|    Jun 22 Fri, 2018 7:00 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പഞ്ചാബില്‍ പാക് ബോട്ട് പിടിച്ചെടുത്തു

Published : 5th October 2016 | Posted By: SMR

അമൃതസര്‍: പഞ്ചാബിലെ അമൃതസറില്‍ രവി നദിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാകിസ്താനില്‍ നിന്നുള്ള ബോട്ട് കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ കണ്ടെത്തിയ ബോട്ട് ബിഎസ്എഫ് സംഘം പിടിച്ചെടുത്തു. നദീ തീരത്തിന് സമീപമുള്ള ടോട്ട സൈനിക പോസ്റ്റിന് സമീപമാണ് ബോട്ട് കണ്ടെത്തിയത്.
സായുധസംഘം ഇന്ത്യയിലേക്ക് കടന്നതാണോ എന്ന സംശയം ഉയരുന്നുണ്ട്. ബിഎസ്എഫ് സംഘം ബോട്ടില്‍ പരിശോധന നടത്തി. അമൃതസര്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇന്ത്യ-പാക് അതിര്‍ത്തി പങ്കിടുന്ന രവി നദിയില്‍ പുലര്‍ച്ചെ 4.45ന് ആണ് ബിഎസ്എഫ് ജവാന്‍ ബോട്ട് കണ്ടത്. ബിഎസ്എഫിന്റെ സ്പീഡ് ബോട്ട് ഉടന്‍തന്നെ ബോട്ട് പിടിച്ചെടുക്കുകയായിരുന്നു. ബോട്ട് കാലിയായിരുന്നുവെന്നും നങ്കൂരത്തിനൊപ്പമാണ് ഒഴുകിയെത്തിയതെന്നും ബിഎസ്എഫ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍ എസ് കടേരിയ പറഞ്ഞു. ഇന്നലെ പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നതിനാല്‍ ബോട്ട് കെട്ടിയിട്ട സ്ഥലത്തുനിന്ന് ഒഴുകി വന്നതാവാനുള്ള സാധ്യതയുണ്ടെന്നും കടേരിയ സൂചിപ്പിച്ചു.
എന്നാല്‍, സ്ഥിതിഗതികള്‍ അസ്വസ്ഥമായ സാഹചര്യത്തില്‍ വിശദമായ പരിശോധനയാണ് ബിഎസ്എഫ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഗുജറാത്ത് തീരത്തേക്ക് എത്തിയ പാക് ബോട്ട് തീരരക്ഷാസേന പിടികൂടി ബോട്ടിലുണ്ടായിരുന്ന 9 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് രണ്ട് ബോട്ടുകള്‍ ഇന്ത്യ ലക്ഷ്യമാക്കി പുറപ്പെട്ടതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ സമുദ്രത്തില്‍ വന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, അതിര്‍ത്തിപ്രേദേശങ്ങളില്‍ പാകിസ്താന്‍ ആക്രമണം ഉണ്ടാവുമെന്ന സൂചനകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പഞ്ചാബ് കൂടുതല്‍ സുരക്ഷാ സൈന്യത്തെ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിന്യസിപ്പിക്കാനായി കൂടുതല്‍ സുരക്ഷാ സേനയെ ആവശ്യപ്പെട്ടതായി പഞ്ചാബ് ഡിജിപി എച്ച് എസ് ധില്ലന്‍ മാധ്യമങ്ങളെ അറിയിച്ചു. സംസ്ഥാനം അതിര്‍ത്തിപ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ്.  അതിര്‍ത്തിയില്‍നിന്നു 10 കിലോമീറ്റര്‍ വരെ അകലത്തില്‍ താമസിക്കുന്ന പ്രദേശവാസികളോട് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss