|    Mar 23 Thu, 2017 7:55 am
FLASH NEWS

പടക്കമേറിലെ ക്രമസമാധാനഭംഗം

Published : 11th September 2016 | Posted By: SMR

slug-indraprasthamദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി തെക്കുതെക്കൊരു ദേശത്ത് കേരം തിങ്ങും കേരളനാട്ടില്‍ ആഘോഷിക്കാനാണ് ഭാരതീയ പശുവാദിപ്പാര്‍ട്ടിയുടെ തീരുമാനം. ദീന്‍ദയാല്‍ജി പശുവാദികളുടെ പൂര്‍വാശ്രമത്തിലെ പാര്‍ട്ടിയായിരുന്ന ജനസംഘത്തിന്റെ അഖിലേന്ത്യാ നേതൃത്വത്തില്‍ ഉപവിഷ്ടനായത് കോഴിക്കോട്ട് നടന്ന ഒരു സമ്മേളനത്തിലാണ്. അതിനാല്‍, സാമൂതിരിപ്പാടിന്റെ നാട്ടില്‍ ആഘോഷം കെങ്കേമമാക്കുന്നതില്‍ യാതൊരു തെറ്റും പറയാനില്ല.
കോഴിക്കോട് നഗരമാണെങ്കില്‍ ഏതു നാട്ടുകാരെയും കൈയും നീട്ടി സ്വീകരിക്കാന്‍ മടിയില്ലാത്ത പ്രദേശമാണ്. പണ്ട് വാസ്‌കോ ഡ ഗാമ തുപ്പാക്കിയും സിഫിലിസുമായി കപ്പലിറങ്ങിയ കാലത്തു പോലും സ്വീകരണം നല്‍കിയ നാട്. അതിനാല്‍, ഇത്തവണ ഉത്തരദേശത്തു നിന്നു വരുന്ന പശുവാദികള്‍ക്കു സ്വാഗതം.
മഹാസമ്മേളനത്തിനു നരേന്ദ്ര മോദിജിയും അമിത്ഷായും എഴുന്നള്ളുന്നുണ്ട്. എന്നാല്‍, അവരുടെ വരവിനു മുന്നോടിയായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഒരുപറ്റം എംപിമാരെയും മന്ത്രിമാരെയും അങ്ങോട്ട് അയക്കാന്‍ പരിപാടിയിട്ടിരിക്കുകയാണ്. സമ്മേളനത്തിനു മുമ്പ് ഒരു ഇരമ്പമൊക്കെ വേണ്ടേ? അതിനു പറ്റിയ എന്തെങ്കിലും ഇനം വീണുകിട്ടാന്‍ കാത്തിരിക്കുകയായിരുന്നു പാര്‍ട്ടിയും രാജ്‌നാഥ് സിങും.
ഭാഗ്യം പശുവാദിപ്പാര്‍ട്ടിയുടെ കൂടെയാണെന്നു പറയേണ്ടതില്ലല്ലോ. കിറുകൃത്യമായി തിരുവനന്തപുരത്ത് കുന്നുകുഴിയില്‍ മാരാര്‍ജിയുടെ നാമധേയത്തിലുള്ള പാര്‍ട്ടിയാപ്പീസിന്റെ മുന്നിലൂടെ പോയ ഏതോ കക്ഷിയുടെ വക ഒരു പടക്കമേറ്. രാത്രിയാണ് പടക്കം എറിഞ്ഞത്. അതു പൊട്ടിയ വകയില്‍ പാര്‍ട്ടിക്ക് ഏതാനും ചില്ലുഗ്ലാസുകള്‍ നഷ്ടമായി.
പക്ഷേ, അതങ്ങു വെറുതെ വിടാനൊക്കുമോ? തേടിയ വള്ളി കാലില്‍ ചുറ്റിയെന്നു പറഞ്ഞ മാതിരിയാണ് സംഭവം. കേരളത്തില്‍ പാര്‍ട്ടിക്ക് വേരുപിടിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയതാണ്. മലയാളികള്‍ വിളഞ്ഞ പുള്ളികളാണ്. നല്ല ഒന്നാന്തരം വാമനദേവനെ അവരുടെ നാട്ടിലേക്ക് പണ്ട് ബ്രാഹ്മണന്മാര്‍ അയച്ചുകൊടുത്തു. അസുരനായ മഹാബലിയെ ഒതുക്കി നാട് ക്ലീനാക്കി കൈയില്‍ കൊടുത്തു. എന്നിട്ട് അവന്മാര്‍ വാമനന്‍ജിയെ പൂവിട്ടുപൂജിക്കുന്നതിനു പകരം അസുരനെയാണ് പൂജിക്കുന്നത്. അലവലാതികള്‍ എന്നല്ലാതെ എന്തു പറയാനാണ്.
അതിനാല്‍, ഇതുവരെ പയറ്റിയ വേലകളൊന്നും ക്ലച്ചുപിടിച്ചിട്ടില്ല. ആകെ കിട്ടിയത് തടിമാടനൊരു വെള്ളാപ്പുള്ളിയെയാണ്. കക്ഷി കച്ചവടക്കാരനാണ്. ഏതാണ് ലാഭം എന്നുവച്ചാല്‍ അതാണ് പുള്ളി എടുക്കുക. കേന്ദ്രഭരണമുള്ള കൂട്ടരാണ് ലാഭം എന്നു കണ്ട് കഴിഞ്ഞ തവണ കൂട്ടുകൂടി. പക്ഷേ, ആകെ കിട്ടിയത് ഒരു സീറ്റ്. അടുത്ത തവണ അതും കിട്ടുമോ എന്ന സംശയം ബാക്കി. കാരണം, രാജേട്ടന് പ്രായം ഒരുപാടായി. വേറെ ആരു നിന്നാലും ജനം തിരിഞ്ഞുനോക്കുകയുമില്ല.
ആ അവസ്ഥ മാറണമെങ്കില്‍ ആഞ്ഞുപിടിക്കണം. രാജേട്ടനു ബദലായി പുതിയൊരു രാജേട്ടനെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് പരിപാടി. പക്ഷേ, കുമ്മനംജിയെ നാട്ടുകാര്‍ക്ക് വലിയ മതിപ്പില്ല. പാര്‍ട്ടിക്കാര്‍ക്കിടയില്‍ മുറുമുറുപ്പ് വേറെയും. അതിനാല്‍, കുമ്മനംജിയെ വധിക്കാനാണ് പടക്കമേറുകാരന്‍ പരിപാടിയിട്ടത് എന്ന മട്ടിലായി പ്രചാരവേല. പടക്കമേറുകാരന് കുമ്മനംജിയോട് എന്തു വിരോധമെന്നു ചോദിക്കരുത്. ചത്തതു കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നു പ്രമാണം. പടക്കമേറ് പശുവാദിപ്പാര്‍ട്ടിയുടെ ആസ്ഥാനത്തേക്കെങ്കില്‍ അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന് ആധുനിക ഭാഷ്യം.
അതാണ് പരിപാടി. മൂന്നു കേന്ദ്രമന്ത്രിമാര്‍ ഇതിനകം അണിനിരന്നുകഴിഞ്ഞു. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു എന്നാണ് നിര്‍മല സീതാരാമന്‍ പറയുന്നത്. ഗുജറാത്തില്‍ 2000 പേരെ ചുട്ടുകൊന്ന കാലത്ത് ഒരു ക്രമസമാധാനവും തകരുകയുണ്ടായില്ല. ദലിത് യുവാക്കളെ പിടിച്ച് പശുഭക്തന്മാര്‍ ചാട്ടവാറു കൊണ്ടടിച്ച് ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിട്ട സമയത്തും ക്രമസമാധാനം തകര്‍ന്നില്ല. പട്ടേലുമാര്‍ കൊമ്പുകുലുക്കി നാടാകെ കുത്തിമറിച്ചിട്ടും ക്രമസമാധാനം തകര്‍ന്നില്ല.
അതാണ് ക്രമസമാധാനത്തിന്റെ മാതൃക. പശുവാദികള്‍ ഭരിക്കുന്ന നാട്ടിലൊക്കെ അതു ഭദ്രമാണ്. വേറെ കൂട്ടര്‍ ഭരിക്കുന്ന പ്രദേശത്ത് പോക്കാണ്. അതുകൊണ്ട് തിരുവനന്തപുരം പടക്കമേറ് ക്രമസമാധാനം തകര്‍ന്നതിന്റെ ലക്ഷണമാണ്. 356ാം വകുപ്പ് എടുത്തുവീശാന്‍ നേരമായി എന്നാണ് നിലയവിദ്വാന്മാര്‍ പറയുന്നത്.

(Visited 80 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക