|    Oct 23 Tue, 2018 1:54 pm
FLASH NEWS

പച്ചപ്പിന് ഒരു കൈയൊപ്പ്: പത്തനംതിട്ട മാര്‍ത്തോമ ഹൈസ്‌കൂള്‍ ഒന്നാംസ്ഥാനത്ത്

Published : 21st September 2017 | Posted By: fsq

 

പത്തനംതിട്ട: വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണ ശീലം വളര്‍ത്തിയെടുക്കാനും അവ വില്‍പ്പന നടത്തി സമ്പാദ്യമാക്കി മാറ്റാനുള്ള സാധ്യതകള്‍ പരിചയപ്പെടുത്താനും ഉദ്ദേശിച്ച് പ്രസ് ക്ലബ്ബ നടപ്പാക്കിയ ‘പച്ചപ്പിന് ഒരു കൈയ്യൊപ്പ്’ പരിപാടിയില്‍ പത്തനംതിട്ട മാര്‍ത്തോമ ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനത്തെത്തി.  10,000 രൂപയാണ് ഒന്നാം സമ്മാനം.  വിദ്യാര്‍ഥികളുടെ വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് കിറ്റുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സ്‌കൂളിലെത്തിച്ച് അവ ശാസ്ത്രീയമായി വേര്‍തിരിച്ച് വില്‍പനയ്‌ക്കൊരുക്കിയാണ് ഇവര്‍ ഒന്നാംസ്ഥാനം നേടിയത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ വിപണന സാധ്യതയും സംബന്ധിച്ച സന്ദേശം ഒട്ടേറെ വീടുകളില്‍ എത്തിക്കാന്‍ ഈ കുട്ടികളുടെ ശ്രമം കൊണ്ടു കഴിഞ്ഞതായി പ്രസ് ക്ലബ്ബ് നിയോഗിച്ച ജൂറി അംഗങ്ങളായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വര്‍ഗീസ് സി തോമസ്, ക്രിസ് ഗ്ലോബല്‍ കണ്‍സള്‍ട്ടന്റ്‌സ് സിഇഒ              എം ക്രിസ്റ്റഫര്‍ എന്നിവര്‍ വിലയിരുത്തി. വിദ്യാര്‍ഥികള്‍ വിവിധയിനം പ്ലാസ്റ്റിക്കുകളുടെ ശാസ്ത്രീയവശങ്ങള്‍ മനസ്സിലാക്കിയാണ് വേര്‍തിരിച്ചത്. ഇങ്ങനെ വേര്‍തിരിച്ച് വില്‍ക്കുമ്പോള്‍ വില കൂടുതല്‍ കിട്ടുമെന്ന് വിദ്യാര്‍ഥികള്‍ മനസ്സിലാക്കി. സ്‌കൂള്‍ കാംപസ് ഹരിതാഭമായി നിലനിര്‍ത്താനും വിദ്യാര്‍ഥികളുടെ ശ്രമങ്ങള്‍ക്കായി. ജില്ലാ ആസ്ഥാനത്തെ നഗരസഭയ്ക്കും സമീപത്തെ ഏഴു പഞ്ചായത്തുകള്‍ക്കും മാത്രമായിട്ടാണ് മല്‍സരം പ്രഖ്യാപിച്ചിരുന്നത്. സ്‌കൂളുകള്‍ ശേഖരിച്ച മാലിന്യങ്ങള്‍ ക്രിസ് ഗ്ലോബല്‍ കണ്‍സള്‍ട്ടന്റ്‌സ് സ്‌കൂളുകളില്‍ നിന്ന് നീക്കം ചെയ്തു.  വേര്‍തിരിച്ച് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇനിയും സ്‌കൂളുകളിലെത്തി ശേഖരിക്കുമെന്നും ക്രിസ് ഗ്ലോബല്‍ കണ്‍സള്‍ട്ടന്റ്‌സ് സ്‌കൂളുകളെ അറിയിച്ചിട്ടുണ്ട്. പച്ചപ്പിന് ഒരു കൈയ്യൊപ്പ്’ പരിപാടിയുടെ സമ്മാനദാനം നാളെ രാവിലെ 11ന് മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സംവിധായകന്‍ ഡോ. ബിജു സമ്മാനദാനം നിര്‍വഹിക്കും. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ഏബ്രഹാം തടിയൂര്‍, പച്ചപ്പിന് ഒരു കൈയ്യൊപ്പ് കോ-ഓഡിനേറ്റര്‍ അരുണ്‍ എഴുത്തച്ചന്‍ സംസാരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss