|    Mar 24 Fri, 2017 5:44 pm
FLASH NEWS

പഞ്ചായത്തിന് പ്രസിഡന്റ് ഇല്ല; പുതുപ്പാടിയില്‍ ഭരണ പ്രതിസന്ധി

Published : 17th October 2016 | Posted By: Abbasali tf

താമരശ്ശേരി: ഭരണം കിട്ടി ഒരുവര്‍ഷത്തോളമായിട്ടും സ്വന്തമായി പ്രസിഡന്റില്ലാത്തത് പുതുപ്പാടിയില്‍ ഭരണ മുന്നണിയെ പ്രതിസന്ധിയിലാഴ്ത്തുന്നു. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പാടി പഞ്ചായത്തില്‍ യുഡിഎഫ് അംഗങ്ങളാണ് കഴിഞ്ഞ ഒരുവര്‍ഷത്തോളം പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. ഭരണ കക്ഷിയുടെതല്ലാത്ത ആള്‍ പ്രസിഡന്റാവുന്നത് ഭരണ മുന്നണിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് സൃഷ്ടിക്കുന്നത്.പുതുപ്പാടിയില്‍ ഇടതുമുന്നണിക്ക് താല്‍പര്യമുള്ള കാര്യങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ യുഡിഎഫിന്റെ പൂര്‍ണ പിന്തുണ വേണ്ട അവസ്ഥയാണുള്ളത്. ഇത് മിക്കപ്പോഴും നടക്കാതെ പോവുന്നതിനാല്‍ പഞ്ചായത്തിലെ വികസന കാര്യത്തിലും നയപരമായ കാര്യത്തിലും ഒന്നും ചെയ്യാന്‍ സാധിക്കാതെ പോവുന്നു. 21 അംഗങ്ങളുള്ള ഇവിടെ ഇടതുമുന്നണിക്ക്  12ഉം യുഡിഎഫിനു ഒമ്പതും അംഗങ്ങളാണുള്ളത്. പട്ടിക ജാതി വിഭാഗത്തിനു സംവരണം ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിലേക്ക് ഇടതുമുന്നണിയില്‍ നിന്നും ഒരാളെ പോലും വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗമായ അംബിക മംഗലത്തിനെ ആദ്യം പ്രസിഡന്റായി അംഗീകരിക്കേണ്ടി വന്നു. ഇവര്‍ ആറുമാസക്കാലം അധികാരത്തില്‍ തുടര്‍ന്നതോടെ ഇടതുമുന്നണിക്ക് അനഭിമതയായി മാറി. ഇതോടെ കഴിഞ്ഞ ജൂണ്‍ 25ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കുവാനുള്ള ശ്രമത്തിനിടയില്‍ ഇവര്‍ 24ന്് രാജിവച്ചു. ഇതോടെ വൈസ് പ്രസിഡന്റിന് താല്‍കാലിക ചുമതല ഭിച്ചെങ്കിലും ആധികാരികമായി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുണ്ടായത്. തുടര്‍ന്ന് ലീഗിലെ മലപുറം വാര്‍ഡില്‍ നിന്നും വിജയിച്ച നന്ദകുമാറിനെ പ്രസിഡന്റാക്കി. ഇപ്പോള്‍ നാലുമാസത്തിലധികമായി നന്ദകുമാറാണ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. എന്നിട്ടും യുഡിഎഫിന്റെ താല്‍പര്യങ്ങള്‍ മാത്രമാണ് പഞ്ചായത്തില്‍ നടപ്പില്‍ വരുത്തുന്നതെന്നാക്ഷേപം ശക്തമായി ഉയരുന്നു. കഴിഞ്ഞ ആഴ്ച പഞ്ചായത്ത് യോഗത്തില്‍ സമ്പൂര്‍ണ ശൗചാലയ പദ്ധതി (ഒ.ഡി.എഫ്) ഫയലില്‍, കൈതപ്പൊയില്‍ ബസ് കാത്തിരിപ്പു കേന്ദ്ര പ്രശ്‌നവുമായി ബന്ധപ്പെട്ടു ലീഗും സിപിഎമ്മും തമ്മിലുള്ള പ്രശ്‌നത്തിന്റെ പേരില്‍ പ്രസിഡന്റും ലീഗ് അംഗങ്ങളും ഒപ്പിടാന്‍ തയ്യാറായില്ല. നിലവില്‍ ഇടതുമുന്നണിക്ക് ഭരണം സ്വതന്ത്രമായി ഭരണം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷമാവാറായിട്ടും പട്ടിക ജാതിയില്‍ പെട്ട ഒരംഗത്തെ തിരഞ്ഞെടുക്കാന്‍ കഴിയാതെ പോവുന്നത് പാര്‍ട്ടിക്കുളളില്‍ ഏറെ ചര്‍ച്ചയാവുന്നു. സംസ്ഥാന ഭരണം ഇടതുമുന്നണി നടത്തുമ്പോള്‍ പഞ്ചായത്തിനു ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നിരിക്കെ പുതുപ്പാടി, ജില്ലയില്‍ ഏറെ പിന്നാക്കമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. 12 അംഗങ്ങളില്‍ നിന്നും ഒരാളെ രാജിവെപ്പിച്ചു പാര്‍ട്ടിക്ക് നൂറു ശതമാനം വിജയ സാധ്യതയുള്ള വാര്‍ഡില്‍ പട്ടിക ജാതിയില്‍ പെട്ട ആളെ മല്‍സരിപ്പിക്കാന്‍ ഇതുവരെ കഴിയാതെ പോവുന്നതും ഏറെ ചര്‍ച്ചയായിമാറുന്നു.എന്തു കൊണ്ട്് ഒരു അംഗത്തെ രാജിവെപ്പിക്കാനും അവിടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആളെ വിജയിപ്പിച്ചെടുക്കാനും പാര്‍ട്ടി തയ്യാറാവുന്നില്ലെന്ന ചോദ്യം ഉയരുകയും ചെയ്യുന്നു. പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ ഭരണം ഇടതു കൈയ്യില്‍ വരില്ലെന്നു കരുതി ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിത വിജയം ഇടതുമുന്നണി നേടുകയും ചെയ്തു.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക