|    Sep 24 Sun, 2017 9:24 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

പച്ചത്തേങ്ങ സംഭരണം താളംതെറ്റുന്നു; കേരകര്‍ഷകര്‍ ദുരിതത്തില്‍

Published : 8th August 2016 | Posted By: SMR

കാഞ്ഞങ്ങാട്: ബജറ്റില്‍ പച്ചത്തേങ്ങയ്ക്ക് ഒരുകിലോഗ്രാമിന് 26 രൂപ സംഭരണവിലയായി നിശ്ചയിച്ചെങ്കിലും കര്‍ഷകര്‍ക്കു ലഭിക്കുന്നത് 16 രൂപ മാത്രം. കേരഫെഡോ സഹകരണ ബാങ്കുകളോ പച്ചത്തേങ്ങ സംഭരണത്തിന് താല്‍പര്യം കാണിക്കാത്തതിനാല്‍ കിട്ടിയ വിലയ്ക്ക് തേങ്ങ വില്‍ക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ നാളികേരത്തിന്റെ വില ഏറ്റവും കുറഞ്ഞ് 15 രൂപയിലെത്തിയത് ഈ വര്‍ഷമാണ്.
കൃഷിഭവന്‍ മുഖേന സംഭരിച്ച നാളികേരത്തിന്റെ വില മൂന്നുമാസമായിട്ടും കര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ല. കൃഷിഭവന്‍ വഴി നടന്നുവരുന്ന പച്ചത്തേങ്ങ സംഭരണമാണ് താളംതെറ്റിയിരിക്കുന്നത്. പൊതുവിപണിയില്‍ തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞുനില്‍ക്കുന്നതിനാല്‍ പച്ചത്തേങ്ങ സംഭരണം കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ തേങ്ങ നല്‍കിയവര്‍ക്കുപോലും ഇതുവരെ പണം ലഭിച്ചിട്ടില്ല.തേങ്ങ പറിച്ച് മാസങ്ങളോളം കാത്തിരുന്നശേഷമാണ് പലര്‍ക്കും കൃഷിഭവനില്‍ തേങ്ങ നല്‍കാന്‍ കഴിഞ്ഞത്.
ഫലത്തില്‍ കഴിഞ്ഞ ജനുവരിയില്‍ തേങ്ങ വിളവെടുത്തവര്‍ക്കും ഇതുവരെ പണം കിട്ടിയിട്ടില്ല. കാര്‍ഷികവിളകള്‍ക്ക് വളപ്രയോഗം നടത്തേണ്ട സമയമായിട്ടും പണം കിട്ടാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. നാളികേരത്തിന്റെ വിലയിടിവിനെ തുടര്‍ന്ന് കാര്‍ഷികമേഖലയില്‍ ജോലിയെടുപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ദുരിതത്തിലാണ്. മാസങ്ങള്‍ കാത്തിരുന്നാലാണ് കൃഷിഭവനില്‍ തേങ്ങ നല്‍കാന്‍ കഴിയുന്നത്.
ആഴ്ചയില്‍ രണ്ടുദിവസമാണ് കൃഷിഭവനുകളില്‍ തേങ്ങയെടുക്കുന്നത്. ആറു മുതല്‍ എട്ടു ടണ്‍ വരെ മാത്രമാണ് ഒരു കൃഷിഭവനില്‍നിന്ന് ഒരാഴ്ച സംഭരിക്കുന്നത്. കൂടുതല്‍ വാങ്ങാന്‍ അനുവാദമില്ല. മാസം 50 ടണ്ണില്‍ താഴെയാണ് പരമാവധി സംഭരിക്കുന്നത്. ആഴ്ചയില്‍ നാലുമുതല്‍ അഞ്ചുവരെ കര്‍ഷകര്‍ക്കാണ് തേങ്ങ നല്‍കാന്‍ കഴിയുന്നത്.കര്‍ഷകരുടെ തിരക്കും ആക്ഷേപങ്ങളും ഒഴിവാക്കാന്‍ പല കൃഷിഭവനുകളും ടോക്കണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും അപേക്ഷ വാങ്ങി ടോക്കണ്‍ നല്‍കുകയാണു ചെയ്യുന്നത്.
മെയ്, ജൂണ്‍ മാസങ്ങളില്‍ അപേക്ഷ നല്‍കിയവര്‍ക്കുപോലും ഇതുവരെ തേങ്ങ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പല കൃഷിഭവനുകളിലും സംഭരിച്ച തേങ്ങ കൂട്ടിയിട്ടിരിക്കുകയാണ്. കൃഷിയിടങ്ങളില്‍ പറിച്ചുകൂട്ടിയ തേങ്ങ മഴനനഞ്ഞ് മുളച്ച് നശിക്കുകയാണ്. മുളയുള്ള തേങ്ങ കൃഷിഭവനുകളില്‍ സ്വീകരിക്കാറുമില്ല. കാത്തിരുന്ന് മടുത്ത കര്‍ഷകര്‍ പൊതുവിപണിയില്‍ തേങ്ങ വില്‍ക്കുകയാണ്.
കൃഷിഭവനില്‍ ഇപ്പോള്‍ കിലോയ്ക്ക് 26 രൂപ നിരക്കിലാണ് തേങ്ങ സംഭരിക്കുന്നത്. പൊതു വിപണിയില്‍ 16 രൂപ മാത്രമാണ് വില. ഉല്‍പാദനച്ചെലവ് കഴിച്ചാല്‍ കര്‍ഷകര്‍ക്ക് ഒന്നും മിച്ചമില്ലാത്ത സ്ഥിതിയാണ്. പൊതുവിപണിയില്‍ വില്‍ക്കുമ്പോള്‍ കിലോയ്ക്ക് 14 രൂപയാണ് നഷ്ടം വരുന്നത്. 2013ല്‍ നല്ലരീതിയില്‍ സംഭരണം നടന്നപ്പോള്‍ തേങ്ങയുടെ വില ഉയര്‍ന്നിരുന്നു.
സംഭരണത്തിന് നിശ്ചയിച്ച പരിധി എടുത്തുകളഞ്ഞ് കര്‍ഷകരുടെ മുഴുവന്‍ തേങ്ങയും സംഭരിച്ചില്ലെങ്കില്‍ കര്‍ഷകര്‍ തെങ്ങിനെ പൂര്‍ണമായും കൈവിടും. സഹകരണസംഘങ്ങള്‍ മുഖേന ജില്ലാതലത്തില്‍ പച്ചത്തേങ്ങ സംഭരണം നടത്തിയാലേ കര്‍ഷകര്‍ക്ക് സംഭരണംകൊണ്ട് ഗുണമുണ്ടാവുകയുള്ളു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക