|    Oct 20 Sat, 2018 5:52 am
FLASH NEWS
Home   >  Editpage  >  Editorial  >  

പടയൊരുക്കവുമായി കോണ്‍ഗ്രസ്

Published : 20th March 2018 | Posted By: kasim kzm

നരേന്ദ്ര മോദി സര്‍ക്കാരിനെ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ കരുത്തോടെ നേരിടുമെന്ന പ്രഖ്യാപനവുമായാണ് ഡല്‍ഹിയില്‍ രണ്ടു ദിവസമായി നടന്ന എഐസിസിയുടെ 84ാമത് പ്ലീനറി സമ്മേളനം സമാപിച്ചത്. പുതുതായി അധ്യക്ഷസ്ഥാനത്തെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃശൈലി കൃത്യമായി പ്രതിഫലിക്കുന്നതായിരുന്നു സമ്മേളനത്തിന്റെ നടത്തിപ്പു ശൈലിയും അതു നടത്തിയ പ്രഖ്യാപനങ്ങളും.
കോണ്‍ഗ്രസ്സിനു 133 വര്‍ഷം പ്രായമായെങ്കിലും പാര്‍ട്ടി പുതിയൊരു യുവനേതൃത്വത്തിനു കീഴില്‍ ഊര്‍ജം നേടിയെടുക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പുതുതലമുറയ്ക്ക് നേതൃത്വത്തിലും അധികാരപദവികളിലും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉറപ്പിച്ചുപറയുന്നു. പണവും സ്വാധീനവും മാത്രമായിരിക്കില്ല നേതൃത്വത്തിലേക്കു കടന്നുവരാനുള്ള ചവിട്ടുപടികള്‍. കഴിവും ആത്മാര്‍ഥതയും അംഗീകരിക്കപ്പെടും. പാര്‍ട്ടിയെ പുതുയുഗത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കരുത്തുറ്റതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
മറുവശത്ത്, രാജ്യം ഭരിക്കുന്ന ബിജെപിയും അതിന്റെ സംഘപരിവാര രാഷ്ട്രീയ അജണ്ടയും ഇന്ത്യയെ എത്ര കടുത്ത പ്രതിസന്ധിയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നതെന്ന് സമ്മേളനം കൃത്യമായിത്തന്നെ ചൂണ്ടിക്കാട്ടുകയുണ്ടായി. സോണിയാഗാന്ധിയും ഡോ. മന്‍മോഹന്‍ സിങും പി ചിദംബരവും നടത്തിയ പ്രസംഗങ്ങള്‍ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയവൈകല്യങ്ങളെ ശക്തമായി തുറന്നുകാട്ടുന്ന കടന്നാക്രമണങ്ങളായിരുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ കരുത്തോടെ പ്രത്യാക്രമണം നടത്തുന്ന കോണ്‍ഗ്രസ്സിനെയാകും ബിജെപിക്കു നേരിടേണ്ടിവരുക എന്നു സമ്മേളന നടപടികള്‍ സൂചിപ്പിക്കുന്നു.
ആഭ്യന്തരരംഗത്തും വിദേശബന്ധങ്ങളിലും സാമ്പത്തികരംഗത്തും ഒരേപോലെ പരാജയപ്പെട്ട ഭരണകൂടമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റേതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തരരംഗത്ത് സാമൂഹിക സംഘര്‍ഷങ്ങള്‍ അഭൂതപൂര്‍വമാംവിധം വര്‍ധിച്ചിരിക്കുന്നു. കശ്മീര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇത്രയേറെ വഷളായ മറ്റൊരവസരം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. അയല്‍ രാജ്യങ്ങളായ പാകിസ്താനുമായും ചൈനയുമായുമുള്ള ബന്ധങ്ങളും കൂടുതല്‍ വഷളായിരിക്കുന്നു. ഇന്ത്യയുടെ വിദേശനയത്തില്‍ ദീര്‍ഘകാലമായി പിന്തുടരുന്ന നയങ്ങളും സമീപനങ്ങളും ഉപേക്ഷിക്കപ്പെടുകയാണ്. മോദിയുടെ വ്യക്തിപരമായ ബന്ധങ്ങളും സൗഹൃദങ്ങളുമാണ് വിദേശനയത്തിന്റെ അടിത്തറ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു.
സാമ്പത്തികരംഗത്തെ കെടുകാര്യസ്ഥതയുടെ വസ്തുതാപരമായ ചിത്രമാണ് ഡോ. മന്‍മോഹന്‍ സിങും ചിദംബരവും വരച്ചുകാണിച്ചത്. കാര്‍ഷിക മേഖലയില്‍ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം വീണ്‍വാക്കായി. രണ്ടു കോടി പുതിയ തൊഴിലവസരമെന്നത് അപഹാസ്യമായ അവകാശവാദമായി. ലോക സാമ്പത്തിക രംഗം 3.2 ശതമാനം വളര്‍ച്ച നേടുന്ന വേളയില്‍ പോലും ഇന്ത്യ കിതയ്ക്കുകയാണെന്ന വസ്തുത സാമ്പത്തിക മേഖലയിലെ കഴിവുകേടിന്റെ ഉദാഹരണമാണ്. ഇതെല്ലാം രാജ്യം പുതിയൊരു മാറ്റത്തിനു വേണ്ടി ദാഹിക്കുകയാെണന്ന ചിത്രമാണ് നല്‍കുന്നത്. കോണ്‍ഗ്രസ് അതിനുള്ള പടയൊരുക്കത്തിനു മുന്നില്‍ നിന്നാല്‍ നല്ലതുതന്നെ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss