|    Jan 18 Wed, 2017 11:47 pm
FLASH NEWS

പച്ചക്കറി സംഭരണം: കൃഷിമന്ത്രിയും ഹോര്‍ട്ടികോര്‍പ് മുന്‍ എംഡിയും പരസ്യപ്പോരില്‍

Published : 17th July 2016 | Posted By: SMR

തിരുവനന്തപുരം: പച്ചക്കറി സംഭരണവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രി വി എസ് സുനില്‍കുമാറും ഹോര്‍ട്ടികോര്‍പ് മുന്‍ എംഡി ഡോ. എം സുരേഷ്‌കുമാറും തമ്മിലുണ്ടായ ഭിന്നത പരസ്യപ്പോരിലേക്ക്. തമിഴ്‌നാട്ടില്‍ നിന്നു നിലവാരമില്ലാത്ത പച്ചക്കറി സംഭരിക്കുന്നതായി കണ്ടെത്തിയതിനെ ത്തുടര്‍ന്ന് ഹോര്‍ട്ടികോര്‍പ് എംഡി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട എം സുരേഷ്‌കുമാര്‍ വിശദീകരണവുമായെത്തി.
തന്നെ പുറത്താക്കിയ നടപടി തെറ്റെന്നു സ്ഥാപിക്കാന്‍ സുരേഷ്‌കുമാര്‍ പത്രപ്പരസ്യം നല്‍കുകയായിരുന്നു. ഹോര്‍ട്ടികോര്‍പ് ഇതരസംസ്ഥാനങ്ങളില്‍ നിന്നു മാത്രമാണ് പച്ചക്കറികള്‍ സംഭരിക്കുന്നതെന്ന വാര്‍ത്തകളുടെ വിശദീകരണം സമൂഹത്തെ അറിയിക്കാനാണു തന്റെ ഈ കുറിപ്പെന്നാണു വാദം.
കഴിഞ്ഞ ഏഴിന് ഹോര്‍ട്ടികോര്‍പിന്റെ തിരുവനന്തപുരം ജില്ലാ സംഭരണകേന്ദ്രം കൃഷിമന്ത്രി സന്ദര്‍ശിച്ചിരുന്നു. തമിഴ്‌നാട് പച്ചക്കറികളാണ് അവിടെ ഉണ്ടായിരുന്നതെന്ന മന്ത്രിയുടെ പ്രസ്താവന യാഥാര്‍ഥ്യമാണെന്നു സമ്മതിക്കുന്ന സുരേഷ്‌കുമാര്‍ പക്ഷേ, വസ്തുതകള്‍ മനസ്സിലാക്കാതെയാണ് മന്ത്രി തുടര്‍നടപടി സ്വീകരിച്ചതെന്നു കുറ്റപ്പെടുത്തുന്നു. ആറിന് റമദാന്‍ അവധിയായതിനാല്‍ തിരുവനന്തപുരത്തെയും നെടുമങ്ങാട്ടെയും അന്താരാഷ്ട്ര മാര്‍ക്കറ്റുകളും കര്‍ഷക കൂട്ടായ്മകളും അവധിയിലായിരുന്നു. അതിനാല്‍ അന്നു സംഭരിക്കാനായില്ല. ഹോര്‍ട്ടികോര്‍പിന്റെ വില്‍പനശാലകളില്‍ ഏഴിന് പച്ചക്കറി വിതരണം മുടങ്ങാതിരിക്കാനുള്ള ബദല്‍ സംവിധാനമെന്ന നിലയിലാണ് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നതെന്നും സുരേഷ്‌കുമാര്‍ പറയുന്നു.
നടപടിക്കു വിധേയനായ എംഡി പരസ്യവുമായി വന്നതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. വിശദീകരണം നല്‍കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍, ഹോര്‍ട്ടികോര്‍പിന്റെ പേര് ദുരുപയോഗപ്പെടുത്തിയതു ന്യായീകരിക്കാനാവില്ല. ക്രമക്കേടുകള്‍ അന്വേഷിച്ചുവരികയാണ്. പുതിയ എംഡി ഉടന്‍ ചുമതലയേല്‍ക്കുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ, ഫയലുകള്‍ മോഷണം പോയെന്ന പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക