|    Jan 24 Tue, 2017 2:59 pm
FLASH NEWS

പഞ്ചായത്തുകളുടെ മീഡിയശ്രീ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു

Published : 28th July 2016 | Posted By: SMR

പത്തനംതിട്ട: ഗ്രാമപ്പഞ്ചായത്തു കളിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ ചരിത്രം ദൃശ്യവല്‍കരിക്കുന്നതിനായി പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ മീഡിയശ്രീ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. ജില്ലയിലെ 53 പഞ്ചായത്തുകളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഓരോ പഞ്ചായത്തും 65,000 രൂപാ വീതം വകയിരുത്തി.
കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് സൗത്ത് ഏഷ്യന്‍ കോളജിനായിരുന്നു പദ്ധതി ചുമതല.  2015-16 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി 53 പഞ്ചായത്തുകള്‍, 65,000 രൂപ വീതം  കുടുംബശ്രീ ജില്ല മിഷനില്‍ അടച്ചിട്ടുണ്ടെങ്കിലും 17 പഞ്ചായത്തുകളുടെ സീഡി ചിത്രീകരണം മാത്രമാണ് നടന്നത്, 36 പഞ്ചായത്തുകളുടെ ചിത്രീകരണം അനിശ്ചിതത്വത്തിലാണ്. എന്റെ ഗ്രാമം എന്നപേരില്‍ തയ്യാറാക്കിയ സീഡി ചെറുകോ ല്‍, റാന്നി, റാന്നി-അങ്ങാടി, വെച്ചൂച്ചിറ, പന്തളം, കോന്നി എന്നീ പഞ്ചായത്തുകള്‍ക്ക് കൈമാറിയിട്ടുള്ളതായി കുടുംബശ്രീ മിഷന്‍ അറിയിച്ചു. കടപ്ര, കോട്ടാങ്ങല്‍, അയിരൂര്‍, ചെന്നീര്‍ക്കര, പെരുനാട്, വടശ്ശേരിക്കര, അരുവാപ്പുലം, വള്ളിക്കോട്, തണ്ണിതോട്, മെഴുവേലി, തുമ്പമണ്‍ എന്നീ പഞ്ചായത്തുകളുടെ സീഡി തയ്യാറായി വരുന്നതായാണ് വിശദീകരണം. ചിത്രീകരണത്തിന് മുന്നോടിയായി രണ്ടു ദിവസം നീണ്ടുനിന്ന പരിശീലന പരിപാടി കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ചിരുന്നു.
ജില്ലയിലെ എല്ലാ മുന്‍സിപ്പാലിറ്റി/പഞ്ചായത്തുകളില്‍ നിന്നും ഒരു ഭരണസമിതി അംഗം, ഒരു കുടുംബശ്രീ അംഗം എന്നിവര്‍ക്കായിരുന്നു പരിശീലനം. പരിശീലനവും സീഡിനിര്‍മാണാനന്തര ജോലികളും പൂര്‍ത്തിയാക്കേണ്ടതും സൗത്ത് ഏഷ്യന്‍ കോളജിന്റെ ചുമതലയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാന വിവരശേഖരണം, ചരിത്രം, നാട്ടിലെ പ്രമുഖവ്യക്തികള്‍ എന്നിവരെ അടിസ്ഥാനപ്പെടുത്തി തിരക്കഥ തയ്യാറാക്കി സൗത്ത് ഏഷ്യന്‍ കോളജിന് അയച്ചുകൊടുക്കും. അവര്‍ അത് പരിശോധിച്ച് അതാത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മടക്കി നല്‍കും.
തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥിരീകരണം ലഭിച്ചാലുടന്‍ ഏജന്‍സിയുടെ ചുമതലയില്‍ ചിത്രീകരണം തുടങ്ങും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ പേരില്‍ 500 രൂപ മുദ്രപത്രത്തില്‍ ഡിഡിയെടുക്കണം. സീഡിയുടെ മൂന്ന് കോപ്പി പഞ്ചായത്തിന്, ഒരെണ്ണം കുടുംബശ്രീ മിഷന്‍ ജില്ലാ ഓഫീസര്‍ക്കും. ജില്ലയിലെ 53 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ 35 ഇടത്തെ സീഡി അയച്ചുകൊടുത്തതായി അധികൃതര്‍ പറയുന്നു. കോഴിക്കോട് നിന്നെത്തുന്ന മൂന്നംഗ സംഘമാണ് പഞ്ചായത്തുകളിലെത്തി വീഡിയോ ചിത്രീകരിക്കുന്നത്.
മൂന്ന് നാല് ദിവസംകൊണ്ടാണ് ചിത്രീകരണം. ഇവര്‍ പഞ്ചായത്തിലെത്തി സഞ്ചരിക്കാന്‍ വാഹനവും തങ്ങാന്‍ മുറി സൗകര്യവും ആവശ്യപ്പെടാറുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ ചൂണ്ടിക്കാട്ടി. ചിത്രീകരണത്തിനെത്തുന്നവര്‍ 65,000 രൂപ മുന്‍കൂറായി വാങ്ങിയ ഏജന്‍സിയില്‍ നിന്നും വരുന്നവരായതുകൊണ്ട് പണവും മുറിയും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ആവശ്യപ്പെടുന്നത് ചട്ടവിരുദ്ധമാണ്. സീഡി ലഭിച്ച തദ്ദേശ സ്ഥാപനങ്ങള്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കണമെന്ന് വകുപ്പ് നിര്‍ദേശമുണ്ട്. ജില്ലയില്‍ കോന്നി പഞ്ചായത്തില്‍ മാത്രമാണ് സിഡി പ്രദര്‍ശനം നടന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക