|    Feb 26 Mon, 2018 4:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പഞ്ചാബ് തിരഞ്ഞെടുപ്പ് : ത്രികോണ മല്‍സരത്തിന് അരങ്ങൊരുങ്ങി

Published : 23rd January 2017 | Posted By: fsq

 

ചണ്ഡീഗഡ്: അടുത്തമാസം നാലിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ ത്രികോണമല്‍സരത്തിന് അരങ്ങൊരുങ്ങി. ഇന്നേവരെ കോണ്‍ഗ്രസ്സും അകാലിദള്‍-ബിജെപി സഖ്യവും ആധിപത്യം തുടര്‍ന്ന പഞ്ചാബില്‍ ഇത്തവണ മൂന്നാം മുന്നണിയായി ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയതോടെയാണ് ത്രികോണ മല്‍സരത്തിന് വഴിയൊരുങ്ങിയത്. ഏറ്റവും വലിയ മണ്ഡലങ്ങളായ ലംപി, ജലാലാബാദ്, അമൃത്‌സര്‍ ഈസ്റ്റ്, ലെഹ്‌റാഗഗ്ഗ, പട്യാല, ബതാല എന്നിവിടങ്ങളിലാണ് പ്രധാന പാര്‍ട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 117 അംഗ സഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ലംപിയില്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെതിരേ പഞ്ചാബ് കോണ്‍ഗ്രസ്സില്‍ നിന്നും പാര്‍ട്ടി മേധാവി അമരീന്ദര്‍ സിങും എഎപിയില്‍ നിന്നു ജാര്‍ണെയ്ല്‍ സിങുമാണ് മല്‍സരരംഗത്തുള്ളത്. ശിരോമണി അകാലി ദളിന്റെ (എസ്എഡി) പരമ്പരാഗത വോട്ടുകള്‍ കൈക്കലാക്കാനുള്ള ശ്രമത്തിലാണ് എഎപി. ഉപമുഖ്യമന്ത്രിയും എസ്എഡി പ്രസിഡന്റുമായ സുഖ്ബിര്‍ സിങ് മല്‍സരിക്കുന്ന ജലാലാബാദില്‍ എഎപിയുടെ ഭഗ്‌വന്ത് മാനും കോണ്‍ഗ്രസ് എംപി രവ്‌നാത് സിങ് ബിട്ടുവും തമ്മില്‍ കടുത്ത മല്‍സരമായിരിക്കും അരങ്ങേറുക. മുന്‍മുഖ്യമന്ത്രി രജീന്ദര്‍ കൗര്‍ ഭട്ടാല്‍ ആണ് ലെഹ്‌റാഗഗ്ഗയിലെ സ്ഥാനാര്‍ഥി. എസ്എഡിയുടെ ശക്തനായ നേതാവും ധനകാര്യമന്ത്രിയുമായ പര്‍മീന്ദര്‍ സിങ് ദിന്‍ദ്‌സക്കെതിരേ രജീന്ദര്‍ കൗര്‍ വെല്ലുവിളിയുയര്‍ത്തിയേക്കും. നേരത്തേ സുനമിലെ സ്ഥാനാര്‍ഥിയായിരുന്നു പര്‍മീന്ദര്‍ സിങ്. കോണ്‍ഗ്രസ്സിന് ആധിപത്യമുള്ള പട്യാലയില്‍ കോണ്‍ഗ്രസ്സില്‍ നിന്നും മുന്‍ സൈനികന്‍ അമരീന്ദര്‍ സിങും (റിട്ടയേര്‍ഡ് ക്യാപ്റ്റന്‍) എസ്എഡിയില്‍ നിന്ന് ജെ ജെ സിങും ( റിട്ടയേര്‍ഡ് ജനറല്‍) തമ്മിലാണ് മല്‍സരം. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ്സിലെത്തിയ മുന്‍ ക്രിക്കറ്റ് താരം നവ്‌ജോത് സിങ് സിദ്ദു കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ അമൃത്‌സറില്‍ നിന്നാണ് ജനവിധി തേടുന്നത്. അതേസമയം, എഎപിയുടെ ഗുര്‍പ്രീത് സിങ് ഗുഗ്ഗി ബതാലയില്‍ നിന്നാണ് മല്‍സരിക്കുന്നത്. മൊത്തം 1,146 മല്‍സരാര്‍ഥികളാണ് രംഗത്തുള്ളത്. മുഖ്യധാരാ പാര്‍ട്ടികള്‍ക്കുപുറമെ, ബിഎസ്പി, എഎപി മുന്‍ നേതാവ് സുച സിങിന്റെ നേതൃത്വത്തിലുള്ള അപ്‌നാ പഞ്ചാബ് പാര്‍ട്ടി, സിപിഐ, സിപിഐ(എം), എസ്എഡി-അമൃത്‌സര്‍ എന്നീ ചെറു പാര്‍ട്ടികളും രംഗത്തുണ്ട്. നോട്ട് നിരോധനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതിയില്‍ വന്ന മാറ്റവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ആദ്യമായാണ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി മല്‍സരിക്കുന്നത്. 112 സ്ഥാനാര്‍ഥികളാണ് എഎപിക്കുള്ളത്. എഎപി സഖ്യകക്ഷിയായ ലോക് ഇന്‍സാഫ് പാര്‍ട്ടിക്ക് അഞ്ചു സ്ഥാനാര്‍ഥികളാണുള്ളത്. എസ്എഡിക്ക് 94 സ്ഥാനാര്‍ഥികളും സഖ്യകക്ഷിയായ ബിജെപിക്ക് 23 സീറ്റുകളുമാണുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss