|    Dec 16 Sun, 2018 9:33 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

പച്ചനിറമുള്ള മാരക്കാനാ… മാനുവലിനെ ഓര്‍ക്കൂ…

Published : 10th August 2016 | Posted By: SMR

പി എ എം ഹനീഫ്

2009 ജൂണില്‍ നാടകസംവിധായകന്‍ സുഹൃത്ത് നന്ദന്റെ ക്ഷണപ്രകാരം ഞങ്ങള്‍ മൈസൂര്‍ പാലസിനടുത്ത് വഴിയരികിലെ രുചികരമായ മൈസൂര്‍ മധുരങ്ങളും കരിമ്പ് ജ്യൂസുമായി നില്‍ക്കവെ ഒരാള്‍. അയാളുടെ നോട്ടം എന്നിലാണ്. യാചകനല്ല. പക്ഷേ, അവശമാണാ മുഖം. ശരീരഭാഷ തികഞ്ഞ നിസ്സഹായന്റേതും. നന്ദനെ വിട്ട് ഞാന്‍ അയാള്‍ക്കരികിലേക്കു നീങ്ങി. ആ ദിവസവും തുടര്‍ന്നുള്ള കാര്യങ്ങളും ഞാനധികം വിസ്തരിക്കുന്നില്ല.
ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഒരു പാവം മലയാളിയായിരുന്നു അയാള്‍. മാനുവല്‍ ഫ്രെഡറിക്‌സ്. കണ്ണൂര്‍ സ്വദേശി. ഞാന്‍ കാണുമ്പോള്‍ ബംഗളൂരുവില്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്നു. ആ ടൈഗര്‍ ഗോളിക്ക് അന്നു ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്.
ബോക്‌സിങ് ഇതിഹാസം മുഹമ്മദലി ഒളിംപിക്് സ്വര്‍ണമെഡല്‍ ഒഹായോ നദിയിലേക്കു വലിച്ചെറിഞ്ഞു. കാരണം, അമേരിക്കന്‍ വംശവെറികളില്‍ പ്രതിഷേധിച്ച്. ഫെഡ്ഡി എന്നു വിളിപ്പേരുള്ള മാനുവല്‍ ഫ്രെഡറിക്‌സ് അയാളുടെ ഒളിംപിക് മെഡല്‍ ഒരിടത്തും വലിച്ചെറിഞ്ഞില്ല. അതു പ്രദര്‍ശിപ്പിച്ച് അന്നം തേടി. ചിലപ്പോള്‍ ആ ചരിത്രങ്ങള്‍ പറഞ്ഞ് കാശും മദ്യവും നേടി.
എന്റെ മുമ്പില്‍ നിന്നു ഗദ്ഗദം സഹിക്കാനാവാതെ ഫ്രെഡറിക് വിതുമ്പി പറഞ്ഞു: ””നാട്ടില്‍ എവിടെയെങ്കിലും ഒരു സ്ഥിരവരുമാനം. ചെറിയ ജോലി…””
ഹോക്കി സ്റ്റിക്കുമായി കളിക്കളത്തില്‍ അലറിവിളിച്ച കളിക്കാരനാണിത്. 1972ലെ മ്യൂണിക് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീമിന് വെങ്കലം നേടിക്കൊടുത്ത ഫെഡ്ഡി. കണ്ണൂരിലെ കോട്ടമൈതാനം ഇന്നും ഒരുപക്ഷേ, ഫെഡ്ഡിയെയും ചേട്ടന്‍മാരായ പാട്രിക്കിനെയും സ്റ്റീഫനെയുമൊക്കെ ഓര്‍ക്കുന്നുണ്ടാവാം.
തലചായ്ക്കാന്‍ ഇടമില്ലാതെ ബംഗളൂരുവിലും കണ്ണൂര്‍ ബര്‍ണശ്ശേരിയിലുമായി അലയുന്ന ഫെഡ്ഡിക്ക് പുതിയ കായികമന്ത്രി വീട് നല്‍കും എന്ന് പറഞ്ഞതായി പത്രങ്ങളില്‍ കണ്ടു! നല്ലത്.
1969ല്‍ ബംഗളൂരുവിലേക്ക് ഹോക്കിസ്റ്റിക്കുമായി കുടിയേറിയ മാനുവല്‍, ആര്‍മിയുടെ സപ്ലൈ കോര്‍ ടീമില്‍ അംഗമായി. പ്രശസ്ത ഹോക്കിതാരം ശങ്കര്‍ ലക്ഷ്മണ്‍ കളി മതിയാക്കുന്ന നാളുകളിലാണ് മാനുവല്‍ അങ്കംതുടങ്ങിയത്. അന്നത്തെ വടക്കന്‍ റെയില്‍വേ ടീമില്‍ ഏഴ് ഒളിംപ്യന്‍മാരുണ്ടായിരുന്നു. ആര്‍മി സപ്ലൈ കോര്‍, റെയില്‍വേ ടീമിനെ തുരത്തിയപ്പോള്‍ മാനുവല്‍ എന്ന മലയാളി ഹോക്കിതാരം ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെ കുശുമ്പുള്ള വടക്കന്‍ കണ്ണില്‍പ്പെട്ടു. ഇന്ത്യന്‍ ടീമില്‍ ഇടംകിട്ടാന്‍ മറ്റു പലതും ഫെഡറേഷന്‍ മേലാളന്‍മാര്‍ക്ക് കാഴ്ചവയ്ക്കണം. മാനുവലിന്റെ ഒഴിഞ്ഞ കുപ്പായക്കീശയില്‍ ഒന്നുമുണ്ടായിരുന്നില്ല. പെനല്‍റ്റി തടുക്കുന്നതില്‍ അസാമാന്യ കൈയടക്കവും കണ്ണും ഉണ്ടായിരുന്നു മാനുവലിന്. ഹോക്കിബോള്‍ പുരികത്തിലടിച്ച് ചോരയൊലിക്കുന്ന മുഖവുമായി ഈ താരം നെറ്റിനു കീഴെ ഒരു പട്ടാളക്കാരനെപ്പോലെ തുടകള്‍ വിറപ്പിച്ച് നിന്നു. ആര്‍മി സപ്ലൈ കോറിന്റെ ബംഗളൂരു, ജലന്ധര്‍ ടീമുകള്‍ക്കായി നീണ്ട 12 വര്‍ഷം മാനുവല്‍ കളിച്ചു. നിരവധി മേജര്‍ ഹോക്കി ടൂര്‍ണമെന്റുകളില്‍ ആര്‍മി ടീം കപ്പ് ഉയര്‍ത്തി. ഒക്കെയും മാനുവലിന്റെ ഗോള്‍കീപ്പിങ് ചാതുര്യങ്ങളില്‍. ഇതിനിടെ ആര്‍മി ടീമിനുള്ളില്‍ ചില ചരടുവലികള്‍. മാനുവല്‍ മോഹന്‍ബഗാനിലേക്ക് കളം മാറി ചവിട്ടി. മോഹന്‍ബഗാന്‍ 70-71ല്‍ ഹോക്കിയില്‍ സജീവ ശ്രദ്ധപുലര്‍ത്തിയ നാളുകള്‍.
1972. മ്യൂണിക് ഒളിംപിക്‌സ്. ഹര്‍മിക്‌സിങ് ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍. അജിത്പാല്‍, ഗോവിന്ദ, എം പി ഗണേഷ്, ഹര്‍ചരണ്‍സിങ്, അശോക്കുമാര്‍, കൊര്‍ണീലിയസ് എന്നിവരടങ്ങുന്ന അതിശക്തന്‍മാരുടെ ടീം. മ്യൂണിക്കില്‍ ഈ ടീം ആസ്‌ത്രേലിയയെ അഞ്ചു ഗോളിനാണ് തകര്‍ത്തത്. സെമിഫൈനല്‍. എതിരാളി സാക്ഷാല്‍ പാകിസ്താന്‍. എതിരാളികളില്ലാത്ത നെടുങ്കന്‍ കളിക്കാരുടെ കരുത്തുറ്റ ടീം. ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ മകന്‍ ഗോള്‍ ഏരിയയില്‍ ഈറ്റപ്പുലി കണക്കെ. ഗോള്‍മുഖത്ത്…ഗോള്‍… പുല്‍ക്കൊടികളടക്കം സ്റ്റേഡിയം ആര്‍ത്തിരമ്പിയ നേരം. പക്ഷേ, അശോക്കുമാര്‍ പന്തടിക്കും മുമ്പേ സ്റ്റിക്ക് കൈയില്‍നിന്നു വഴുതി. ഇന്ത്യ തോറ്റു. അവിടുന്ന് മാനുവലിന്റെ ശനിദശ ആരംഭിച്ചു. 1973ല്‍ ആംസ്റ്റര്‍ഡാം ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ചത് ഗോളി മാനുവല്‍. ഒളിംപിക്‌സില്‍ വെങ്കലവും ലോക ഹോക്കിയില്‍ ഇന്ത്യക്ക് വെള്ളിയും നേടിക്കൊടുത്ത മാനുവല്‍ ഫ്രെഡറിക്‌സ്.
എന്റെ പഴയ ഡയറി ശേഖര—ത്തിലെ വിവരങ്ങളുമായി മാനുവലിന്റെ ആത്മകഥ എഴുതാനാണു ഞാന്‍ കണ്ണൂരില്‍ ഈ ഒളിംപിക്‌സ് ദിവസങ്ങളില്‍ അലഞ്ഞത്. പക്ഷേ, മാനുവലിനെ കിട്ടിയില്ല. എന്റെ സമയക്കുറവായിരുന്നു കാരണം.
പ്രിയപ്പെട്ട മാനുവല്‍ നിങ്ങളെവിടെയുണ്ട്? ബംഗളൂരു സുഹൃത്ത് നന്ദനെ ഞാന്‍ വിളിച്ചു. അവന് അദ്ഭുതം. ”നീ അയാളെ മറന്നില്ലേ. വിട്ടേക്കൂ. മഹാകുടിയനായിരുന്നു അയാള്‍.””
റിയോ ഡി ജനയ്‌റോയില്‍ ഇക്കുറി എന്റെ രാജ്യം ഹോക്കിയില്‍ മെഡല്‍ നേടാതിരുന്നാലും എന്തെങ്കിലും നേടുമ്പോഴും ഞാന്‍ ഉറക്കെ വിളിക്കും- ”പ്രിയപ്പെട്ട മാനുവല്‍, നിങ്ങളെവിടെയാണ്…?””

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss