|    May 26 Sat, 2018 5:21 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പഞ്ചഗുസ്തിയില്‍ റെക്കോഡ് നേട്ടവുമായി ഫഖ്‌റുദ്ദീന്‍

Published : 13th June 2017 | Posted By: fsq

 

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: പഞ്ചഗുസ്തി മല്‍സരത്തില്‍ നേട്ടങ്ങളുടെ നെറുകയിലെത്തിയിരിക്കുകയാണ് എടപ്പാള്‍ നടുവട്ടം നെല്ലിശ്ശേരി സ്വദേശിയായ ഫഖ്‌റുദ്ദീന്‍ എന്ന 33 കാരന്‍. കഴിഞ്ഞ ദിവസം യുഎഇയിലെ റാസല്‍ഖൈമയില്‍  നടന്ന  അന്താരാഷ്ട്ര  പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ മൂന്നാം തവണയും വിജയകിരീടം ചൂടി അപൂര്‍വ ചരിത്രത്തിന് ഉടമയായി ഈ യുവാവ്. ഇന്ത്യയ്ക്ക് പുറമെ, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി 50ഓളം പേരാണ് മല്‍സരത്തില്‍ ശക്തിതെളിയിക്കാനെത്തിയത്. മല്‍സരിച്ച ആറ് റൗണ്ടുകളിലും എതിരാളികളെ മലര്‍ത്തിയടിച്ചാണ് ഫഖ്‌റുദ്ധീന്‍ ഈ നേട്ടം സ്വന്തമാക്കിയത്. 85 കിലോക്ക് മുകളിലെ കാറ്റഗറിയിലായിരുന്നു മല്‍സരം. യുഎഇ എമിറേറ്റ്‌സ് ബോഡി ബില്‍ഡേഴ്‌സ് ഫെഡറേഷനാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യുഎഇ ചാംപ്യന്‍ഷിപ്പില്‍ ഫഖ്‌റുദ്ദീന്‍ തന്നെയാണ് വിജയകിരീടം നേടിയത്. ട്രോഫിയും നാലായിരം ദിര്‍ഹം ക്യാഷ് അവാര്‍ഡുമാണ് വിജയത്തിലൂടെ ഈ യുവാവ് സ്വന്തമാക്കിയത്. ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പഞ്ചഗുസ്തിയിലൂടെ കഴിഞ്ഞ നാല് വര്‍ഷമായി ‘മിസ്റ്റര്‍ ഇന്ത്യന്‍’ ആയി തിരഞ്ഞെടുക്കപ്പെടുന്നതും ഈ യുവാവ് തന്നെ. ഇതിനു പുറമെ ദുബയില്‍ കെഎംസിസി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മല്‍സരത്തില്‍ കഴിഞ്ഞ 7 വര്‍ഷമായി തുടര്‍ച്ചയായ ചാംപ്യന്‍ പദവിയും ഫഖ്‌റുദ്ദീന് തന്നെയാണ് . കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഫഖ്‌റുദ്ദീന്‍ ദുബയിലും ഷാര്‍ജയിലും ഫിറ്റ്‌നസ് സെന്ററുകള്‍ സ്വന്തമായി നടത്തുകയാണ്. പൊന്നാനി എംഇഎസ് കോളജില്‍ നിന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ഫഖ്‌റുദ്ദീന്‍ യൂനിവേഴ്‌സിറ്റിതല മല്‍സരങ്ങളിലും 4 തവണ മിസ്റ്റര്‍ ഇന്ത്യന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനുപുറമെ ഗുസ്തി മല്‍സരത്തിലും മൂന്ന് തവണ സര്‍വകലാശാലാതലത്തില്‍ ചാംപ്യനായിട്ടുണ്ട്. പഞ്ചഗുസ്തിയും ജിമ്മും ജീവനായി കൊണ്ടുനടക്കുന്ന ഈ യുവാവിന് പ്രോല്‍സാഹനമായത് സഹോദരനും  പഞ്ചായത്ത് മെംബറുമായ അബ്ദുല്‍ മജിദാണ്. സഹോദരന്‍ മജീദ് തന്നെയാണ് പഞ്ചഗുസ്തിയില്‍ ഗുരുനാഥനും. തുടക്കക്കാലത്ത് പലരും പഞ്ചഗുസ്തിയെ പരിഹാസത്തോടെ കണ്ടപ്പോഴും ഒരിക്കലെങ്കിലും താന്‍  അംഗീകരിക്കപ്പെടുമെന്ന പ്രതിക്ഷയിലായിരുന്നു ഈ താരം. ഇപ്പോള്‍ പഞ്ചഗുസ്തിയില്‍ ലോകത്തിന്റെ നെറുകെയില്‍ ഇന്ത്യയുടെ അഭിമാനമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഫഖ്‌റുദ്ദീന്റെ വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും. ഭാര്യ: ഫാരിദ. മക്കള്‍: ഫര്‍ദിന്‍, അഹമദ് നൈഫു. നെല്ലിശ്ശേരി കവുങ്കില്‍ മുഹമ്മദ് – നബീസ ദമ്പതികളുടെ മകനാണ് ഫഖ്‌റുദ്ദീന്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss