|    Sep 19 Wed, 2018 11:04 pm
FLASH NEWS

പച്ചപ്പ് തിരിച്ചുപിടിക്കാനുള്ള ആഹ്വാനവുമായി ഹരിതഎക്‌സ്പ്രസ് പര്യടനം തുടങ്ങി

Published : 16th January 2017 | Posted By: fsq

 

കണ്ണൂര്‍: നാടിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന പച്ചപ്പ് തിരിച്ചുപിടിക്കാനുള്ള സന്ദേശവുമായി ഇന്‍ഫര്‍മേഷന്‍ ആന്റ്പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഹരിത എക്‌സ്പ്രസ് ജില്ലയില്‍ പര്യടനം തുടങ്ങി. പോലിസ് മൈതാനിയിലെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദിക്കു സമീപം ആവേശകരമായ വരവേല്‍വാണ് കലാജാഥയ്ക്ക് ലഭിച്ചത്. നല്ലവെള്ളം വേണം, നല്ല വായു വേണം, നല്ല നെല്ലു കതിരിടും നല്ല വയലു വേണമെന്ന് തുടങ്ങുന്ന നാടന്‍ പാട്ട് ജയചന്ദ്രന്‍ കടമ്പനാടിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ആലപിച്ചപ്പോള്‍ കാര്‍ഷിക സംസ്‌കൃതിയിലേക്കുള്ള തിരിച്ചുപോക്കിന്റെ ഉണര്‍ത്തുപാട്ടായി മാറി. ഹരിത എക്‌സ്പ്രസിന് നല്‍കിയ വരവേല്‍പ്പിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. മണ്ണും വെള്ളവും അന്തരീക്ഷവും മലിനമായിക്കഴിഞ്ഞ വര്‍ത്തമാനകാലത്ത് ഏറ്റവും പ്രധാനപ്പെട്ട ദൗത്യമെന്ന നിലയിലാണ് സര്‍ക്കാര്‍ ഹരിതകേരളം മിഷന്‍ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മലിനമായ പരിസരവും ജലസ്രോതസ്സുകളും വൃത്തിയാക്കുന്നതോടൊപ്പം മണ്ണിനോടുണ്ടായിരുന്ന മനുഷ്യന്റെ അടുപ്പം തിരിച്ചുപിടിക്കുന്നതിനുള്ള യജ്ഞം കൂടിയാണ് ഈ മിഷനിലൂടെ ലക്ഷ്യമിടുന്നത്. ഈ ദൗത്യം വിജയിപ്പിക്കുന്നതിന് ജനകീയ പങ്കാളിത്തം അനിവാര്യമാണ്. അതിനാല്‍ കൂടുതല്‍ ജനമനസ്സുകളിലേക്ക് ഹരിത സന്ദേശമെത്തിക്കാനുള്ള ഉദ്യമം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ച് സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാന കലോല്‍സവ വേളയില്‍ തന്നെ ഹരിത എക്‌സ്പ്രസിനെ വരവേല്‍ക്കാനായതില്‍ സന്തോഷമുണ്ടെന്ന് അധ്യക്ഷത വഹിച്ച മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഡിപിഐ കെ വി മോഹന്‍ കുമാര്‍, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ശോഭ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആര്‍ അജിത, ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂല്‍ സംബന്ധിച്ചു. ഹരിത എക്‌സ്പ്രസിന് പിലാത്തറ ബസ്സ്റ്റാന്റ് പരിസരത്തും സ്വീകരണം നല്‍കി. ഇന്നു രാവിലെ 11ന് പട്ടുവം, 12ന് ഗവ. എന്‍ജിനീയറിങ് കോളജ്, വൈകീട്ട് നാലിന് മട്ടന്നൂര്‍ ബസ്സ്റ്റാന്റ്, അഞ്ചിന് ഇരിട്ടി പഴയ ബസ്സ്റ്റാന്റ്, ഏഴിന് കണ്ണൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss