|    Dec 15 Sat, 2018 12:35 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പഞ്ചാബില്‍ പ്രാര്‍ഥനാ ഹാളിനു നേരെഗ്രനേഡ് ആക്രമണം3 മരണം

Published : 19th November 2018 | Posted By: kasim kzm

അമൃത്‌സര്‍: പഞ്ചാബിലെ പ്രാര്‍ഥനാഹാളിനു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. 20ഓളം പേര്‍ക്കു പരിക്കറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ഐജി സുരീന്ദര്‍ പാല്‍ സിങ് പറഞ്ഞു. അമൃത്‌സറിലെ രാജസന്‍സി വില്ലേജില്‍ ആത്മീയ സംഘടനയായ നിരന്‍കരി മിഷന്റെ ഉടമസ്ഥതയിലുള്ള നിരന്‍കരി ഭവനിലാണ് ആക്രമണമുണ്ടായത്. 250ഓളം പേര്‍ പങ്കെടുത്ത പ്രാര്‍ഥനാ ചടങ്ങിനിടെ ഞായറാഴ്ച രാവിലെയാണു സംഭവം. പരിക്കേറ്റവരെ ഗുരുനാനാക്ക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോക്കും ബോംബുമായെത്തിയ രണ്ടുപേരാണ് ആക്രമണത്തിനു പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുഖാവരണം ധരിച്ചു ബൈക്കിലെത്തിയ അക്രമികള്‍ കവാടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഭക്തരെ തോക്കിന്‍മുനയില്‍ നിര്‍ത്തി അകത്തു പ്രവേശിച്ചു. തുടര്‍ന്ന് പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയവര്‍ക്കു നേരെ ഗ്രനേഡ് ആക്രമണം നടത്തി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികില്‍സയും നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. ഇരകള്‍ക്ക് ആവശ്യമായ മുഴുവന്‍ സഹായങ്ങളും എത്തിക്കുന്നതിന് ജില്ലാ ഭരണകൂടത്തോട് നിര്‍ദേശം നല്‍കിയതായും സിങ് ട്വീറ്റ് ചെയ്തു. ആക്രമണത്തിനു പിന്നാലെ ഭവന്‍ സീല്‍ ചെയ്തു മുദ്രവച്ച പോലിസ്, സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, സംഭവം ഭീകരാക്രമണമാണെന്ന് പഞ്ചാബ് പോലിസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.
ആക്രമണത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു. കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഡല്‍ഹി ആസ്ഥാനമായുള്ള നിരന്‍കരി മിഷന്‍ പഞ്ചാബ് കേന്ദ്രീകരിച്ചാണ് പ്രധാന പ്രവര്‍ത്തനം. എല്ലാ മതസ്ഥര്‍ക്കും പങ്കുചേരാമെന്ന ആഹ്വാനത്തോടെയാണ് നിരന്‍കരി മിഷനു തുടക്കമിട്ടത്.സ്‌ഫോടനത്തിനു സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പോലിസ് ജാഗ്രത പാലിച്ചിരുന്നു. എന്നാല്‍, പോലിസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഗ്രാമപ്രദേശത്താണ് സ്‌ഫോടനമുണ്ടായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss