|    Aug 18 Fri, 2017 12:30 pm
FLASH NEWS

പടക്കനിര്‍മാണത്തിന്റെ ഈറ്റില്ലമായ നന്ദിയോട് ദീപാവലിക്കൊരുങ്ങി

Published : 28th October 2016 | Posted By: SMR

പാലോട്: ഗ്രാമം മുഴുവന്‍ പടക്കനിര്‍മാണ കേന്ദ്രങ്ങളുള്ള, പടക്കനിര്‍മാണത്തിന്റെ ഈറ്റില്ലമായ നന്ദിയോട് ദീപാവലിക്കൊരുങ്ങി. 500ലധികം സ്ത്രീകള്‍ ഈ രംഗത്തു ഇവിടെ പണിയെടുക്കുന്നുണ്ട്. നന്ദിയോടും പരിസരപ്രദേശത്തും 100ലധികം പടക്കകടകളുമുണ്ട്. ദീപാവലിക്കുള്ള സ്‌പെഷ്യല്‍ വര്‍ണങ്ങളും അപകടരഹിതമായ ഓലപ്പടകങ്ങളും നന്ദിയോടിന്റെ പ്രത്യേകതയാണ്. പടക്കനിര്‍മാണ രംഗത്ത് കേരളത്തില്‍ തന്നെ പ്രശസ്തരായ നിരവധി ആശാന്‍മാരുടെ നാടാണു നന്ദിയോട്. ദീപാവലിക്കും ഒരാഴ്ച മുമ്പുതന്നെ ഇവിടെ പടക്കക്കച്ചവടം ആരംഭിച്ചുകഴിഞ്ഞു. സ്ഥിരം ലൈസന്‍സുള്ള നിര്‍മാതാക്കള്‍ മാസങ്ങള്‍ കൊണ്ട് കെട്ടിയൊരുക്കുന്ന പടക്കങ്ങളാണു ദീപാവലിക്ക് വിറ്റഴിക്കുന്നത്. സ്ത്രീകളാണു പടക്കം കെട്ടുന്ന രംഗത്ത് പണിയെടുക്കുന്നവരിലധികവും. 11 മാസം കൊണ്ട് ഒന്നരലക്ഷം രൂപ വരെ സമ്പാദിക്കുന്ന സ്ത്രീകളും ഇവിടെയുണ്ട്. മക്കളുടെ പഠനം, വിവാഹം എല്ലാറ്റിനും ഈ തൊഴില്‍ ഒരാശ്വാസമാണന്ന് സ്ത്രീകള്‍ പറയുന്നു. ഉല്‍സവപ്പറമ്പുകളില്‍ ആകാശത്തു വര്‍ണമേളം തീര്‍ക്കുന്ന ആശാന്‍മാരും അവരുടെ ശിഷ്യരും നന്ദിയോട്ടു കേന്ദ്രീകരിച്ചതിനാലാണ് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നന്ദിയോട് വെടിക്കെട്ടിന്റെ നാടായത്. ഈ പെരുമയില്‍ നിന്നാണു പിന്നീട് പടക്കവ്യവസായം ഇവിടെ ഖ്യാതി നേടിയത്. ഇന്ന് 1000ത്തിലധികം കുടുംബങ്ങള്‍ ഉപജീവനം കണ്ടെത്തുന്നത് പടക്കനിര്‍മാണത്തിലൂടെയാണ്. പുറ്റിങ്ങല്‍ ദുരന്തത്തിനെ തുടര്‍ന്ന് കേരളത്തില്‍ മത്സരവെടിക്കെട്ടുകള്‍ക്കു നിരോധനം വന്നത് ഈ വ്യവസായത്തിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. എങ്കിലും നന്ദിയോട്ടെ ചെറുകിടനിര്‍മാണ കേന്ദ്രങ്ങളിലും പടക്ക കച്ചവടകേന്ദ്രങ്ങളിലും ആള്‍ത്തിരക്കൊഴിയുന്നില്ല. ലൈസന്‍സുള്ളവര്‍ക്കു നേരെ അധികൃതര്‍ പലതരത്തില്‍ ഭീഷണി ഉയര്‍ത്തുമ്പോള്‍ ഈ രംഗത്ത് കള്ളനാണയങ്ങള്‍ ഏറ്റവും വലിയ നേട്ടങ്ങളുണ്ടാക്കുന്നുണ്ടെന്നു പടക്കനിര്‍മാണ തൊഴിലാളി യൂനിയന്‍ ജില്ലാ പ്രസിഡന്റ് നന്ദകുമാര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക