങ്ങേറുന്നതും!
അതിനിടയ്ക്ക് നിയമവിധേയമല്ലാതെ തങ്ങുന്നവരെക്കൊണ്ടുള്ള വലിയ നേട്ടം കൊയ്യുന്നവരുമാണ് യൂറോപ്പും അമേരിക്കയും. നിയമപരിരക്ഷയില്ലാത്തവര്‍ എപ്പോഴും നിഴലിലായിരിക്കും. അവര്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റിയോ ഹെല്‍ത്ത് ഇന്‍ഷുറന്‍സോ വേണ്ട. ഇമ്മിഗ്രേഷന്‍ അധികൃതരുടെ കണ്ണില്‍പ്പെട്ടാല്‍ ഏതു നിമിഷവും രാജ്യം വിടേണ്ടിവരും. അതിനാല്‍, കുറഞ്ഞ കൂലി നല്‍കി അവരെക്കൊണ്ട് മോശം ജോലി ചെയ്യിപ്പിക്കാം. അതാണ് സൂത്രം. തുര്‍ക്കികളെ ഉപയോഗിച്ച് രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികളില്‍ നിന്നു രക്ഷപ്പെട്ടത് അങ്ങനെയായിരുന്നു. ഹിസ്പാനിക്കുകള്‍ കൊണ്ടുള്ള ഗുണം അറിയാന്‍ അമേരിക്കയിലേക്ക് ഒന്നു നോക്കിയാല്‍ മതി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss