|    May 27 Sat, 2017 12:39 am
FLASH NEWS

പഞ്ചായത്തുകളുടെ ശൗചാലയ നിര്‍മാണ പദ്ധതിക്ക് അംഗീകാരം

Published : 1st July 2016 | Posted By: SMR

മലപ്പുറം: ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലും ശൗചാലയ സൗകര്യം ഉറപ്പാക്കുന്നതിനുള്ള പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. തുറന്ന സ്ഥലത്ത് മലമൂത്ര വിസര്‍ജനമില്ലാത്ത (ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ) ജില്ലയായി മലപ്പുറത്തെ മാറ്റുന്നതിന് 26 ഗ്രാമപ്പഞ്ചായത്തുകള്‍ തയ്യാറാക്കിയ 4,045 ശൗചാലയ നിര്‍മാണ പദ്ധതികള്‍ക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഡ്‌ഹോക് ഡിപിസി അംഗീകാരം നല്‍കിയത്. 53 ഗ്രാമപ്പഞ്ചായത്തുകളുടെ 6,343 കക്കൂസ് നിര്‍മാണ പദ്ധതികള്‍ക്ക് ജൂണ്‍ 27 ന് ചേര്‍ന്ന ഡിപിസി അംഗീകാരം നല്‍കിയിരുന്നു. 14 പഞ്ചായത്തുകളില്‍ ജലനിധി മുഖേന പദ്ധതി നടപ്പാക്കുന്നുണ്ട്.
എല്ലാവര്‍ക്കും ശൗചാലയ സൗകര്യമുള്ളതിനാല്‍ വളവന്നൂര്‍ പഞ്ചായത്ത് പദ്ധതി സമര്‍പ്പിച്ചിട്ടില്ല. ഇതോടെ ജില്ലയിലെ 94 ഗ്രാമപ്പഞ്ചായത്തുകളിലെയും ഒഡിഎഫ് (ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ) പദ്ധതികള്‍ക്ക് അംഗീകാരമായി. കേരളപ്പിറവിയോടനുബന്ധിച്ച് കേരളത്തെ തുറന്ന സ്ഥലത്ത് മലമൂത്ര വിസര്‍ജനമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് എല്ലാ പഞ്ചായത്തുകളും സമ്പൂര്‍ണ ശൗചാലയ നിര്‍മാണത്തിന് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി സമര്‍പ്പിക്കാത്ത പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി ഡിപിസി അംഗീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ജില്ലയിലെ 15 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2016-17 ലെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കി. ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day