|    Jul 22 Sun, 2018 2:48 am
FLASH NEWS

പഞ്ചായത്ത് ലൈബ്രറി കെട്ടിടം സ്വകാര്യ ലൈബ്രറിക്ക് തുച്ഛവാടകയ്ക്ക് നല്‍കാന്‍ നീക്കം

Published : 18th September 2017 | Posted By: fsq

 

മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി സ്ഥാപിക്കുന്നതിനായി 15 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച കെട്ടിടം മാസം 100 രൂപ വാടകക്ക് സ്വകാര്യ ലൈബ്രറിക്ക് നല്‍കാന്‍ നീക്കം. ബിആര്‍ജിഎഫ് ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം പഞ്ചായത്ത് ഭരണം കയ്യാളുന്ന സിപിഎം നേതൃത്വത്തിലുള്ള സ്വകാര്യ ഗ്രന്ഥശാലക്ക് നല്‍കാനുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ശ്രമം പൊതുസ്വത്ത് സ്വകാര്യസ്ഥാപനത്തിന് നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മേപ്പാടി പഞ്ചായത്ത് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം കുറ്റപ്പെടുത്തി. 2010ല്‍  ബിആര്‍ജിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പബ്ലിക് ലൈബ്രറി സ്ഥാപിക്കുന്നതിന് മേപ്പാടി ടൗണില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോപ്ലക്‌സിന്റെ മുകള്‍നിലയില്‍ നിര്‍മ്മിച്ച കെട്ടിടം സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള അക്ഷരം ഗ്രന്ഥശാല കയ്യേറിയതായും യുഡിഎഫ് ആരോപിക്കുന്നു. ഇത് ഒഴിപ്പിക്കാന്‍ പഞ്ചായത്ത് നടപടിയെടുക്കുകയും ചെയ്തു. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ അക്ഷരം ഗ്രന്ഥശാല കല്‍പ്പറ്റ മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കുകയും ചെയ്തു. എന്നാല്‍ കോടതി ഗ്രാമപഞ്ചായത്തിന് അനുകൂലമായാണ് നിലപാട് സ്വീകരിച്ചത്. കോടതി ഉത്തരവിന്റെ പിന്‍ബലത്തോടെ ഗ്രാമപഞ്ചായത്ത് കെട്ടിടം ഒഴിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായിരുന്നു കെട്ടിടം ഉപയോഗിച്ച് വരുന്നത്. പ്രതിപക്ഷവും ഉദ്യോഗസ്ഥരും എതിര്‍ത്തിട്ടും കെട്ടിടം അക്ഷരം ഗ്രന്ഥശാലക്ക് കൈമാറാനുള്ള നീക്കമാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി നടത്തിവന്നത്. അഞ്ചുതവണ ഭരണസമിതി യോഗത്തിലെ അജണ്ടയിലെ ഉള്‍പ്പെടുത്തി തീരുമാനം എടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷത്തിന്റെയും പഞ്ചായത്ത് സെക്രട്ടറിയുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തിരയോഗം ചേര്‍ന്ന് പ്രതിപക്ഷത്തിന്റെയും പഞ്ചായത്ത് സെക്രട്ടറിയുടെയും എതിര്‍പ്പിനെ മറികടന്ന് 15 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം തുഛമായ 100 രൂപ മാസവാടക്ക് അക്ഷരം ഗ്രന്ഥശാലക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. യോഗത്തില്‍ പ്രിതപക്ഷ മെമ്പര്‍മാരായ ടി ഹംസ, രാധാ രാമസ്വാമി, ബെന്നി പീറ്റര്‍, ടി കെ നസീമ, ഗീത, മുഹമ്മദ് യൂനുസ്, കെ ബാബു, ഓമന എന്നിവരും പഞ്ചായത്ത് സെക്രട്ടറിയും വിയോജിപ്പ് രേഖപ്പെടുത്തി. പഞ്ചായത്തിന്റെ കെട്ടിടങ്ങളോ ആസ്ഥികളോ വാടകക്ക് കൊടുക്കുമ്പോള്‍ വാടക നിശ്ചയിക്കേണ്ടത് പരസ്യ ലേലത്തിലൂടെയോ പൊതുമരാമത്ത് വകുപ്പ് അധികാരികള്‍ നിശ്ചയിക്കുന്ന നിരക്കിലോ ആയിരിക്കണമെന്ന നിയമം നിലനില്‍ക്കേ ഈ നിയമങ്ങളൊന്നും പാലിക്കാതെയാണ് തുഛമായ 100 രൂപക്ക് സി.പി.എം നിയന്ത്രണത്തിലുള്ള ഗ്രന്ഥശാലക്ക് നല്‍കാന്‍ തീരുമാനിച്ചതെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ ആസ്തി നിയമവിരുദ്ധമായി സ്വകാര്യ സ്ഥാപനത്തിന് നല്‍കുവാനുള്ള ഭരണസമിതിയുടെ നീക്കത്തിനെതിരെ കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ ടി ഹംസ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബി സുരേഷ്ബാബു, പി കെ അഷറഫ്, രാജു ഹെജമാഡി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss