|    Oct 15 Mon, 2018 4:54 pm
FLASH NEWS

പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു;ബസ് സര്‍വീസുകള്‍ നിര്‍ത്തി

Published : 20th September 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: പുത്തനാറ്റിലും പനയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ പ്രദേശമായ പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. മൂലേപുതുവേല്‍, അറുനൂറില്‍ പുതുവേല്‍, നക്രാല്‍, കോമങ്കേരിച്ചിറ തുടങ്ങിയ പ്രദേശങ്ങളിലെ 350 ഓളം വീടുകള്‍ ആണ് പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടത്. മണിമലയാറിന്റെ കൈത്തോടായ പനയാര്‍ നിറഞ്ഞു കവിഞ്ഞൊഴുകിയതോടെ  അറുനൂറില്‍ പുതുവേല്‍, മൂലേപുതുവേല്‍ തുടങ്ങിയ കോളനികളില്‍ 150 ഓളം വീടുകളില്‍ അരയറ്റം പൊക്കത്തില്‍ വെള്ളം കയറി. കിടങ്ങറ പാലം കഴിഞ്ഞ് അറുനൂറില്‍ പുതുവേലിന് സമീപം മുതല റോഡില്‍ അരയറ്റം വെള്ളം ഉയര്‍ന്നതിനാല്‍ കെഎസ്ആര്‍ടിസി ഇവിടേയ്ക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു. ഇതും ജനജീവിതം ദുസഹമാക്കി. ഇന്നലെ മഴ ശമിച്ചെങ്കിലും കിഴക്കന്‍ വെള്ളം ഒഴുകിയെത്തിയതോടെയാണ് രണ്ട് ദിവസം കൊണ്ട് പടിഞ്ഞാറന്‍ പ്രദേശത്തെ 350 ഓളം വീടുകളില്‍ വെള്ളം കയറിയത്. പാടശേഖരങ്ങളും ചതുപ്പുനിലങ്ങളും വെള്ളത്തില്‍ മുങ്ങിയതോടെ വിഷപാമ്പുകളുടെ കടുത്തശല്യവും രൂക്ഷമായി. കഴിഞ്ഞ രണ്ടുദിവസം കൊണ്ട് പത്തോളം മൂര്‍ഖന്‍ പാമ്പിനെയാണ് നാട്ടുകാര്‍ പിടികൂടി തല്ലികൊന്നത്. കര തേടി പാമ്പുകള്‍ കൂട്ടത്തോടെയെത്തിയതായും കുട്ടികളടക്കം പുറത്തിറങ്ങാന്‍ ഭയക്കുന്നതായും സ്ത്രീകള്‍ പറഞ്ഞു. വീടുകളില്‍ അടിയന്തിര സഹായം എത്തിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. എസി റോഡില്‍ പുത്തനാറ്റിലും ജലനിരപ്പുയര്‍ന്നതോടെ എസി കോളനിയിലെ വീടുകളിലും ജീവിതം ദുരിതമായി. ചങ്ങനാശ്ശേരി തഹസില്‍ദാര്‍ മിനി എം ജോണ്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ സി കെ പ്രസന്നന്‍, ജി അനിത, ചങ്ങനാശ്ശേരി പായിപ്പാട് വില്ലേജ് ഓഫിസര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരും ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വീണ്ടും ജലനിരപ്പുയര്‍ന്നാല്‍ അടിയന്തിര സഹായം എത്തിക്കുമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍: 04812420037.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss