|    Feb 24 Fri, 2017 3:00 am

പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്; സമരം കലക്ടറേറ്റ് പടിക്കലേക്ക് മാറ്റുന്നു

Published : 8th November 2016 | Posted By: SMR

കല്‍പ്പറ്റ: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിനെ വയനാട്ടിലെ പടിഞ്ഞാറത്തറയുമായി ബന്ധിപ്പിക്കുന്ന പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി കാപ്പിക്കളത്ത് നടത്തുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം കലക്ടറേറ്റ് പടിക്കലേക്ക് മാറ്റുന്നു. പടിഞ്ഞാറത്തറയിലെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് പ്രക്ഷോഭം കലക്ടറേറ്റ് പടിക്കലേക്ക് മാറ്റാനും ശക്തമാക്കാനുമാണ് സമരസമിതിയുടെ തീരുമാനമെന്നു കണ്‍വീനര്‍ സന്ദീപ് കാരിച്ചാല്‍, ചെയര്‍മാന്‍ രാജന്‍ കുറ്റിയാനിക്കല്‍, വൈസ് ചെയര്‍മാന്‍ തോമസ് മാങ്കോട്ടില്‍ എന്നിവര്‍ പറഞ്ഞു. റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതില്‍ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടല്‍ തേടി സമരസമിതി ഈ മാസം ഒന്നിനാണ് കാപ്പിക്കളം അങ്ങാടിയില്‍ പന്തല്‍കെട്ടി അനിശ്ചിതകാല റിലേ സത്യഗ്രഹം തുടങ്ങിയത്. ദിവസവും രാവിലെ 10 മുതല്‍ നാലുവരെ നടത്തുന്ന സമരത്തെ അധികാരികള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം ജില്ലാ ആസ്ഥാനത്തേക്ക് മാറ്റാനുള്ള പദ്ധതി. താമരശേരി ചുരത്തിന് ബദലായി വിഭാവനം ചെയ്തതാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്. 27.226 കിലോമീറ്റര്‍ വരുന്ന പാതയുടെ പ്രവൃത്തി 22 വര്‍ഷം മുമ്പ് തുടങ്ങിയതാണ്. 1994 സപ്തംബര്‍ 23ന് പടിഞ്ഞാറത്തറയിലും പൂഴിത്തോടുമായി യഥാക്രമം അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും പൊതുമരാമത്ത് മന്ത്രി പി കെ കെ ബാവയുമാണ് പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. പാതയില്‍ പടിഞ്ഞാറത്തറ, തരിയോട്, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലായി 14.28 കിലോമീറ്റര്‍ നിര്‍മാണം നടന്നു. വനത്തിലൂടെയുള്ള 12.9 കിലോമീറ്ററിലാണ് പ്രവൃത്തി നടക്കാനുള്ളത്. വനത്തിലൂടെയുള്ള റോഡ് നിര്‍മാണത്തിന് ഇതുവരെ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ അനുമതിയായില്ല. ഇതാണ് റോഡ് പണി പൂര്‍ത്തിയാക്കുന്നതിനു മുഖ്യ തടസ്സവും. റോഡ് നിര്‍മിക്കുമ്പോള്‍ നഷ്ടമാവുന്ന വനപ്രദേശത്തിനു പകരമായി 26.33 ഹെക്റ്റര്‍ ഭൂമി വര്‍ഷങ്ങള്‍ക്കു മുമ്പ് റവന്യൂവകുപ്പ് ഏറ്റെടുത്ത് വനംവകുപ്പിനു കൈമാറിയതാണ്. ഈ ഭൂമിയില്‍ 20.77 ഹെക്റ്ററും വയനാട്ടിലാണ്. 5.56 ഹെക്റ്റര്‍ കോഴിക്കോട് ജില്ലയിലും. പടിഞ്ഞാറത്തറ, തരിയോട്, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ പതിനായിക്കണക്കിന് കുടുംബങ്ങളുടെ ചിരകാലാഭിലാഷമാണ് ചുരമില്ലാപ്പാത. മൂന്നു പഞ്ചായത്തുകളിലെയും പൊതുപ്രവര്‍ത്തകര്‍ കൂട്ടായി നടത്തിയ പരിശ്രമമാണ് രണ്ടു പതിറ്റാണ്ടു മുമ്പ് പ്രവൃത്തി ഉദ്ഘാടനം നടത്തുന്നതിലേക്ക് നയിച്ചത്. വനഭൂമിക്ക് പകരം നല്‍കുന്നതിനായി സ്വന്തം ഭൂമി സൗജന്യമായി വിട്ടുകൊടുത്തവര്‍ മൂന്നു പഞ്ചായത്തുകളിലും നിരവധിയാണ്. പകരം ഭൂമി ലഭ്യമാക്കിയിട്ടും വനത്തിലൂടെ റോഡ് പണിയുന്നതിനു കേന്ദ്ര മന്ത്രാലയം അനുമതി നല്‍കാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. നിലവില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും സംസ്ഥാന ഭരണം കൈയാളുന്ന മുന്നണിയുടെയും നേതാക്കള്‍ റോഡ് നിര്‍മാണത്തിനുള്ള തടസ്സം നീക്കാന്‍ ഇടപെടുമെന്നു നേരത്തേ ഉറപ്പുനല്‍കിയതാണ്. റോഡ് പണിക്കുള്ള അനുമതി നേടിയെടുക്കുന്നതിനു സംസ്ഥാന സര്‍ക്കാരിനു പുറമെ ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തുന്നത് ഗുണം ചെയ്യുമെന്ന അഭിപ്രായത്തിലാണ് സംയുക്ത സമരസമിതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക