|    Oct 18 Thu, 2018 7:41 pm
FLASH NEWS

പടിഞ്ഞാറത്തറ ടൗണ്‍ നവീകരണം പൂര്‍ത്തിയായില്ല

Published : 21st September 2017 | Posted By: fsq

 

വെള്ളമുണ്ട: രണ്ടുവര്‍ഷം പിന്നിട്ടിട്ടും പടിഞ്ഞാറത്തറ ടൗണ്‍ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായില്ല. 2015ല്‍ 25 ലക്ഷം രൂപ വിനിയോഗിച്ച് നടത്താന്‍ കരാര്‍ നല്‍കിയ പ്രവൃത്തികളാണ് പൂര്‍ത്തിയാവാതെ യാത്രക്കാര്‍ക്കും ടൗണിലെത്തുന്ന വാഹനങ്ങള്‍ക്കും ദുരിതമാവുന്നത്. 2015ല്‍ അന്നത്തെ എംഎല്‍എ എം വി ശ്രേയസ്‌കുമാറിന്റെ ഫണ്ടില്‍ നിന്നാണ് പടിഞ്ഞാറത്തറ ടൗണ്‍ നവീകരണത്തിനായി തുക മാറ്റിവച്ച് പ്രവൃത്തികള്‍ കരാര്‍ നല്‍കിയത്. അടഞ്ഞുകിടന്നിരുന്ന ടൗണിലെ ഓവുചാലുകള്‍ വെള്ളം ഒഴുകിപ്പോവാനുള്ള തരത്തില്‍ നവീകരിക്കുക, ഓവുചാലുകളുടെ സ്ലാബുകള്‍ പുതുക്കിപ്പണിത് കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യപ്രദമാം വിധം ഇന്റര്‍ലോക്ക് ചെയ്യുക, കല്‍പ്പറ്റ റോഡില്‍ നിന്നു പടിഞ്ഞാറത്തറയിലേക്ക് കടക്കുന്ന ഭാഗത്ത് കള്‍വര്‍ട്ട് പണിയുക, നിര്‍മാണം നടത്തുന്ന ഭാഗങ്ങളില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയാഗ്യമാക്കുക തുടങ്ങിയവയായിരുന്നു എസ്റ്റിമേറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ഇതുപ്രകാരം കരാറേറ്റെടുത്ത വ്യക്തി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്തതാണ് യാത്രക്കാര്‍ക്ക് ദുരിതമാവുന്നത്. കല്‍പ്പറ്റ റോഡിലെ സ്‌റ്റേറ്റ് ബാങ്കിന് മുന്നില്‍ നിന്നു തുടങ്ങി ഫെഡറല്‍ ബാങ്കിന് മുന്നില്‍ അവസാനിക്കേണ്ട പ്രവൃത്തിയില്‍ പലഭാഗങ്ങളിലും ഓവുചാലുകള്‍ക്ക് മുകളിലെ സ്ലാബുകള്‍ പുതുക്കി ഇന്റര്‍ലോക്ക് പതിച്ചിട്ടില്ല. തെങ്ങുംമുണ്ട റോഡില്‍ നിന്നു നടപ്പാതയിലേക്ക് യാത്രക്കാര്‍ക്ക് കയറേണ്ട ഭാഗത്ത് വന്‍കുഴിയാണ് നിലവിലുള്ളത്. ഇവിടെ കുട്ടികളും സ്ത്രീകളും അപകടത്തില്‍പെടുന്നത് പതിവാണ്. ഇന്നലെയും സ്ലാബിനടിയില്‍ കാല് കുടുങ്ങി പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ ഭാഗത്ത് വെള്ളം ഒഴുകിപ്പോവും വിധത്തില്‍ കള്‍വര്‍ട്ട് വേണമെന്ന ആവശ്യവും നടപ്പായിട്ടില്ല. കള്‍വര്‍ട്ട് നിര്‍മിച്ച ഭാഗത്ത് ചെറിയ മഴയില്‍ പോലും വെള്ളം കെട്ടിനില്‍ക്കുന്നത് പതിവാണ്. ഈ ഭാഗത്ത് തകര്‍ന്ന റോഡ് നന്നാക്കാനും നടപടിയുണ്ടായില്ല. സംസ്ഥാന പാതയായി അംഗീകരിച്ച പൂഴിത്തോട് റോഡുമായി ബന്ധിക്കുന്ന ഭാഗമായതിനാല്‍ ടൗണിലെ നടപ്പാതകളോട് ചേര്‍ന്ന് ഹാന്റ് റെയിലുകള്‍ സ്ഥാപിക്കാന്‍ എസ്റ്റിമേറ്റില്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും പിന്നീട് ഇതും ഉദ്യോഗസ്ഥരുമായി ചേര്‍ന്നു കരാറുകാരന്‍ അട്ടിമറിച്ചതായി ആരോപണമുണ്ട്. ഇതോടെ കാല്‍ കോടിയോളം രൂപ ചെലവഴിച്ച് നടത്തിയ നവീകരണ പ്രവൃത്തികള്‍ യാത്രക്കാര്‍ക്ക് ഗുണത്തേക്കാളെറെ ദുരിതമാണുണ്ടാക്കിയതെന്നാണ് പരാതി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss