|    Jul 19 Thu, 2018 11:11 pm
FLASH NEWS

പഞ്ചലോഹമെന്നു തെറ്റിദ്ധരിപ്പിച്ച് ഓട്ടുകിണ്ടി വില്‍പനയ്ക്ക് ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

Published : 16th September 2017 | Posted By: fsq

 

കല്‍പ്പറ്റ: പഞ്ചലോഹമെന്നു തെറ്റിദ്ധരിപ്പിച്ച് ഓടിന്റെ വലംപിരിശംഖും കിണ്ടിയും വില്‍ക്കാനുള്ള ശ്രമത്തിനിടെ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി അരണപ്പാറ ബുഷറ മന്‍സില്‍ യഹിയ (45), മാനാട്ടില്‍ സജീര്‍ (37) എന്നിവരെയാണ് കല്‍പ്പറ്റ പോലിസ് അറസ്റ്റ് ചെയ്തത്. അഞ്ചുകോടിയോളം വിലമതിക്കുന്ന അറുപത് വര്‍ഷം പഴക്കമുള്ള പഞ്ചലോഹമാണെന്നു തെറ്റിദ്ധരിപ്പിച്ച് ഇവര്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ക്ക് ഓടിന്റെ ശംഖും കിണ്ടിയും വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ കല്‍പ്പറ്റ എസ്‌ഐ ജയപ്രകാശിന്റെയും സംഘത്തിന്റെയും വലയിലാവുകയായിരുന്നു. അരണപ്പാറ സ്വദേശികളായ യഹിയയും സജീറും ചേര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ മുസ്തഫയെ തങ്ങളുടെ കൈയില്‍ അറുപത് വര്‍ഷം പഴക്കമുള്ള കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹമുണ്ടെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വലംപിരിശംഖും കിണ്ടിയുമാണ് കൈയിലുള്ളതെന്നും അഡ്വാന്‍സ് നല്‍കിയാല്‍ കച്ചവടം ഉറപ്പിക്കാമെന്നും പറയുകയും ഇവരില്‍ നിന്ന് അയ്യായിരം രൂപ അഡ്വാന്‍സ് വാങ്ങുകയുമായിരുന്നു. തുടര്‍ന്ന് പറഞ്ഞുറപ്പിച്ച രീതിയില്‍ മുട്ടിലില്‍ വച്ച് ഉരുപ്പടികള്‍ കൈമാറി. എന്നാല്‍, പഞ്ചലോഹമെന്നു പറഞ്ഞ് തങ്ങളെ ഏല്‍പ്പിച്ച സാധനങ്ങള്‍ കണ്ടപ്പോള്‍ ചതി മനസ്സിലാക്കിയ മുസ്തഫയും സംഘവും യഹിയയോടും സജീറിനോടും വാക്കേറ്റത്തിലേര്‍പ്പെടുകയും നാട്ടുകാര്‍ വഴി പിന്നീട് സംഭവം പോലിസിന്റെ ശ്രദ്ധയില്‍പെടുകയുമായിരുന്നു. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി തൊണ്ടിമുതലടക്കം രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ഓടിന്റെ പുറത്ത് സ്വര്‍ണനിറം പൂശി പഞ്ചലോഹമാണെന്നു തെറ്റിദ്ധരിപ്പിച്ച് പണംതട്ടാനുള്ള സംഘത്തിന്റെ ശ്രമം അതോടെ പുറത്തായി. വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയപ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss